കേരളത്തെ പശ്ചാത്തല വികസന ഹബ്ബാക്കി മാറ്റും- മന്ത്രി പി എ മുഹമ്മദ് റിയാസ്.
- Posted on October 19, 2025
- News
- By Goutham prakash
- 20 Views

വിഷന്‍ 2031; പൊതുമരാമത്ത് വകുപ്പ് നയരേഖ മന്ത്രി അവതരിപ്പിച്ചു.
സംസ്ഥാനം 75-ാം വര്‍ഷത്തിലേക്ക് കടക്കുന്ന 2031-ല്‍ രാജ്യത്തെ ഏറ്റവും മികച്ച പശ്ചാത്തല സൗകര്യമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിഷന്‍ 2031-ന്റെ ഭാഗമായി കോഴിക്കോട് ബീച്ചിലെ ആസ്പിന്‍ കോര്‍ട്ട് യാര്‍ഡില്‍ സംഘടിപ്പിച്ച പൊതുമരാമത്ത് വകുപ്പ് സെമിനാറില്‍ വകുപ്പിന്റെ വികസന നയരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2031 ല്‍ പശ്ചാത്തല വികസനത്തിന്റെ ഹബ്ബാക്കി കേരളത്തെ ഉയര്‍ത്തുക എന്ന ലക്ഷ്യത്തിലെത്താനാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് മികച്ച റോഡ് ശൃംഖലയുള്ള സംസ്ഥാനമാണ് കേരളം. അതേസമയം വാഹനസാന്ദ്രതയും ഏറ്റവും കൂടുതലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഗ്രാമീണ മേഖലയിലടക്കം ബിഎം- ബിസി റോഡുകള്‍ പണിത് പശ്ചാത്തല വികസനത്തിലൂടെ ജനജീവിതം വികസനത്തിലേക്ക് എത്തിക്കാന്‍ കേരളത്തിനായി. കുതിരാന്‍ ടണല്‍, മൂന്നാര്‍-ബോഡിമെട്ട്, നാട്ടുകാല്‍-താണാവ് എന്നീ ദേശീയപാത വികസന പ്രവര്‍ത്തികളും പൂര്‍ത്തീകരിച്ചു. ദേശീയപാത -85 ല്‍ കൊച്ചി - മൂന്നാര്‍ 125 കിലോ മീറ്റര്‍ പാതാനവീകരണം പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യമാക്കി തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ്, എറണാകുളം ബൈപാസ്, കൊല്ലം ചെങ്കോട്ട ഗ്രീന്‍ ഫീല്‍ഡ്, കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് പാതാ എന്നീ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാണ് വകുപ്പ് അടിയന്തര പ്രാധാന്യം നല്‍കുന്നത്. ഈ പദ്ധതികളില്‍ ജിഎസ്ടി വിഹിതവും റോയല്‍റ്റിയും ഒഴിവാക്കി സംസ്ഥാന പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. അതോടൊപ്പം തൃശൂര്‍ - ഇടപ്പള്ളി ദേശീയപാതാ ആറുവരി വികസനം, എന്‍ എച്ച് 766 (കോഴിക്കോട് -മുത്തങ്ങ), എന്‍ എച്ച് 185 ല്‍ അടിമാലി- കുമളി , എന്‍ എച്ച് 183 ല്‍ മുണ്ടക്കയം - കുമളി എന്നീ പാതകളുടെ നവീകരണം സാധ്യമാക്കുന്നതിനുള്ള ഇടപെടലും നടത്തുന്നതായും മന്ത്രി പറഞ്ഞു. ദേശീയപാതാ അതോറിറ്റി പദ്ധതി രേഖ തയ്യാറാക്കുന്ന രാമനാട്ടുകര -കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ്, കണ്ണൂര്‍ വിമാനത്താവള റോഡ് (ചൊവ്വ - മട്ടന്നൂര്‍), കൊടൂങ്ങല്ലൂര്‍ - അങ്കമാലി, ഫോര്‍ട്ട് വൈപ്പിന്‍ മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ്, കോതമംഗലം മൂവാറ്റുപുഴ ബൈപ്പാസ് എന്നിവ യാഥാര്‍ത്ഥ്യമാക്കുകയും ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു.
