*വിവരാവകാശ അപേക്ഷകളില്‍ മറുപടി നല്‍കാതിരുന്നാല്‍ പിഴയും നടപടിയും -വിവരാവകാശ കമീഷണര്‍*
- Posted on September 20, 2025
- News
- By Goutham prakash
- 18 Views

*സ്വന്തം ലേഖിക*
വിവരാവകാശ അപേക്ഷകളില്‍ സമയബന്ധിതമായി മറുപടി നല്‍കാതിരിക്കുകയും തെറ്റായ വിവരങ്ങള്‍ നല്‍കുകയും ചെയ്താല്‍ പിഴയും വകുപ്പ്തല നടപടികളും നേരിടേണ്ടി വരുമെന്ന് സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍. കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ സമയബന്ധിതമായി ലഭിക്കുക എന്നത് ഏതൊരു പൗരന്റെയും മൗലികാവകാശമാണ്. എന്നാല്‍, പലപ്പോഴും പറഞ്ഞിരിക്കുന്ന സമയക്രമം തെറ്റിക്കുന്നതായും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതായും കാണുന്നു. തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് വിവരം നിഷേധിക്കുന്നതിന് തുല്യവും വിവരങ്ങള്‍ നല്‍കാന്‍ താമസിക്കുന്നത് കുറ്റകരവുമാണ്. ഇങ്ങനെ ചെയ്യുന്നവര്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും കമീഷണര്‍ വ്യക്തമാക്കി.
വിവരാവകാശവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കും. സ്വമേധയാ വെളിപ്പെടുത്തേണ്ട വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് വിവരാവകാശ നിയമം വകുപ്പ് നാലില്‍ പ്രതിപാദിച്ചിട്ടുണ്ട്. അപ്രകാരം വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ വിവരാവകാശ അപേക്ഷകള്‍ കുറക്കാനാവുമെന്നും കമീഷണര്‍ പറഞ്ഞു.
വ്യക്തമായ വിവരങ്ങള്‍ നല്‍കാതിരുന്ന ഫറോക്ക് നഗരസഭ, കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, നടക്കാവ് പോലീസ് സ്റ്റേഷന്‍, വടകര തിനൂര്‍ വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലെ എസ്പിഐമാരോട് വ്യക്തമായ വിവരങ്ങള്‍ നല്‍കണമെന്ന് കമീഷണര്‍ നിര്‍ദേശിച്ചു. ഹിയറിങ്ങില്‍ പരിഗണിച്ച 15 ഹരജികള്‍ തീര്‍പ്പാക്കി.