എല്ലാ ജില്ലകളിലും കക്കൂസ് മാലിന്യ സംസ്‌ക്കരണ പ്ലാന്റുകള്‍ നിര്‍മ്മിക്കും: മുഖ്യമന്ത്രി. പ്രത്യേക ലേഖകൻ

  • Posted on February 04, 2023
  • News
  • By Fazna
  • 113 Views

കൊച്ചി: ഗ്ലോബല്‍ എക്സ്പോയ്ക്ക് തുടക്കമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടതായും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം മറൈന്‍ഡ്രൈവില്‍ ഗ്ലോബല്‍ എക്സ്പോ ഓണ്‍ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജി-ജിഇഎക്‌സ് കേരള 23-ന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്യരഹിത സംസ്ഥാനമായി മാറിയെങ്കിലും കക്കൂസ് മാലിന്യ സംസ്‌ക്കരണത്തിനുള്ള സൗകര്യമൊരുക്കുന്നതില്‍ നല്ല പോരായ്മയുണ്ട്. തിരുവനന്തപുരം, കൊച്ചി കോര്‍പ്പറേഷനുകളിലും കല്‍പ്പറ്റ മുനിസിപ്പാലിറ്റി തുടങ്ങി ചിലയിടത്ത്‌ മാത്രമാണ് നിലവില്‍ കക്കൂസ് മാലിന്യ സംസ്‌കരണ സംവിധാനമുള്ളത്. അതും വേണ്ടത്ര പര്യാപ്തമല്ല. സ്ഥല ലഭ്യതയാണ് ഇതിനൊരു പ്രധാന വെല്ലുവിളി. പ്ലാന്റുകള്‍ വരുന്നതുകൊണ്ട് പ്രത്യേകമായി ഒരു ആപത്തും വരാനില്ല. പ്ലാന്റുകള്‍ അല്ല മാലിന്യമാണ് തകരാര്‍. മാലിന്യം സംസ്‌ക്കരിക്കാതിരുന്നാല്‍ നമ്മുക്ക് തന്നെയാണ് അതിന്റെ ദോഷം. അത് മനസിലാക്കി മാലിന്യസംസ്‌ക്കരണത്തില്‍ മുന്‍കൈയെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്നും മാലിന്യസംസ്‌ക്കരണത്തില്‍ സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റംവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തെ വൃത്തിയുളള സംസ്ഥാനമാക്കുന്നതിനായി ഒരു ക്യാമ്പയിന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുകയാണ്. 2025നകം നമ്മുടെ നാടിനെ എല്ലാരീതിയിലും വൃത്തിയുള്ള സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത്. അതിബൃഹത്തായ ക്യാമ്പയിനാണ് ആരംഭിക്കുന്നത്. മാലിന്യം ശേഖരിക്കുക, സംസ്‌കരിക്കുക, അതിനുള്ള സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുക. അതോടൊപ്പം ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റം വരുത്താനുതകുന്ന പ്രവര്‍ത്തനങ്ങളും ഉണ്ടാകും. കുട്ടികളെ ഈ ക്യാമ്പയിനിന്റെ ചാലകശക്തിയായി മാറ്റാനാകുന്ന പ്രവര്‍ത്തനങ്ങളും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ചെറിയ തോതിലാണെങ്കിലും ഓരോ വാര്‍ഡിലും കഴിയുന്നത്ര ഇടങ്ങള്‍ മാലിന്യരഹിതമാക്കണം. മുഴുവന്‍ പൊതുസ്ഥാപനങ്ങളെയും മാലിന്യരഹിതമാക്കുക, പഞ്ചായത്തിലും നഗര പ്രദേശങ്ങളിലുമുള്ള ചെറിയ ടൗണുകള്‍ മാലിന്യരഹിതമാക്കുക എന്നിവയാണ് ഒന്നാംഘട്ടം. തുടര്‍ന്ന് വാര്‍ഡുകള്‍, പഞ്ചായത്ത്, നഗരസഭകള്‍, ബ്ലോക്ക്, നിയമസഭാ മണ്ഡലം, ജില്ല എന്നീ ക്രമത്തില്‍ സമഗ്ര മാലിന്യസംസ്‌കരണം ഉറപ്പാക്കും. ഓരോ തലത്തിലും മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനങ്ങളും അവാര്‍ഡുകളും നല്‍കും. ഇതിലൂടെ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്ന ജില്ലകള്‍ക്ക് പ്രത്യേക പുരസ്‌കാരം നല്‍കുന്ന കാര്യവും പരിഗണിക്കും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പ്രത്യേക ഗ്രേഡ് നല്‍കും. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സാങ്കേതിക പിന്തുണ ഉറപ്പാക്കുന്നതിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥിരം ഗ്രീന്‍ ഓഡിറ്റിംഗ് സമിതികള്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പഠന - പ്രദര്‍ശന ചര്‍ച്ചാവേദിയാണ് ഗ്ലോബല്‍ എക്സ്പോയെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്‌കരണത്തെ കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളും അവബോധവും സൃഷ്ടിക്കുന്നതിന് ഗ്ലോബല്‍ എക്സ്പോ ഉപകരിക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള മാലിന്യ പരിപാലന മേഖലയിലെ ആധുനിക സാങ്കേതികവിദ്യകളും യന്ത്രോപകരണങ്ങളും ഈ രംഗത്തെ വിദഗ്ധരും  ഒരു കുടക്കീഴില്‍ അണിനിരക്കുകയാണ്. മാലിന്യ പരിപാലന സംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ദൂരീകരിക്കുന്നതിനും പുതിയ ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിനുമായി എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ മികച്ച മാലിന്യനിര്‍മാര്‍ജ്ജന പദ്ധതികള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ 'പുട്ടിങ് വേസ്റ്റ് ടു വര്‍ക്ക്' എന്ന പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തി.  ഹൈബി ഈഡന്‍ എം.പി, എം.എല്‍.എമാരായ ടി.ജെ വിനോദ്, കെ.ജെ മാക്സി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മ്മിള മേരി ജോസഫ്, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി രാജമാണിക്യം, ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടര്‍മാരായ എച്ച്.ദിനേശന്‍, അരുണ്‍ കെ.വിജയന്‍, കെ.എസ്.ഡബ്ല്യു.എം.പി പ്രോജക്ട് ഡയറക്ടര്‍ ഡോ.അദീല അബ്ദുള്ള, കില ഡയറക്ടര്‍ ജനറല്‍ ഡോ.ജോയ് ഇളമണ്‍, കേരള മുന്‍സിപ്പല്‍ ചെയര്‍മെന്‍സ് ചേംബര്‍ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ബി.പി മുരളി, കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് കെ.എം ഉഷ, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് ടൗണ്‍ പ്ലാനര്‍ സി.പി പ്രമോദ് കുമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍ കെ.ജോണ്‍സണ്‍, ക്ലീന്‍ കേരള കമ്പനി മാനേജിംഗ് ഡയറക്ടര്‍ ജി.ജെ സുരേഷ് കുമാര്‍, ജിസ് ഇന്ത്യ പ്രോജക്ട് ഹെഡ് വൈശാലി നന്ദന്‍, യൂനിസെഫ് സോഷ്യല്‍ പോളിസി ചീഫ് കെ.എല്‍ റാവു, ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ടി ബാലഭാസ്‌ക്കരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഖര- ദ്രവ്യ പരിപാലന രംഗത്ത് ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി കേരളത്തെ സമ്പൂര്‍ണ്ണ മാലിന്യവിമുക്ത സംസ്ഥാനമായി മാറ്റുന്നതിനുള്ള ഉദ്യമങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ശുചിത്വ മിഷന്‍ ഗ്ലോബല്‍ എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്.

