വയനാട് സ്വദേശി മുഹമ്മദ് റയാന് കാനഡയിൽ നിന്നുള്ള യുവ ചാമ്പ്യൻ അവാർഡ്
- Posted on April 17, 2025
- News
- By Goutham prakash
- 229 Views

*സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി നായ്ക്കെട്ടി സ്വദേശിയായ മുഹമ്മദ് റയാന് 2025 വർഷത്തെ യുവ ചാമ്പ്യൻ അവാർഡ്.
കാനഡയിൽ പ്രവർത്തിക്കുന്ന
പാർട്ണർഷിപ്പ് ഫോർ ആക്സസ് അവെയർനസ് നോവാസ്കോഷ്യ (PAANS) ദേശീയ ആക്സസ് ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഹോർഗ്ലാസ് ആക്ഷൻ അവാർഡിനാണ് റയാൻ അർഹനായത്. ഭിന്നശേഷി മേഖലയിലെ മാതൃകാപരമായ പ്രവർത്തനങ്ങൾക്കും അസാധാരണമായ സംഭാവനകൾക്കും ഏർപ്പെടുത്തിയ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോർഡും ഒമ്പത് വയസുകാരനായ റയാൻ കരസ്ഥമാക്കി.
2023 ൽ കാനഡയിലേക്ക് കുടുംബസമേതം കുടിയേറിയ റയാൻ ശാരീരിക മാനസിക പരിമിതികൾക്കിടയിലും ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള കാനഡയിലെ മികച്ച സംവിധാനങ്ങൾ തീവ്രശ്രമത്തോടെ അന്വേഷിച്ച് കണ്ടെത്തുകയും കേരളത്തിലെ ഭിന്നശേഷിക്കാർക്കിടയിലും കാനഡയിലെ കുടിയേറ്റക്കാർക്കിടയിലും പ്രചരിപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ അവാർഡ്. നിലവിൽ ഹമ്പർ പാർക്ക് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ റയാൻ മ്യൂസിക്, ഡാൻസ്, കുതിര സവാരി, ഐസ് ഹോക്കി, കയാക്കിങ് തുടങ്ങിയ മേഖലയിലെല്ലാം മികവ് തെളിയിച്ചിട്ടുണ്ട്. 2024 ൽ മെയ്ക്ക് എ വിഷ് എന്ന സന്നദ്ധ സംഘടന പൂർണമായും സൗജന്യമായ ഒരാഴ്ചത്തെ അമേരിക്കൻ പര്യടനത്തിന് തെരഞ്ഞെടുത്തിരുന്നു. റയാൻ ഫൗണ്ടേഷൻ എന്ന പേരിൽ ഭിന്നശേഷി മേഖലയിലെ മികച്ച ആശയങ്ങളും സംവിധാനങ്ങളും കേരളത്തിലേക്ക് പങ്കുവെക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. മെയ് 26 ന് കാനഡയിലെ നോവാസ്കോഷ്യയിൽ വെച്ച് നടക്കുന്ന അവാർഡ് ചടങ്ങിൽ മുനിസിപ്പൽ ഭരണകൂടത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രതിനിധികൾ അവാർഡ് സമ്മാനിക്കും. നായ്ക്കെട്ടി എ. എൽ.
പി. സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. നോവാസ്കോഷ്യ സർക്കാരിന്റെ ഭിന്നശേഷിമേഖലയിലെ ഉപദേഷ്ടാവായ മുഹമ്മദ് അസ്റത്ത് ആണ് പിതാവ്. മാതാവ് റീമ ഇബ്രാഹിം (അധ്യാപിക), സഹോദരി ഹസ്വ ഫാത്തിമ