സംസ്ഥാനത്താകെ 29,573 കിലോമീറ്റര്‍ റോഡുകളാണ് പൊതുമരാമത്ത് വകുപ്പ് പരിപാലിക്കുന്നത്. റോഡ് വികസനപദ്ധതികള്‍ക്കു വേണ്ടി മാത്രം 35,000 കോടിയോളം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. 8200 കിലോ മീറ്ററിലേറെ റോഡുകള്‍ നവീകരിച്ചു. പകുതിയില്‍ അധികം പൊതുമരാമത്ത് റോഡുകള്‍ ബിഎം-ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന പ്രഖ്യാപനം നടപ്പിലാക്കി. നിലവില്‍ 17,749.11 കിലോമീറ്റര്‍ റോഡ് ബിഎം-ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തി. മലയോര പാത തീരദേശ പാത എന്നിവ പൂര്‍ത്തിയാക്കി കേരളത്തിന്റെ റോഡ് ശൃഖല ശക്തിപ്പെടുത്തകയെന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
സ്മാര്‍ട്ട് ഡിസൈന്‍ റോഡുകള്‍.
2031 ഓടെ നൂറു ശതമാനം റോഡുകളും സ്മാര്‍ട്ട് ഡിസൈനിലുള്ള ആധുനിക നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. സംസ്ഥാന പാതകള്‍ നാല് വരി ഡിസൈന്‍ റോഡായും പ്രധാന ജില്ല റോഡുകള്‍ രണ്ട് വരി ഡിസൈന്‍ റോഡ് ആയും ഘട്ടം ഘട്ടമായി ഉയര്‍ത്തും. ബൈപ്പാസ്, എലിവേറ്റഡ് ഹൈവേ, ഗ്രേഡ് സെപ്പറേറ്ററുകളുടെ നിര്‍മാണം എന്നിവും ലക്ഷ്യം. പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിനു റോഡ് ശൃംഖലയുടെ മാപ്പ് തയ്യാറാക്കി ഡിസൈന്‍ പോളിസിക്ക് അനുസൃതമായി വികസിപ്പിക്കും. ആദിവാസി മേഖലയിലെ സമഗ്ര റോഡ് കണക്റ്റിവിറ്റി, നഗരങ്ങളില്‍ സ്മാര്‍ട്ട് റോഡുകള്‍ എന്നിവയും നിര്‍മിക്കും.
കേരളത്തിന്റെ കാലാവസ്ഥ വെല്ലുവിളികള്‍ കണക്കിലെടുത്ത് സുസ്ഥിര നിര്‍മ്മാണം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി റീക്ലെയിംഡ് ആസ്ഫാള്‍ട്ട് പേവ്‌മെന്റ്, ഫുള്‍ ഡെപ്ത് റിക്ലമേഷന്‍ തുടങ്ങിയ സാങ്കേതികവിദ്യ പദ്ധതികളില്‍ ഉള്‍പ്പെടുത്തും. ജിയോ സെല്‍/ജിയോ ഗ്രിഡ്, കയര്‍ ഭൂവസ്ത്രം, നാച്ചുറല്‍ റബ്ബര്‍ തുടങ്ങിയവയുടെ ഉപയോഗത്തിനു കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. സൃഷ്ടിപരമായി രൂപകല്‍പ്പന ചെയ്ത പൊതുസ്ഥലങ്ങള്‍, ഗതാഗത ശൃംഖലകല പോലെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏകീകരിച്ച് കേരളത്തെ ആഗോള കേന്ദ്രമായി മാറ്റാനും മികച്ച സൗകര്യങ്ങളോടെയുള്ള വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും വകുപ്പ് ലക്ഷ്യമിടുന്നു. പരിസ്ഥിതി, സ്ത്രീ, ഭിന്നശേഷി സൗഹൃദ സ്മാര്‍ട്ട് ബസ് ഷെല്‍ട്ടറുകള്‍ നിര്‍മിക്കും.