ഫെബ്രുവരി ആറുവരെ തുടരുന്ന എക്സ്പോയുടെ ഭാഗമായി എക്‌സിബിഷന്‍, സെമിനാറുകള്‍, സംരംഭക സമ്മേളനം തുടങ്ങിയവ നടക്കും. അതിവിശാല പവലിയനുകളിലായി മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലൂന്നിയുള്ള അന്താരാഷ്ട്ര സാങ്കേതിക വിദ്യകളും യന്ത്രസംവിധാനങ്ങളും സ്വദേശത്തും വിദേശത്തും അംഗീകാരം ലഭിച്ച മികച്ച മാതൃകകളും പരിചയപ്പെടുത്തുന്ന നൂറോളം സ്റ്റാളുകള്‍ പ്രദര്‍ശന നഗരിയിലുണ്ട്. 

ഈ മേഖലയിലെ ലോകോത്തര വിദഗ്ധരെ പങ്കെടുപ്പിച്ച് പാനല്‍ ചര്‍ച്ചകള്‍,  മാലിന്യ സംസ്‌ക്കരണ  മേഖലയിലെ നൂതനാശയങ്ങള്‍ പരിചയപ്പെടുത്തുന്ന സെമിനാറുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, സംരംഭക സമ്മേളനങ്ങള്‍, ഹാക്കത്തോണ്‍, ടെക്നിക്കല്‍ സെഷനുകള്‍, കലാ സാംസ്‌ക്കാരിക പരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.  കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള ജനപ്രതിനിധികള്‍ എക്‌സ്‌പോയില്‍ പങ്കെടുക്കുന്നു.


പ്രത്യേക ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like