സ്വപ്നം - കഥ
- Posted on September 20, 2021
- Ezhuthakam
- By Remya Vishnu
- 624 Views
ഒരിക്കലും സംഭവിക്കില്ലെന്നു ആരു കേട്ടാലും പറയുന്നൊരു സ്വപ്നത്തെ ഞാൻ തൊട്ടറിഞ്ഞൊരു കഥ പറയട്ടെ..

അമ്മനഷ്ടം ഞാൻ തിരിച്ചറിഞ്ഞു തുടങ്ങിയത് ഏതാണ്ട് എനിക്ക് ഏഴു വയസ്സുള്ളപ്പോൾ മുതലാണ്. മറ്റുള്ളവർക്ക് നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങൾ പലതും. എന്റെ മനസ്സിൽ അതി തീവ്രമായ വേദനയിലൂട കടന്നുപോയിട്ടുണ്ട് ആ കുഞ്ഞു പ്രായത്തിൽ പലപ്പോഴും .
അന്നൊക്കെ കിടക്കുന്നതിനു മുൻപ് ഇന്നെങ്കിലും സ്വപ്നത്തിൽ അമ്മ എന്നെ കാണാൻ വരണെ എന്ന് പ്രാർത്ഥിക്കുമായിരുന്നു. വന്നാലും എനിക്ക് അന്നും ഇന്നും തിരിച്ചറിയാൻ കഴിയില്ല എന്നതാണ് സത്യം. കുറച്ച് ഫോട്ടോകൾ മാത്രമാണ് എനിക്കെന്നും അമ്മ. അമ്മയെ ഒന്നു തൊടണമെന്ന് ഒരുപാട് കൊതി തോന്നാറുണ്ടായിരുന്നു പലപ്പോഴും.
എനിക്ക് ഏതാണ്ട് പത്തു വയസ്സുണ്ട് ആ സമയത്ത് . ഒരു ക്രിസ്തുമസിന് എനിക്ക് അമ്മാമ്മ , അമ്മ ഉപയോഗിച്ചിരുന്ന. അമ്മതന്നെ വരച്ചു കൊടുത്ത ഡിസൈനിൽ തട്ടാനെ കൊണ്ട് പണിയിപ്പിച്ച ഒരു ജിമ്മിക്കി കമ്മൽ ഇട്ടു തന്നു. അന്ന് ഞാൻ അനുഭവിച്ച സന്തോഷം മറ്റൊരാളോട് പറഞ്ഞു കൊടുക്കാൻ എനിക്കറിയില്ല.
അമ്മ മരിക്കുന്നതു വരെ കാതിൽ കിടന്നിരുന്ന ആ കമ്മൻ ഞാൻ എന്റെ കാതിൽ ഇട്ടപ്പോൾ അമ്മയെ തൊടുന്ന അതേ ഫീൽ എനിക്കുണ്ടായി. അമ്മ എത്ര തവണ ആ കമ്മലിൽ തൊട്ടു കാണും. അതിലെ ഒരു മണി അമ്മയുടെ മുടി ഉടക്കി പോയിരുന്നു. എന്റെ മുടിയും അതുപോലെ ഉടക്കുമ്പോളൊക്കെ ഞാൻ ചിന്തിക്കും ഇതുപോലെ മുടി വലിയുമ്പോൾ അമ്മയ്ക്കും വേദനിച്ചു കാണില്ലേ എന്ന്. ആ ജിമ്മിക്കി കമ്മൽ എനിക്ക് അമ്മയെ തൊടണമെന്നുള്ള എന്റെ സ്വപ്നത്തെ നേടി തന്നു.
കുഞ്ഞുങ്ങളെ പോലെ സ്വപ്നം കാണൂ.. കാണുന്ന സ്വപ്നങ്ങളെല്ലാം നമ്മെ തേടിയെത്തും