റോഡ് സേഫ്റ്റി സെല്‍ രൂപീകരിക്കും.
നിരത്തുപരിപാലനത്തില്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച റണ്ണിംഗ് കോണ്‍ട്രാക്ട് പദ്ധതി ഈ മേഖലയിലെ പ്രധാന ചുവടുവെപ്പായിരുന്നു. ഡിഎല്‍പി ബോര്‍ഡുകള്‍ സ്ഥാപിച്ച് പരിപാലനത്തില്‍ സുതാര്യത ഉറപ്പാക്കി. ഇത് റോഡുകള്‍ കാര്യക്ഷമമായി പരിപാലിക്കുന്നതിലേക്ക് നയിച്ചു. സമഗ്ര റോഡ് സുരക്ഷാ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍/ഹോസ്പിറ്റല്‍ മേഖലകളില്‍ ആധുനിക ഫുട് ഓവര്‍ ബ്രിഡ്ജ്, റോഡ് കാരിയേജ് വേഎഐ സാങ്കേതികവിദ്യയിലൂടെ റോഡ് സേഫ്റ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവ നടപ്പിലാക്കും. റോഡ് സുരക്ഷ ഓഡിറ്റ് നടത്തുന്നതിന് എല്ലാ ജില്ലകളിലും റോഡ് സേഫ്റ്റി സെല്‍ രൂപീകരിക്കും. സിഫ്റ്റ് റെസ്‌പോണ്‍സ് പ്രോട്ടോക്കോളും സേഫ് സിസ്റ്റം അപ്രോച്ചും സെല്‍ഫ് എക്‌സ്‌പ്ലെയിന്‍ഡ് റോഡുകള്‍ നിര്‍മിക്കാനും ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു.
150 പാലങ്ങള്‍ പൂര്‍ത്തിയാക്കി.
നൂറ് പാലങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനം മൂന്ന് വര്‍ഷം കൊണ്ട് സാധ്യമാക്കി. 150-മത് പാലം തിരുവന്തപുരത്തെ പാറശാലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ അഞ്ചിന് നാടിന് സമര്‍പിക്കുമെന്നും മന്ത്രി പറഞ്ഞു. പാലനിര്‍മ്മാണത്തില്‍ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താനും സ്ട്രക്ചറല്‍ ഹെല്‍ത്ത് മോണിറ്ററിംഗ് വഴി പാലങ്ങളുടെ കാര്യക്ഷമമായ പരിപാലനം നടത്താനും വിനോദ സഞ്ചാര സാധ്യത പരിഗണിച്ച് പാലം ഭംഗിയായി ഡിസൈന്‍ ചെയ്തു പണിയാനും പദ്ധതി.
144 റെയിയില്‍വേ മേല്‍പാലങ്ങള്‍ പണിയുക ലക്ഷ്യം.
കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റെയില്‍വെ മേല്‍പ്പാലങ്ങള്‍ പൂര്‍ത്തിയാക്കാനായി. നിലവില്‍ 10 എണ്ണം പൂര്‍ത്തിയായി. 25 മേല്‍പാലങ്ങളുടെ പ്രവൃത്തി പുരോഗമിക്കുന്നു. 2031 ഓടെ മുഴുവന്‍ മേല്‍പാലങ്ങളുടെയും നിര്‍മാണം പൂര്‍ത്തീകരിച്ച് 144 റെയില്‍വെ മേല്‍പ്പാലങ്ങള്‍ പണിയുകയാണ് ലക്ഷ്യം.
കെട്ടിട നിര്‍മ്മാണ മേഖലയില്‍ കോംപസിറ്റ് ടെണ്ടര്‍ നടപ്പിലാക്കിയും ഗ്രീന്‍ ബില്‍ഡിംഗ് രീതികള്‍ വ്യാപകമാക്കിയും കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. പൊതുമരാമത്ത് വകുപ്പിലെ കെട്ടിട നിര്‍മ്മാണത്തിന്റെ നൈപുണ്യ വികസനത്തിന് ബിഐഎം പ്ലാറ്റ്‌ഫോം സജ്ജമാക്കുകയാണ് പ്രധാന ലക്ഷ്യം. നിര്‍മ്മാണ മേഖലയില്‍ പുരനുപയോഗ-പുനഃചംക്രമണ രീതി നടപ്പില്‍ വരുത്തും.
