വെള്ളറട ഇൻസ്പെക്ടറെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റണം: നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.

  • Posted on April 05, 2023
  • News
  • By Fazna
  • 150 Views

തിരുവനന്തപുരം : വെള്ളറട പോലീസ് ഇൻസ്പെക്ടർ മൃദുൽകുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും അടിയന്തരമായി നീക്കം ചെയ്യണമെന്ന മനുഷ്യാവകാശ കമ്മീഷൻ  അന്വേഷണ വിഭാഗത്തിൻ്റെ ശുപാർശ പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. 2022 ഏപ്രിൽ18 ന് വൈകുന്നേരം വെള്ളറട പുതിച്ചൽ വിളാകം വീട്ടിൽ മഞ്ചേഷിനെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയിലാണ് ഉത്തരവ്.  പരാതിക്കാരനായ മഞ്ചേഷ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.  പരാതിയെ കുറിച്ച് മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ വിഭാഗം അന്വേഷണം നടത്തി.  പരാതിക്കാരനായ മഞ്ചേഷിന് ഇൻസ്പെക്ടർ മൃദുൽകുമാറിൽ നിന്നും മർദ്ദനമേറ്റതായി അന്വേഷണോദ്യോഗസ്ഥൻ കണ്ടെത്തി.  കമ്മീഷനിൽ നിന്നും മുമ്പും നടപടികൾക്ക് വിധേയനായ ഇൻസ്പെക്ടറെ ക്രമസമാധാന ചുമതലയിൽ നിന്നും അടിയന്തരമായി മാറ്റണമെന്നാണ് അന്വേഷണ വിഭാഗത്തിന്റെ ശുപാർശ.  എന്നാൽ വെള്ളറട ബീവറേജസിനടുത്ത് ഒരു വീട്ടിൽ യുവാക്കൾ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് താൻ സ്ഥലത്തെത്തിയതെന്നും സംഭവസ്ഥലത്ത് നിന്ന് അഞ്ചാറ് പേർ ഓടി പോയെന്നും പോലീസ് ആരെയെങ്കിലും പിന്തുടരുകയോ കസ്റ്റഡിയിലെടുക്കുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ലെന്നും  ഇൻസ്പെക്ടർ കമ്മീഷനെ അറിയിച്ചു.   നെയ്യാറ്റിൻകര ഡി. വൈ. എസ്. പി. യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു.  ഇതിൽ പരാതിക്കാരനായ മഞ്ചേഷിനെ മദ്യപാനം നടന്ന വീട്ടിൽ കണ്ടെന്നും ആൾക്കാരെ കൂട്ടി മദ്യപിക്കരുതെന്നും ചീട്ടുകളിക്കരുതെന്നും താൻ താക്കീത് നൽകിയതായി സി. ഐ. മൊഴി നൽകിയതായി പറയുന്നുണ്ട്.  ഇതിനു വിരുദ്ധമായി താൻ പരാതിക്കാരനെ കണ്ടിട്ടേയില്ലെന്നാണ് സി. ഐ. കമ്മീഷന് നൽകിയ മൊഴി.  രണ്ടു മൊഴികളും പരസ്പര വിരുദ്ധമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു.

സ്വന്തം ലേഖകൻ.

Author
Citizen Journalist

Fazna

No description...

You May Also Like