വിജിലന്‍സ് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് കൂടുതല്‍ വിജിലന്‍സ് കോടതികള്‍ അനുവദിക്കും

തിരുവനന്തപുരം: വിജിലന്‍സ് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് കൂടുതല്‍  വിജിലന്‍സ് കോടതികള്‍ അനുവദിക്കുവാന്‍ നടപടി സ്വീകരിക്കും. വിജിലന്‍സ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് തീരുമാനം. 

വിജിലന്‍സ് കേസുകളുടെ അന്വേഷണത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ ഫോറന്‍സിക് ലാബിന്‍റെ ഹെഡ് ഓഫീസിലും മേഖലാ ഓഫീസുകളിലും ലഭ്യമാകുന്ന സാംപിളുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് സൈബര്‍ ഫോറന്‍സിക് ഡോക്യുമെന്‍റ് ഡിവിഷന്‍ വിജിലന്‍സിന് മാത്രമായി അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. 

ആഭ്യന്തര വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മൂന്നുമാസം കൂടുമ്പോള്‍ അവരുടെ പ്രവര്‍ത്തന അവലോകന റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. 3 മാസത്തിലൊരിക്കല്‍ അവരുടെ വിശകലന യോഗം വിജിലന്‍സ് ഡയറക്ടറേറ്റില്‍ നടത്തും. വിവിധ വകുപ്പുകളുടെ  ആഭ്യന്തര വിജിലൻസ് ഓഫീസർമാര്‍ക്കും പരിശീലനം നൽകും. 

ആഭ്യന്തര വിജിലൻസ് സെല്ലില്‍ ഓഫീസർമാരെ നിയമിക്കുന്നതിന് മുമ്പ് രഹസ്യാന്വേഷണം നടത്തി റിപ്പോർട്ട് വാങ്ങും. കേസുകള്‍ക്കും അന്വേഷണങ്ങള്‍ക്കും സമയപരിധി നിശ്ചയിക്കും. കൂടുതല്‍ സമയം ആവശ്യമായാല്‍ ഡയറക്ടറുടെ അനുമതി വാങ്ങണം. 

കോടതി വെറുതെ വിടുന്ന കേസുകളില്‍ സമയബന്ധിതമായി അപ്പീല്‍ ഫയല്‍ ചെയ്യണം. രണ്ട് മാസത്തിനുള്ളില്‍ അപ്പീല്‍ ഫയല്‍ ചെയ്തെന്ന് ഉറപ്പാക്കണം. ഹൈക്കോടതിയില്‍ വിജിലന്‍സ് കാര്യങ്ങള്‍ നോക്കുന്നതിന് ലെയ്സണ്‍ ഓഫീസറെ നിയമിക്കും. 

പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥരെ വിജിലന്‍സില്‍ നിയമിക്കുന്നതിന് മുമ്പ് പരീക്ഷ നടത്തി യോഗ്യരായവരുടെ ലിസ്റ്റ് തയ്യാറാക്കും. അവര്‍ക്ക് വിജിലന്‍സ് ജോലി സംബന്ധിച്ച് പരിശീലനം നല്‍കും. ഇത്തരം ഉദ്യോഗസ്ഥരുടെ ഡാറ്റാ ബേസ് തയ്യാറാക്കി അതില്‍ നിന്ന് വിജിലന്‍സില്‍ നിയമിക്കും. നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ കുറഞ്ഞത് മൂന്ന് വര്‍ഷം തുടരാന്‍ അനുവദിക്കും. 

യോഗത്തില്‍ ആഭ്യന്തര, വിജിലന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു, വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം, ഐ.ജി. ഹര്‍ഷിത അട്ടല്ലൂരി, എസ്.പിമാരായ ഇ എസ് ബിജുമോന്‍, റെജി ജേക്കബ്  തുടങ്ങിയവര്‍ പങ്കെടുത്തു.


പ്രത്യേക ലേഖകൻ 

Author
Citizen Journalist

Goutham Krishna

No description...

You May Also Like