അർമാദ ചന്ദ്രനെ സ്വപ്ന വായിക്കുമ്പോൾ: വായനാനുഭവം
- Posted on October 28, 2022
- Ezhuthakam
- By Fazna
- 104 Views
കർത്താവിന്റെ ബെർത്ത് ഡേ ഞങ്ങളുടെ നാട്ടിലെ പള്ളിപ്പെരുന്നാളും , അയൽക്കാർ കൊണ്ടു വന്നു തരാറുണ്ടായിരുന്ന ക്രിസ്തുമസ് സ്പെഷ്യൽ ബിരിയാണിയും എന്നെ ഓർമ്മിപ്പിച്ചു . അർമാദ ചന്ദ്രൻ വായിച്ചു കഴിഞ്ഞപ്പോൾ എന്താന്നറിയത്തില്ല , എനിക്കും കണ്ണീന്നിച്ചിരി വെള്ളം വന്നു .

അർമാദ ചന്ദ്രൻ , Bipin Chandran
ഓർമ്മപ്പുസ്തകം എന്ന് കേട്ടിട്ടാണ് 'അർമാദ ചന്ദ്രൻ ' വായിക്കാൻ എടുത്തത്.
1. വണ്ടി ഓട്ടിയ ചന്ദ്രൻ - ഒരു ഫോർ വീൽ ഡ്രൈവ് ഡ്രാമ
2. ഒരു കോട്ടയം വീരഗാഥ
3. മുള്ളിന്റെയുള്ളിലെ ചക്കരേ ചക്കേ
4. എന്റെ റേഷൻ ടീച്ചർ
5. എജ്ജാതി നിന്റെ നോട്ടം
6. കമലക്കടൽ
7. മധുര മനോഹര മനോജ്ഞ റഷ്യ
8. നോ മോനേ ദിനേശാ - ഒരു തിര (ചളു) ക്കഥ
9. സ്കറിയാവഴികൾ
10. കയ്യിലൊതുങ്ങാത്ത കാരമസോവുകൾ
11.കവറിലൊട്ടിച്ച ഹൃദയം
12. കർത്താവിന്റെ ബെർത്ത് ഡേ
13. അർമാദ ചന്ദ്രൻ
ഈ വക പതിമൂന്നു ബിന്ദ്രനോർമ്മകളുടെ ആകെ തുകയാണ് അർമാദ ചന്ദ്രൻ. ആദ്യ പേജിൽ ഓർമ /നർമം എന്ന് എഴുതിക്കണ്ടു. പക്ഷേ ഈ പുസ്തകത്തിൽ എനിക്ക് ലവലേശം നർമം തോന്നിയില്ല(കാരണം ഈ ഓർമ്മകളിൽ ഒന്നും തന്നെ തലയറഞ്ഞു ചിരിക്കാനുള്ളവ ആയിരുന്നില്ല ). എല്ലാം തന്റെ ചുറ്റുപാടുകളിൽ കണ്ടതും , താൻ അനുഭവിച്ചതുമായ കാര്യങ്ങളുടെ ബിന്ദ്രൻ കാഴ്ചപ്പാടുകൾ മാത്രം.മുൻ കുറിപ്പുമായി ശ്രീ ജി ആർ ഇന്ദുഗോപൻ കൂടി ചേർന്നപ്പോൾ സംഗതി ജോർ ആയി .
വണ്ടി ഓട്ടിയ ചന്ദ്രൻ ഞങ്ങളുടെ നാട്ടിൽ കാറിൽ പൊയ്ക്കൊണ്ടിരുന്ന ഒരു കുടുംബത്തെ ഓർമ്മിപ്പിച്ചു. ആ കാലത്തു അവർക്ക് മാത്രമാണ് ഞങ്ങളുടെ അടുത്ത പ്രദേശത്തു കാർ ഉണ്ടായിരുന്നത്.കോട്ടയം വീരഗാഥ മനസ്സു കൊണ്ടെങ്കിലും കോട്ടയം എന്റേയും കൂടി നാടാണെന്ന് കരുതുന്ന എനിക്ക് എന്റെ കാരണവന്മാരുടെ വീമ്പു പറച്ചിലും അവരുടെ ജീവിത ശൈലിയും ഓർക്കാൻ കാരണമായി .
