പഹല്‍ഗാം ഭീകരാക്രമണത്തിന് തക്ക മറുപടിയെന്ന് കേന്ദ്രം.
- Posted on May 05, 2025
- News
- By Goutham prakash
- 178 Views
പഹല്‍ഗാം ഭീകരാക്രമണത്തിന് തക്ക മറുപടി നല്‍കിയിരിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. അതിര്‍ത്തി സംരക്ഷണം പ്രതിരോധ മന്ത്രിയായ തന്റെ ഉത്തരവാദിത്തമാണെന്നും മറുപടി നല്‍കേണ്ടതും തന്റെ ഉത്തരവാദിത്തമാണെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് പൂര്‍ണ്ണ പിന്തുണയെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷ സാഹചര്യങ്ങള്‍ നിലനില്‍ക്കെ അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ക് ഡ്രില്‍ നടത്തി കരസേന. പഞ്ചാബിലെ ഫിറോസ് പൂരിലാണ് ലൈറ്റുകള്‍ എല്ലാം അണച്ച് ബ്ലാക്ക് ഔട്ട് ഡ്രില്‍ നടത്തിയത്. രാത്രി അരമണിക്കൂറോളം ലൈറ്റുകള്‍ അണയ്ക്കുകയും അടിയന്തര സാഹചര്യം വന്നാല്‍ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ പരീക്ഷിക്കുകയും ചെയ്തു.
ഇന്ത്യക്കെതിരെ ആണവ ആക്രമണത്തിനും മടിക്കില്ലെന്ന് റഷ്യയിലെ പാകിസ്ഥാന്‍ അംബാസഡര്‍ മുഹമ്മദ് ഖാലിദ് ജമാലി. സിന്ധു നദീജലം തടഞ്ഞുനിര്‍ത്തിയാല്‍ ഇന്ത്യക്കെതിരെ സൈനിക ആക്രമണം നടത്തുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് ഇന്ത്യ കുറച്ചു. ചിനാബ് നദിയിലെ ബഗ്ലിഹാര്‍ ഡാമിലെ ഷട്ടര്‍ താഴ്ത്തിയതോടെയാണ് പാകിസ്ഥാനിലേക്കുള്ള ജലനിരപ്പ് കുറഞ്ഞത്. ഝലം നദിയിലെ കിഷന്‍ഗംഗ ഡാമിലും സമാന നടപടി സ്വീകരിക്കും. ഹ്രസ്വ കാലത്തേക്കാണ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
