കെ.സി.എല്ലിൽ തുടർച്ചയായ രണ്ടാം അർധസെഞ്ച്വറി നേടി വിഷ്ണു വിനോദ്
- Posted on August 26, 2025
- News
- By Goutham prakash
- 82 Views

സി.ഡി. സുനീഷ്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) തകർപ്പൻ ഫോം തുടരുന്ന കൊല്ലം സെയിലേഴ്സ് താരം വിഷ്ണു വിനോദ് രണ്ടാം അർധസെഞ്ച്വറി സ്വന്തമാക്കി. തൃശൂർ ടൈറ്റൻസിനെതിരായ മത്സരത്തിൽ വെടിക്കെട്ട് പ്രകടനമാണ് വിഷ്ണു പുറത്തെടുത്തത്. വെറും 38 പന്തിൽ 8 സിക്സുകളും 7 ഫോറുകളും സഹിതം 86 റൺസാണ് താരം അടിച്ചുകൂട്ടിയത്.
മത്സരത്തിന്റെ മൂന്നാം ഓവറിൽ രണ്ട് ഫോറും രണ്ട് സിക്സും നേടി തകർപ്പൻ തുടക്കം കുറിച്ച വിഷ്ണു വിനോദ്, വെറും 22 പന്തിൽ അൻപത് റൺസ് തികച്ച് ആരാധകരെ ആവേശത്തിലാക്കി. തൃശൂർ ടൈറ്റൻസിന്റെ ക്യാപ്റ്റൻ സിജോമോൻ ജോസഫ് എറിഞ്ഞ ഒൻപതാം ഓവറിൽ നാല് സിക്സറുകൾ പറത്തി വിഷ്ണു ബാറ്റിംഗ് വെടിക്കെട്ടിന് തീവ്രത കൂട്ടി.
ഇന്നലെ നടന്ന മത്സരത്തിലും വിഷ്ണു വിനോദ് മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു. 41 പന്തിൽ നിന്ന് 94 റൺസ് നേടിയ താരം സെഞ്ച്വറിക്ക് തൊട്ടരികിലാണ് പുറത്തായത്. തുടർച്ചയായ രണ്ട് മത്സരങ്ങളിലെ ഈ മികച്ച പ്രകടനങ്ങൾ കെ.സി.എല്ലിൽ കൊല്ലം സെയിലേഴ്സിന് വലിയ പ്രതീക്ഷ നൽകുന്നു.
പത്തനംതിട്ട തിരുവല്ല സ്വദേശിയായ വിഷ്ണു വിനോദ് ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനുവേണ്ടി കളിക്കുന്ന ശ്രദ്ധേയനായ താരമാണ്. 2014-15 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെയാണ് അദ്ദേഹം ആഭ്യന്തര ക്രിക്കറ്റ് കരിയർ ആരംഭിച്ചത്. 2017 മുതൽ 2024 വരെ ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) സ്ഥിരം സാന്നിധ്യമായിരുന്നു ഈ വലംകൈയ്യൻ ബാറ്റ്സ്മാൻ.