പ്രഥമ വനിതാ പ്രീമിയർ ലീഗ് ഇന്ന് ആരംഭിക്കും
ഡൽഹി : അഞ്ച് ടീമുകളുമായി 23 ദിവസത്തെ മത്സരങ്ങൾക്കാണ് ഇന്ന് വൈകിട്ട് തുടക്കമാകുക. മുംബൈയിലെ രണ്ട് വേദികളിലായി നടക്കുന്ന ടൂർണമെൻ്റിൻ്റെ ഉദ്ഘാടന മത്സരം രാത്രി 7.30ന് ഡി-വൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടക്കും. ഹർമൻപ്രീത് കൗർ നയിക്കുന്ന മുംബൈ ഇന്ത്യൻസും ബെത്ത് മൂണി നയിക്കുന്ന ഗുജറാത്ത് ജയൻ്റ്സും തമ്മിലാണ് ആദ്യ പോരാട്ടം. വനിതാ പ്രീമിയർ ലീഗ് പ്രഥമ എഡിഷനിൽ 20 ലീഗ് മത്സരങ്ങളും രണ്ട് പ്ലേഓഫ് മത്സരങ്ങളുമാണുള്ളത്. ആകെ 4669.99 കോടിക്കാണ് അഞ്ച് ടീമുകള്‍ ലേലത്തില്‍ വിറ്റുപോയത്. അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ദില്ലി, ലഖ്‌നൗ എന്നീ നഗരങ്ങളാണ് ടീമുകളെ സ്വന്തമാക്കിയത്.
താരലേലത്തില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റൻ സ്‌മൃതി മന്ദാനയ്‌ക്കാണ് ഉയര്‍ന്ന വില ലഭിച്ചത്. 3.40 കോടി രൂപയ്ക്കാണ് സ്‌മൃതിയെ റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കിയത്. 2 കോടിക്ക് ഡൽഹി സ്വന്തമാക്കിയ ഷെഫാലി വര്‍മ ആണ് ഉയര്‍ന്ന തുക ലേലത്തില്‍ കിട്ടിയ മറ്റൊരു താരം. വിദേശ താരങ്ങളില്‍ 3.20 കോടിക്ക് ഓസീസ് ഓള്‍റൗണ്ടര്‍ ആഷ്‌ലി ഗാര്‍ഡ്‌നറെ ഗുജറാത്ത് ജയന്‍റ്‌സും ഇംഗ്ലണ്ടിന്‍റെ നടാലീ സൈവറിനെ മുംബൈ ഇന്ത്യന്‍സും സ്വന്തമാക്കി.
പ്രത്യേക ലേഖിക