മുള്ളിന്റെയുള്ളിലെ ചക്കരേ ചക്കേ വായിച്ചിട്ട് എന്റെയുള്ളിലെ ചക്ക പ്രാന്തി സട കുടഞ്ഞു എഴുന്നേറ്റിട്ടുണ്ട് (ജാഗ്രതൈ 😂). റേഷൻ ടീച്ചർ എന്ന കണക്ക് മാഷ് ഓർമ്മിപ്പിച്ചത് പണ്ട് സംശയം ചോദിച്ചപ്പോൾ ഉത്തരം ഇല്ലാണ്ടായി എന്നെ ചീത്ത വിളിച്ച ബയോളൊജി ടീച്ചറിനെ ആണ് . എജ്ജാതി നിന്റെ നോട്ടം ഈ നൂറ്റാണ്ടിലും താഴ്ന്ന ജാതിക്കാരെ അകറ്റി നിർത്താൻ വ്യഗ്രത കാണിക്കുന്ന എന്റെ ചുറ്റുമുള്ള പല മുഖങ്ങൾ ഓർമ്മപ്പെടുത്തി . കമലക്കടലിൽ കണ്ട പ്രണയിതാവിനു കോളേജ് പഠന കാലത്തു ഞാൻ കണ്ട ഒരായിരം കാമുകന്മാരുടെ മുഖമായിരുന്നു .റഷ്യനോർമകളുടെ മധുര മനോഹര മനോജ്ഞ റഷ്യ പഴയ സോവിയറ്റ് യൂണിയനേയും ഗോർബച്ചേവിനെയും , സർവോപരി സ്കൂൾ കാലത്തു മനോരമ ദിനപത്രത്തിൽ വരാറുള്ള പ്രധാന കാര്യങ്ങൾ നോട്ട് ബുക്കിൽ കുറിച്ച് വയ്ക്കാറുള്ള എന്റെ ശീലത്തെയും ഓർമ്മിപ്പിച്ചു .നരസിംഹത്തിലെ ലാലേട്ടനും മമ്മൂക്കയും ഒന്നിച്ചു വരുന്ന സീൻ 'നീ പോ മോനേ ദിനേശാ .... ' എന്ന് നീട്ടിയുള്ള പറച്ചിൽ എന്നൊക്കെ ആലോചിച്ചു വന്നിട്ട് ഒടുക്കം തളത്തിൽ ദിനേശനെയും , ശോഭയേയും ഓർമ്മിപ്പിച്ചു 'നോ മോനേ ദിനേശാ '.
ഞങ്ങൾ പഠിച്ചിരുന്ന ഗവണ്മെന്റ് സ്കൂളിൽ പണ്ടൊരു വർക്കി സാറുണ്ടായിരുന്നു. സരസനായ ഒരു മനുഷ്യൻ . ബീഡി വലിക്കും എന്നതായിരുന്നു എനിക്ക് അദ്ദേഹത്തിൽ ഇഷ്ടപ്പെടാതെ പോയ ഒരു കാര്യം . അദ്ദേഹം പണ്ട് പറഞ്ഞിരുന്ന ഒരു riddle ആണ് 'അരി പൊടിയാക്കി , പൊടി വടിയാക്കി ' എന്നത് . അമ്മ പുട്ടുണ്ടാക്കി എന്ന് പറയുമ്പോൾ അദ്ദേഹം പറയുന്ന ആ riddle ഇപ്പോഴും ഓർമ്മയിൽ ഉണ്ട് . സ്കറിയാ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ ഞാൻ ഓർത്തത് വർക്കി സാറിനെയാണ് .
കാരമസോവ് സഹോദരർ കൈയിൽ ഉണ്ടായിട്ടും വായിക്കാൻ കഴിയാതെ പോയ കാര്യം വായിച്ച ശേഷം പോയി നോക്കിയത് ഫ്ലിപ്പ്കാർട്ടിൽ ആണ് . അവിടെന്നു abridged വേർഷൻ കിട്ടിയിട്ടുണ്ട് . വായന തുടങ്ങി വച്ചിരിക്കുന്നു . ഉടനെ തീരുമെന്നാണ് പ്രതീക്ഷ .കവറിലൊട്ടിച്ച ഹൃദയം വായിച്ചപ്പോൾ ഞാൻ ഓർത്തത് പഴയൊരു പോസ്റ്റുമാൻ ചെയ്തെന്നു പറഞ്ഞു കേട്ട ഒരു കാര്യമാണ് . ഒരിടത്തു പോസ്റ്റുമാൻ കത്തുകൾ കൊണ്ടുപോയി കൊടുത്തു ക്ഷീണിച്ചു . അങ്ങനെ ഒരു ദിവസത്തെ കെട്ടിൽ നിന്ന് ഒരു കത്ത് ഒരു സൈഡിലൂടെ വായിച്ചു നോക്കിയപ്പോൾ അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു . 'എത്രയും പ്രിയപ്പെട്ടവളേ , നിനക്ക് അവിടെ സുഖമെന്ന് കരുതുന്നു . എനിക്കിവിടെ സുഖമാണ് .. ' . ഇത് വായിച്ച ശേഷം പോസ്റ്റുമാൻ ' ആഹാ അവിടേം സുഖം ഇവിടേം സുഖം പിന്നെ എനിക്കാണോ സുഖമല്ലാത്തത് 'എന്ന് പറഞ്ഞു ആ കത്ത് വലിച്ചു കീറി കളഞ്ഞത്രേ.
കർത്താവിന്റെ ബെർത്ത് ഡേ ഞങ്ങളുടെ നാട്ടിലെ പള്ളിപ്പെരുന്നാളും , അയൽക്കാർ കൊണ്ടു വന്നു തരാറുണ്ടായിരുന്ന ക്രിസ്തുമസ് സ്പെഷ്യൽ ബിരിയാണിയും എന്നെ ഓർമ്മിപ്പിച്ചു . അർമാദ ചന്ദ്രൻ വായിച്ചു കഴിഞ്ഞപ്പോൾ എന്താന്നറിയത്തില്ല , എനിക്കും കണ്ണീന്നിച്ചിരി വെള്ളം വന്നു . നിങ്ങളെഴുതി വച്ച ഓർമ്മകളിലേക്ക് ഞാൻ അറിയാതെ ഊളിയിട്ടത് കൊണ്ടാവും മിസ്റ്റർ ബിന്ദ്രൻ. എന്റെ പുസ്തക വായന ഇതോടെ മെച്ചപ്പെടുമെന്ന് ഉറപ്പായി
സ്വപ്ന