സംസ്ഥാനതല വനിതാ കർഷക സംഗമം ഉദ്ഘാടനം ചെയ്തു.


കോട്ടയം : അന്തർ ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് കൃഷിവകുപ്പ് സംഘടിപ്പിച്ച വനിതാകർഷക സംഗമവും ശില്പശാലയും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ചാലുകുന്ന് സി. എസ്. ഐ  റിട്രീറ്റ് സെൻ്ററിൽ വച്ചു നടന്ന പരിപാടിയിൽ സമീപ ജില്ലകളിൽ നിന്നുള്ള വനിതാ കാർഷിക സംരംഭകരുടെ പ്രദർശന മേളയും സെമിനാറും കോട്ടയം എം. എൽ. എ  അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. കാർഷിക മേഖലയിൽ വനിതകളുടെ സാന്നിദ്ധ്യം മുൻകാലങ്ങളെ അപേക്ഷിച്ച് കൂടി വരികയാണെന്ന് മന്ത്രി പറഞ്ഞു. കർഷകരായും, കാർഷിക തൊഴിലാളിയായും അവരുടെ സാന്നിദ്ധ്യം ഉണ്ട്. കാർഷിക മേഖലയിൽ മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ ഉല്പാദനം ,സംഭരണo. വിപണനം എന്നിവ ലക്ഷ്യമാക്കി കൊണ്ടുള്ള പദ്ധതികളുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. ഏതൊരു സംരംഭത്തിൻ്റെയും അടിസ്ഥാനം വിശദമായ പദ്ധതി റിപ്പോർട്ട് (DPR) തയ്യാറാക്കുക എന്നതാണ് ഇവ തയ്യാറാക്കാനുള്ള പരിജ്ഞാനം ഒരു സംരംഭം ഏറ്റെടുക്കുന്നവർക്ക് ഉണ്ടാകണമെന്നില്ല. ഇത് ബാങ്കുകളിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുവാൻ സംരംഭകർക്ക് തടസ്സമാകുന്നു. ഇതിനൊരു പരിഹാരമായി സംരംഭകരുമായി നേരിൽ സംസാരിച്ച് അവരുടെ  ഐഡിയക്കനുസരിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കി നൽകുന്നു.  കേന്ദ്ര സംസ്ഥാന കാർഷിക ഗവേഷണ സ്ഥാപനങ്ങളിലെ  ശാസ്ത്രജ്ഞർ, കാർഷിക വിദഗ്ധർ എന്നിവരടങ്ങുന്ന ഒരു ടീമിനെ ഇതിനായി സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എല്ലാ ജില്ലാകളിലും ഇതിനായി ഡിപിആർ ക്ലിനിക്കുകൾ ആരംഭിക്കും.  കൃഷി വകുപ്പിന് കീഴിലുളള ഫാമുകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന 65 ഓളം കാർഷിക ഉത്പന്നങ്ങൾ കേരൾ അഗ്രോ എന്ന പേരിൽ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ഇതോടൊപ്പം കാർഷിക സംരംഭകരുടെ ഉൽപന്നങ്ങൾ കൂടി ഓൺലൈൻ സംവിധാനത്തിലൂടെ വിപണനം നടത്തുവാൻ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു. മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണനം  കൂടുതൽ  ശാസ്ത്രീയവും കാര്യക്ഷമവുമാക്കാൻ സംരംഭകർക്ക് പാക്കിംഗിന് ആവശ്യമായ പരിശീലനം നൽകുവാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗായി ധാരണാപത്രം ഒപ്പുവെച്ചതായും മന്ത്രി അറിയിച്ചു. ഇതിലൂടെ കേരളീയ ഉൽപന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ കൂടുതൽ സ്വീകാര്യത നേടുവാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംരംഭകരെ   സഹായിക്കുന്നതിനായി വാല്യു ആഡെഡ് അഗ്രിക്കൾച്ചറൽ മിഷൻ (വാം) കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) എന്നിവ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയ ഡിജിറ്റൽ അവാർഡ് ജേതാക്കളായ കോട്ടയം ജില്ലാ കളക്ടർ ഡോ. പി. കെ. ജയശ്രീ ഐ. എ. എസ്, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ ബീന സിറിൽ പൊടിപ്പാറ, കർണാടക സംഗീതജ്ഞ മാതംഗി സത്യമൂർത്തി, മുതിർന്ന വനിത കർഷക മേരി, മുതിർന്ന വനിത കർഷകത്തൊഴിലാളി പൊന്നമ്മ ഗോപാലൻ എന്നിവരെ മന്ത്രി ആദരിച്ചു. വനിത കർഷക സംരംഭകർക്കും മികച്ച സ്റ്റാൾ തയ്യാറാക്കിയവർക്കുമുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. എറണാകുളം, കോട്ടയം, ആലപ്പുഴ,  ഇടുക്കി,  പത്തനംതിട്ട എന്നീ ജില്ലകളിലെ വനിതാ സംരംഭകർ പങ്കെടുത്തു. കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.  ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി.  കൃഷി വകുപ്പ് ഡയറക്ടർ കെ എസ് അഞ്ജു ഐഎഎസ്, കൃഷി അഡീഷണൽ ഡയറക്ടർ രാജേശ്വരി എസ് ആർ, ജില്ലാ കൃഷി ഓഫീസർ ഗീത വർഗീസ്, ആത്മ പ്രോജക്ട് ഡയറക്ടർ എൽ സി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.

സ്വന്തം ലേഖകൻ .

Author
Citizen Journalist

Goutham Krishna

No description...

You May Also Like