ദുൽഖർ സൽമാന്റെ ആഡംബര വാഹനം പോലീസ് കസ്റ്റഡിയിൽ തന്നെ
- Posted on October 08, 2025
- News
- By Goutham prakash
- 14 Views

കസ്റ്റംസ് പിടിച്ചെടുത്ത ദുൽഖർ സൽമാന്റെ ആഡംബര വാഹനം ഉൾപ്പെടെ 6 വാഹനങ്ങൾ കസ്റ്റംസ് കസ്റ്റഡിയിൽ തുടരും; 33 വാഹനങ്ങൾ ഉടമകളുടെ സുരക്ഷിത കസ്റ്റഡിയിലേക്ക് മാറ്റി
ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത 33 ആഡംബര വാഹനങ്ങൾ ഉടമകളുടെ സുരക്ഷിത കസ്റ്റഡിയിലേക്ക് മാറ്റി. എന്നാൽ, ദുൽഖർ സൽമാന്റെ വാഹനം ഉൾപ്പെടെ 6 വാഹനങ്ങൾ ഇപ്പോഴും കസ്റ്റംസിന്റെ കസ്റ്റഡിയിൽ തുടരുകയാണ്.
റെയ്ഡ് ആരംഭിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും 39 വാഹനങ്ങൾ മാത്രമാണ് പിടികൂടാനായത്.ഓപ്പറേഷൻ നുംഖോർ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിക്കുകയാണ്. പരിശോധന തുടങ്ങിയപ്പോൾ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത വാഹനങ്ങൾ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റിയെന്നാണ് കസ്റ്റംസിന്റെ നിഗമനം. അന്വേഷണത്തിനായി തമിഴ്നാട്, കർണാടക പൊലീസിന്റെ സഹായം തേടും.
ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് കേരളത്തിലെത്തിച്ചത് ഏകദേശം 200 വാഹനങ്ങളാണെന്ന് കസ്റ്റംസ് കണക്കാക്കുന്നു. എന്നാൽ, ഇതുവരെ 39 വാഹനങ്ങൾ മാത്രമാണ് കണ്ടെത്തിയത്. പല സ്ഥലങ്ങളിലും കസ്റ്റംസ് സംഘത്തിന് വാഹനങ്ങൾ കണ്ടെത്താനായില്ല. ഇതോടെ അന്വേഷണം ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചു, കർണാടക, തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ.നടൻ ദുൽഖർ സൽമാൻ തന്റെ ലാൻഡ് റോവർ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തിങ്കളാഴ്ച ഹർജി പരിഗണിച്ചെങ്കിലും കസ്റ്റംസ് റിപ്പോർട്ട് സമർപ്പിക്കാത്തതിനാൽ കേസ് ഇന്നത്തേക്ക് മാറ്റി.
2004 മോഡൽ വാഹനം റെഡ് ക്രോസ് ഇറക്കുമതി ചെയ്തതാണെന്നും, 5 വർഷമായി ഉപയോഗിക്കുന്ന ഈ വാഹനം രേഖകൾ പ്രകാരം വാങ്ങിയതാണെന്നുമാണ് ദുൽഖറിന്റെ വാദം. കസ്റ്റംസിന്റെ കസ്റ്റഡിയിൽ വാഹനം ശരിയായി സൂക്ഷിക്കാൻ സാധ്യതയില്ലെന്നും തകരാർ സംഭവിക്കാൻ ഇടയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.