തീരദേശ മേഖലകളിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ കൂടുതല്‍ കാലം നിലനില്‍ക്കുന്നതിനുള്ള നൂതന സാങ്കേതിക വിദ്യകള്‍ സ്വീകരിക്കും. കെട്ടിട നിര്‍മ്മാണ പ്രക്രിയയെ വേഗത്തിലാക്കുന്നതിനും നിര്‍മ്മിതിയുടെ ഗുണനിലവാരം, ഈട്, പെര്‍ഫോമന്‍സ് എന്നിവ മെച്ചപ്പെടുത്തി സമയവും ചിലവും കുറയ്ക്കുന്നതിന് ആഗോള തരത്തില്‍ അംഗീകരിക്കപെട്ടിട്ടുള്ള സാങ്കേതിക വിദ്യയായ പ്രീ ഫാബ്രിക്കേറ്റഡ് നിര്‍മ്മാണരീതി വ്യാപകമായി പ്രയോജനപ്പെടുത്താനും വകുപ്പ് ലക്ഷ്യമിടുന്നു.
പൊതുമരാമത്ത് വകുപ്പില്‍ നടപ്പിലാക്കിയ പീപ്പിള്‍സ് റസ്റ്റ് ഹൗസ് ഓണ്‍ലൈന്‍ ബുക്കിംഗ് പദ്ധതിയിലൂടെ റസ്റ്റ് ഹൗസുകളുടെ വരുമാനം നാലു വര്‍ഷം കൊണ്ട് മുപ്പത് കോടിയിലേക്ക് എത്തിക്കാനായി. കേരളത്തിലെ എല്ലാ പ്രധാന ടുറിസം തീര്‍ത്ഥാടന കേന്ദ്രങ്ങളിലും റസ്റ്റ് ഹൗസുകള്‍ നിര്‍മ്മിക്കാനും ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു.
നെറ്റ് സീറോ എനര്‍ജിയിലേക്ക്.
പരിസ്ഥിതി സൗഹൃദ ഇലക്ട്രിക്ക് നിര്‍മ്മാണ സാമഗ്രികളുടെ ഉപയോഗത്തിലേക്ക് മാറും. നെറ്റ് സീറോ എനര്‍ജി കെട്ടിടങ്ങളുടെ വികസനം, ഉപഭോക്ത സൗഹൃദത്തിന് ഉതകുന്ന നിര്‍മ്മാണ രീതികള്‍ എന്നിവ പ്രോത്സാഹിപ്പിക്കും. സൗരോര്‍ജ്ജം ഉള്‍പ്പെടെ ഉപയോഗപ്പെടുത്താനുള്ള പരിശ്രമം നടത്തും. പരിസ്ഥിതി സംരക്ഷിക്കുന്നതിനായി ദൃശ്യമലിനീകരണം കുറക്കുന്ന രീതിയിലുള്ള സംവിധാനം പൊതുമരാമത്ത് പ്രവര്‍ത്തികളില്‍ ഉള്‍പ്പെടുത്തും. കെട്ടിടങ്ങളില്‍ ആധുനിക അഗ്‌നി സുരക്ഷാ അടിസ്ഥാനസൗകര്യങ്ങള്‍ നടപ്പിലാക്കും. മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനവും ജലപുനരുപയോഗവും സംരക്ഷണവും നടപ്പിലാക്കാനും ലക്ഷ്യമിടുന്നു.
ഇന്‍ക്ലൂസീവ് ഡിസൈന്‍.
