മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: സംരക്ഷിക്കാനാരുമില്ലാത്ത വനിതക്ക് രണ്ടു ലക്ഷം അനുവദിച്ചു
- Posted on March 09, 2023
- News
- By Goutham Krishna
- 172 Views
തിരുവനന്തപുരം: സംരക്ഷിക്കാൻ ആരുമില്ലാത്ത നിർദ്ധന കുടുംബാംഗമായ പട്ടികജാതി വിഭാഗത്തിലുള്ള അവിവാഹിതയായ 30കാരിക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ സർക്കാർ രണ്ടു ലക്ഷം രൂപ ധനസഹായം അനുവദിച്ചു. കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്കിൻ്റെ ഉത്തരവാണ് പട്ടികജാതി വികസന ഡയറക്ടർ നടപ്പിലാക്കിയത്.തിരുവനന്തപുരം നെല്ലനാട് കുന്തലകോണം വള്ളിക്കാട് പാറയിൽ പുത്തൻവീട്ടിൽ എസ്. സുധക്കാണ് ധനസഹായം അനുവദിച്ചത്. ഏക വരുമാനദായകൻെറ മരണത്തെ തുടർന്നാണ് ധനസഹായം.
പരാതിക്കാരി ഏക വരുമാന ധനസഹായത്തിനാണ് പട്ടികജാതി വികസന വകുപ്പിൽ അപേക്ഷ നൽകിയത്. പരാതിക്കാരിയുടെ പിതാവ് വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ചുപോയി. സംരക്ഷണ ചുമതലയുണ്ടായിരുന്ന അമ്മ ശാന്ത (56) 2019 ഓഗസ്റ്റ് 31ന് മരിച്ചു.അതോടെ പരാതിക്കാരി നിരാലംബയായി. പരാതിക്കാരിയുടെ ഏക സഹോദരൻ അഞ്ചലിൽ ഭാര്യവീട്ടിലാണ് വർഷങ്ങളായി താമസം. ഗ്രാമ പഞ്ചായത്ത് അംഗത്തിൻ്റെ ശുപാർശയിൽ നൽകിയ അപേക്ഷ പട്ടികജാതി വികസന വകുപ്പ് നിരസിച്ചു. പരാതിക്കാരിയുടെ സഹോദരൻ്റെ പേര് റേഷൻ കാർഡിൽ ഉണ്ടെന്ന് പറഞ്ഞാണ് അപേക്ഷ നിരസിച്ചത്. എന്നാൽ സഹോദരനുമായി പരാതിക്കാരിക്ക് ഒരു ബന്ധവുമില്ലെന്ന് അറിയിച്ചു. ധനസഹായം അനുവദിക്കാൻ കമ്മീഷൻ നിർദ്ദേശം നൽകിയെങ്കിലും നടപടിയെടുക്കാത്തതിനെ തുടർന്ന് പട്ടികജാതി വികസന ഡയറക്ടറെ വിളിച്ചു വരുത്താൻ ഉത്തരവായി. തുടർന്നാണ് ധനസഹായം അനുവദിച്ചതായി ഡയറക്ടർ കമ്മീഷനെ അറിയിച്ചത്.
സ്വന്തം ലേഖകൻ