ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ഇന്ത്യ പാകിസ്താനിലേക്കില്ല: നിര്‍ണായക തീരുമാനവുമായി ബിസിസിഐ
- Posted on July 11, 2024
- Sports
- By Arpana S Prasad
- 132 Views
ഇന്ത്യയുടെ മത്സരങ്ങള്‍ ലാഹോറില്‍ നടത്താമെന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ നിർദ്ദേശം ബിസിസിഐ തള്ളി
ന്യൂഡൽഹി: ഐസിസി ചാംപ്യന്‍സ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയക്കില്ലെന്ന് ബിസിസിഐ. ഇന്ത്യയുടെ മത്സരങ്ങള്‍ ലാഹോറില്‍ നടത്താമെന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ നിർദ്ദേശം ബിസിസിഐ തള്ളി.
ഹൈബ്രിഡ് മോഡലില്‍ ഇന്ത്യയുടെ മത്സരം ദുബായിലോ ശ്രീലങ്കയിലോ നടത്തണമെന്നും ബിസിസിഐ ആവശ്യപ്പെട്ടു. ഇന്ത്യ- പാക് മത്സരത്തിന് ലാഹോർ വേദിയാകുമെന്നാണ് പിസിബി ഐസിസിക്ക് സമർപ്പിച്ച ഷെഡ്യൂളില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങള്‍ പാകിസ്താനില്‍ നടത്തുന്നതിന് ബിസിസിഐയുടെ അനുമതി ആവശ്യമാണെന്നും പിസിബി ഐസിസിക്ക് സമർപ്പിച്ച റിപ്പോർട്ടില്‍ പറയുന്നുണ്ട്.
എട്ട് ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ടൂർണമെന്റില്‍ ഇന്ത്യക്കും പാകിസ്താനും പുറമെ അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക ടീമുകളാണ് യോഗ്യത നേടിയിട്ടുള്ളത്. 2025 ഫെബ്രുവരി 19 മുതല്‍ മാർച്ച് 9 വരെ ചാംപ്യന്‍സ് ട്രോഫി നടത്താനാണ് നിലവില്‍ ഐസിസി തീരുമാനം. ലാഹോറിന് പുറമെ കറാച്ചിയും റാവല്‍പിണ്ടിയുമാണ് ടൂർണമെന്റിനുള്ള വേദി.
സ്പോർട്സ് ലേഖിക