പൊതു നിര്‍മ്മിതികളില്‍ ഇലക്ട്രോണിക്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി ഉപകരണങ്ങള്‍ സ്ഥാപിച്ച് ഭിന്ന ശേക്ഷി സൗഹൃദമാക്കും. പശ്ചാത്തല വികസന സാധ്യതകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ബൃഹത്തായ ''ഡാറ്റാ ബാങ്ക്'' തയ്യാറാക്കി 'ഇന്‍ക്ലൂസീവ് ഡിസൈന്‍' നടപ്പിലാക്കുന്നതിനാണ് വകുപ്പ് ഊന്നല്‍ നല്‍കുന്നു.
ഹരിത നിര്‍മ്മാണ നയത്തിന്റെ ഭാഗമായ കെ-ഗ്രീന്‍ റേറ്റിംഗ് സംസ്ഥാനത്തില്‍ നടപ്പിലാക്കും. നൂതന ആശയങ്ങളും കെട്ടിട നിര്‍മ്മാണ സാമഗ്രഹികളും സാങ്കേതിക വിദ്യകളും ഉപയോഗിച്ച് പൊതു കെട്ടിടങ്ങളും മറ്റു നിര്‍മ്മിതികളും അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുവാന്‍ ശ്രമിക്കും. പ്രാദേശിക പ്രതിഛായയും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന സുസ്ഥിരവും ആകര്‍ഷകവും പരിസ്ഥിതി സൗഹൃദവുമായ നിര്‍മ്മിതികള്‍ പ്രോത്സാഹിപ്പിക്കും. ഗ്രീന്‍ ബില്‍ഡിംഗ്, ലാന്‍ഡ് സ്‌കേപ്പ് ഡിസൈന്‍, ഇന്റീരിയര്‍ ഡിസൈന്‍, പ്രീ എഞ്ചിനിയേര്‍ഡ് ബില്‍ഡിംഗ് തുടങ്ങിയ മേഖലകളില്‍ നൈപുണ്യ വികസനങ്ങള്‍ സാധ്യമാക്കുന്നതിനും ലക്ഷ്യമിടുന്നു.
കെഎച്ച്ആര്‍ഐ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്തും.
നിര്‍മ്മാണ മേഖലയില്‍ രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമായി കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ മാറ്റാന്‍ സാധിച്ചു. സ്ഥാപനത്തെ അന്താരാഷ്ട്രാ നിലവാരത്തിലുള്ള ഗവേഷണ കേന്ദ്രമായി ഉയര്‍ത്തി തിങ്ക് ടാങ്കായി മാറ്റാന്‍ വകുപ്പ് ലക്ഷ്യമിടുന്നു. നിര്‍മാണ മേഖലയിലെ മാലിന്യം പുനരുപയോഗം ചെയ്യുന്നതിനായി ഗവേഷണം വ്യാപിപ്പിക്കും. പൊതുമരാമത്ത് വകുപ്പിന് കീഴിലെ നേര്യമംഗലം പരിശീലന കേന്ദ്രത്തെ ഉയര്‍ത്തും. ജില്ലാ ക്വാളിറ്റി ലാബുകളും എന്‍എബിഎല്‍ അക്രഡിറ്റേഷന്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കും.
ഭരണസംവിധാനം സുതാര്യമാക്കും
പൊതമരാമത്ത് മേഖലയില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിന് ഇ ഓഫീസ് സംവിധാനം, കോണ്‍സ്റ്ററ്റന്‍സി മോണിറ്ററിംഗ് ടീം, ജില്ലാതല ഡി ഐ സി സി കള്‍ തുടങ്ങിയവയുടെ തുടര്‍ച്ചയായി സമഗ്രവും കാലാനുസൃതവുമായ മാനുവല്‍ പരിഷ്‌കരണം ലക്ഷ്യമിടുന്നു. അതോടൊപ്പം പ്രവൃത്തികള്‍ കാര്യക്ഷമമാക്കുവാന്‍ കരാറുകാര്‍ക്ക് പെര്‍ഫോമന്‍സ് ബേസ്ഡ് ഗ്രേഡിങ് സിസ്റ്റം നടപ്പിലാക്കാനും ലക്ഷ്യമിടുന്നതായി നയരേഖ അവതരണത്തില്‍ മന്ത്രി പറഞ്ഞു.