തലസ്ഥാനത്തെ ആവശേത്തിലാഴ്ത്തി കാഴ്ചപരിമിതരുടെ കാല്‍പ്പന്തുകളിക്ക് ഡിഫറന്റ് ആര്‍ട് സെന്റില്‍ ഉജ്ജ്വല തുടക്കം
ടൂര്‍ണമെന്റ് 16ന് സമാപിക്കും

തിരുവനന്തപുരം: കാല്‍പ്പന്തുകളിക്ക് കാഴ്ചപരിമിതി ഒരു തടസ്സമല്ലെന്ന് തെളിയിച്ച ഉജ്ജ്വല പ്രകടനത്തോടെ ഐ.ബി.എഫ്.എഫ് ബ്ലൈന്‍ഡ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് ഡിഫറന്റ് ആര്‍ട് സെന്ററില്‍ ആവേശകരമായ തുടക്കം. കാണികളില്‍ പലര്‍ക്കും ഇതാദ്യത്തെ അനുഭവമായിരുന്നു. കാഴ്ചപരിമിതര്‍ എങ്ങനെയാണ് കാല്‍പ്പന്തു കളിക്കുക എന്ന ആശങ്കയ്ക്കാണ് ഇതോടെ വിരാമമായത്. കിലുങ്ങുന്ന ഫുട്ബോളിന്റെയും സഹകളിക്കാരുടെ വോയ് എന്ന ശബ്ദത്തെയും പിന്തുടര്‍ന്നാണ് കാഴ്ചയെ മറികടക്കുന്ന അത്ഭുത പ്രകടനം അവര്‍ കാഴ്ചവെച്ചത്. ഓരോ ടീമിലും ഗോള്‍ കീപ്പറടക്കം അഞ്ചുപേരാണുള്ളത്. ബ്ലൈന്‍ഡ് ഫുട്ബോളിനായി ഗ്രൗണ്ട് പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്.
45 മിനിട്ട് നീളുന്ന മത്സരങ്ങളാണ് നടക്കുന്നത്. ടൂര്‍ണമെന്റിന് തുടക്കം കുറിച്ച് വനിതാ വിഭാഗത്തിലെ ആദ്യമത്സരത്തില്‍ കേരളം തെലുങ്കാനയെ നേരിട്ടു. ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ഗോള്‍രഹിത സമനിലയില്‍ മത്സരം അവസാനിച്ചു. തുടര്‍ന്ന് നടന്ന മഹാരാഷ്ട്ര-ഗുജറാത്ത് മത്സരവും കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു
ഇതാദ്യമായാണ് വനിതാവിഭാഗം ബ്ലൈന്‍ഡ് ഫുട്ബോള്‍ നടക്കുന്നത്. ഡിഫറന്റ് ആര്‍ട് സെന്ററും ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഫെഡറേഷനും (ഐ.ബി.എഫ്.എഫ്) സംയുക്തമായാണ് സൗത്ത്-വെസ്റ്റ് സോണല്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. കേരളം, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കാഴ്ചപരിമിതരാണ് ഫുട്‌ബോള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.
ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടന്ന കിക്ക് ഓഫ് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു.ഷറഫ് അലി, സായ് എല്‍.എന്‍.സി.പി പ്രിന്‍സിപ്പല്‍ ആന്‍ഡ് റീജിയണല്‍ ഡയറക്ടര്‍ ഡോ.കിഷോര്‍ ഗോപിനാഥന്‍, ഫുട്‌ബോള്‍ താരം സി.കെ വിനീത് എന്നിവര്‍ കണ്ണുകെട്ടി പെനാല്‍റ്റി അടിച്ച് നിര്‍വഹിച്ചു. കേരളത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ഇത്രയേറെ പരിഗണനയും പരിചരണവും സ്നേഹവും നല്‍കുന്ന ഒരു ഭിന്നശേഷി സൗഹൃദസ്ഥാപനം മറ്റൊന്നില്ലെന്നും അതുകൊണ്ട് തന്നെ ബ്ലൈന്‍ഡ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് അനുയോജ്യമായ വേദിയായി സെന്ററിനെ തിരഞ്ഞെടുത്തതില്‍ ഐ.ബി.എഫ്.എഫ് സംഘാടകര്‍ക്ക് അഭിമാനിക്കാമെന്നും ഫുട്ബോള്‍ താരം സി.കെ വിനീത് അഭിപ്രായപ്പെട്ടു. ഐ.ബി.എഫ്.എഫ് പ്രോജക്ട് ഹെഡ് എം.സി റോയ്, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, കിംസ് സി.ഇ.ഒ രശ്മി ഐഷ, കായ്പോള ചലച്ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരായ സംവിധായകന്‍ കെ.ജി ഷൈജു, നിര്‍മാതാവ് സജിമോന്‍ വി.രാഘവന്‍, അഭിനേതാക്കളായ സജല്‍ സുദര്‍ശന്‍, അഞ്ജുകൃഷ്ണ അശോക് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് കേരള, നാഷണല്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ അക്കാദമി ടീമുകളുടെ പ്രദര്‍ശന മത്സരം അരങ്ങേറി.
ഇന്ന് (വെള്ളി) രാവിലെ 7ന് കേരളം-തമിഴ്നാട്, 8ന് ഗുജറാത്ത്-തെലുങ്കാന, 9ന് കേരളം-മഹാരാഷ്ട്ര, 10ന് തമിഴ്നാട്-ഗുജറാത്ത് 11ന് മഹാരാഷ്ട്ര-തെലുങ്കാന എന്നീ ടീമുകളുടെ മത്സരവും വൈകുന്നേരം 4ന് ഫൈനല്‍ മത്സരവും നടക്കും. 15, 16 തീയതികളില്‍ മെന്‍സ് വിഭാഗം നടക്കും. രണ്ട് വിഭാഗങ്ങളിലുമായി ഫൈനല്‍ ഉള്‍പ്പടെ 19 മാച്ചുകളാണ് നടക്കുന്നത്. ഗ്രൂപ്പ് എയില്‍ കേരളം, തെലുങ്കാന, തമിഴ്‌നാട് എന്നിവയും ഗ്രൂപ്പ് ബിയില്‍ ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവയുമാണ് മാറ്റുരയ്ക്കുക. ഇതാദ്യമായാണ് കാഴ്ചപരിമിതരുടെ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തിരുവനന്തപുരം വേദിയാകുന്നത്.
സ്വന്തം ലേഖകൻ