*ഭാവി ആരോഗ്യ കേരളത്തിലേക്കുള്ള വിത്ത് ആണ് ജൈവകൃഷി: പി പ്രസാദ്
- Posted on September 18, 2025
- News
- By Goutham prakash
- 32 Views

*സ്വന്തം ലേഖിക*
തിരുവനന്തപുരം: ഭാവി ആരോഗ്യ കേരളത്തിലേക്കുള്ള വിത്തിടീലാണ് ജൈവകൃഷി എന്ന കൃഷി മന്ത്രി പി പ്രസാദ്. ജൈവകൃഷിയും കർഷകരുടെ വരുമാനവും എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാന കാർഷിക വില നിർണയ ബോർഡ് സംഘടിപ്പിച്ച ദേശീയ പഠനശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 2030 ഓടെ സംസ്ഥാനത്തെ മൊത്തം കൃഷിയിൽ 10 ശതമാനമെങ്കിലും ജൈവ കൃഷിയാക്കി മാറ്റാനാണ് കൃഷിവകുപ്പ് ലക്ഷ്യം വെക്കുന്നത്. ജൈവകൃഷിയും പ്രകൃതി കൃഷിയും പൂർണമായും ശാസ്ത്രീയമാണ് മന്ത്രി കൂട്ടിച്ചേർത്തു.
2010 ൽ ജൈവ കാർഷിക നയം രൂപീകരിചെങ്കിലും നടപ്പിലാക്കുന്നതിൽ വേഗത ഉണ്ടായില്ല. 2023 ജൈവ കാർഷിക മിഷൻ രീതിയിൽ കൊണ്ടുപോകാൻ വേണ്ടി രൂപീകരിച്ചുവെങ്കിലും അതും ഉദ്ദേശിച്ച വേഗതയിൽ നടപ്പിലാക്കാനായില്ല മന്ത്രി അഭിപ്രായപ്പെട്ടു. കർഷകർ ഉത്പാദിപ്പിക്കുന്ന ജൈവ ഉത്പന്നങ്ങൾ കെട്ടിക്കിടക്കാതെ പരമാവധി വിപണി അവർക്ക് ഉറപ്പാക്കുന്നതിന് കൃഷിവകുപ്പ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
സംസ്ഥാന വില നിർണ്ണയ ബോർഡ് സംഘടിപ്പിക്കുന്ന ഈ പഠനശാലയിൽ നിന്നും ജൈവകൃഷിയെ സംബന്ധിച്ച വ്യക്തമായ അഭിപ്രായങ്ങളും പ്രായോഗികമായ അഭിപ്രായങ്ങളും ഒരു പ്ലാനും തയ്യാറാക്കി അത് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. കൃഷിയിടം അടുക്കള ഭക്ഷണം എന്നിവയിലൂടെ മാത്രമേ വിഷരഹിത ഭക്ഷണം നമുക്ക് ഉറപ്പാക്കാൻ സാധിക്കൂ. കാർഷിക ഉത്പന്നങ്ങളിൽ വിഷം ചേർക്കുന്നത് അശാസ്ത്രീയമാണ്, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ സൃഷ്ടിക്കുന്നത് അഭിമാനത്തോടെ കാണേണ്ട കാര്യമല്ല രോഗം വരാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. അതിന് മെച്ചപ്പെട്ട ഭക്ഷണം ഉറപ്പാക്കുന്ന കൃഷിയിൽ നമ്മൾ കർഷകനെ പിന്തുണയ്ക്കണം മന്ത്രി പറഞ്ഞു.
ചടങ്ങിന് അധ്യക്ഷത വഹിച്ച് സംസാരിച്ചത് കാർഷിക ഉല്പാദന കമ്മീഷണറും പ്രിൻസിപ്പൽ സെക്രെട്ടറിയുമായ ഡോ. ബി അശോക് ഐ എ എസ്, ചടങ്ങിന് സംസ്ഥാന കാർഷിക വില നിർണയ ബോർഡ് ചെയർമാൻ ഡോ. പി രാജശേഖരൻ സ്വാഗതം ആശംസിച്ച് സംസാരിച്ചു. ശ്രീ എസ് എം വിജയാനന്ദ് ഐ.എ.എസ്. (മുൻ ചീഫ് സെക്രട്ടറി) മുഖ്യപ്രഭാഷണം നടത്തി, വെള്ളായണി കാർഷിക കോളേജ് മുൻ പ്രൊഫസർ ഡോ . സി . ഭാസ്കരൻ, ജൂലി ഫോർട്ടിൻ (ഗവേഷക, ഹൊഹെൻഹൈം സർവകലാശാല , ജർമ്മനി), ഹെമിസ് നെഗി ഐ എ എസ് (സംസ്ഥാന പ്രൊജക്റ്റ് ഡയറക്ടർ, ഹിമാചൽ പ്രദേശ് ), മാർക്കറ്റിംഗ് വിഭാഗം കൃഷി അഡീഷണൽ ഡയറക്ടർ, സിന്ധു എസ് തുടങ്ങി കാർഷിക കോളേജിലെയും വിവിധ മേഖലകളിലെയു വിദഗ്ദർ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്തു. നാളെയും സെമിനാർ തുടരും.