രാഷ്ട്രീയ - സാമൂഹ്യ വിമർശന ശരങ്ങൾ തൊടുത്ത് ബിനാലെയിൽ മാർട്ടയുടെ അവതരണം.
കൊച്ചി: അധികാര ദുർവിനിയോഗം, ഭരണകൂടത്തിന്റെ പക്ഷപാതിത്വം, തൊഴിലില്ലായ്‌മ, തൊഴിലാളികളുടെ അരക്ഷിതാവസ്ഥ, ലിംഗാധിഷ്ഠിത വിവേചനം, സദാചാര മൂല്യങ്ങൾ, മുതലാളിത്തം,വർധിതമാകുന്ന അസമത്വം, പ്രതിഷേധം തുടങ്ങിയ വിഷയങ്ങൾ പ്രമേയമായ നിശിതമായ രാഷ്ട്രീയ - സാമൂഹ്യ വിമർശനമാണ് ഫിൻലൻഡിൽ നിന്നുള്ള ആർട്ടിസ്റ്റ് മാർട്ട റ്റുഒമാലയുടെ ബിനാലെയിലെ വീഡിയോ ഇൻസ്റ്റലേഷൻ. തമോഹാസ്യത്തിൽ അവതരിപ്പിക്കുന്ന 'ഫിൻസൈക്ലിംഗ് സൊഉമി - പേർകെലെ !' (FinnCycling-Soumi-Perkele!)എന്ന വീഡിയോ രചിച്ചു സംവിധാനം ചെയ്‌തതും രംഗത്തെത്തുന്നതും മാർട്ട തന്നെ. ഫിൻലൻഡിന്റെ ഇരുണ്ട പുറങ്ങളിലേക്ക് ഇത് ഊളിയിട്ടിറങ്ങുന്നു. ഒപ്പം മറ്റെവിടെയുമുള്ള സമാന സാഹചര്യങ്ങളുമായി പ്രേക്ഷകരെ ബന്ധിപ്പിക്കുകയും അവബോധമുണ്ടാക്കുകയും ചെയ്യുന്നു. 'പെർകെലെ' എന്നത് പിശാചിനെക്കുറിച്ച് ഫിന്നിഷ് ഭാഷയിലെ നിന്ദാവചനമാണ്. ഫിൻലൻഡിനെക്കുറിച്ച് ഫിനിഷിൽ പറയുന്ന വാക്കാണ് സുഒമി - suomi. ഈ വാക്കിൽ ചെറിയ മാറ്റം വരുത്തി സൊഉമി - Soumi എന്നാണ് മാർട്ട കലാവിഷ്‌കാരത്തിനു ശീർഷകം നൽകിയിരിക്കുന്നത്. സൊഉമി എന്നാലാർത്ഥം 'പരിപൂർണ്ണമായ ഇല്ലായ്‌മ'. ഇങ്ങനെ ശീർഷകം തൊട്ടേ ആരംഭിക്കുന്നു മാർട്ടയുടെ സൃഷ്ടിയിലെ ആക്ഷേപഹാസ്യവും വിമർശനവും. വീഡിയോയിലെ ഇൻഡോർ സൈക്‌ളിംഗ് തന്റെ ആശയത്തിന് മൂർത്തരൂപം നൽകാൻ സമർത്ഥമായി വിനിയോഗിച്ചിരിക്കുകയാണ് മാർട്ട. വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന മാർട്ട സൈക്കിൾ തുടരെ ആഞ്ഞാഞ്ഞു ചവിട്ടുന്നു. വിയർത്തു കുളിക്കുന്നതല്ലാതെ ഒട്ടും മുന്നോട്ടുനീങ്ങുന്നില്ല. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ അസഹ്യവസ്ഥകൾ പ്രതിഫലിപ്പിക്കുന്നതിനൊപ്പം കറുത്തഹാസ്യത്തിന്റെ കുന്തമുനകളും ചേർന്ന കടുത്ത വിമർശനം ഇതിൽ ഉന്നയിക്കുന്നു. 2015 - 19 കാലത്തെ ഫിൻലൻഡ് പ്രധാനമന്ത്രിക്ക് എതിരെ നിരവധി ഗുരുതര കുറ്റാരോപണങ്ങൾ ഉയർന്നിരുന്നു. ഇതേസമയത്താണ് മാർട്ട രൂക്ഷ വിമർശനാത്മക സൃഷ്ടി ആവിഷ്‌കരിക്കുന്നത്. എന്നാൽ പിന്നീട് അന്വേഷണത്തിൽ പ്രധാനമന്ത്രിക്കെതിരെ കുറ്റം ചുമത്തപ്പെട്ടില്ല. "അതിനർത്ഥം അദ്ദേഹം നിരപരാധിയാണെന്നല്ല. സാധാരണക്കാരനാണെങ്കിൽ വളരെ എളുപ്പത്തിൽ പിടിക്കപ്പെട്ടേനെ. പക്ഷെ അധികാരം കയ്യാളുന്നവർക്ക് എല്ലാം മൂടി വയ്ക്കാൻ എന്ത് പ്രയാസം! എല്ലാവരുടെയും കാര്യം അധികാരപ്പുറത്ത് വിരാജിക്കുന്നവരുടേത് പോലെയല്ല." - മാർട്ട പറയുന്നു. അഴിമതിക്കും തെറ്റായ വികസനത്തിനും നേർക്ക് ചാട്ടുളി പോലെ പാഞ്ഞെത്തുകയാണ് മാർത്തയുടെ ആവിഷ്‌കാരത്തിലെ ആശയങ്ങൾ. 2017 ൽ ഫിൻലൻഡിന്റെ ശതാബ്‌ദി വേളയിൽ ഇത് ഏറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. തനിക്ക് ഏറ്റവും പ്രിയപ്പെട്ട മാധ്യമം വീഡിയോ(ചലച്ചിത്രം - ഫിലിം )യാണെന്ന് മാർട്ട പറഞ്ഞു. കൊച്ചി ബിനാലെയിൽ പ്രദർശനത്തിന് വച്ചശേഷം നിരവധി പോസിറ്റീവ് പ്രതികരണങ്ങൾ ലഭിച്ചു. കലാവതരണം പ്രദർശിപ്പിക്കുന്ന ഇടം പ്രധാനപ്പെട്ടതാണെന്നും അവർ ചൂണ്ടിക്കാട്ടി.
സി.ഡി.സുനീഷ്.