അവളുടെ ചുണ്ടിനും അവന്റെ കാതിനുമിടയിൽ - കഥ

വിട്ടു പോകാനല്ല തനിക്കു മാത്രം അറിയുന്ന സാന്നിധ്യമായി തിരിച്ചു നൽകാനാണ് അമ്മയും മകനെയും മരണം കൊണ്ടുപോയതെന്ന് ലക്ഷ്മിക്ക്‌ മാത്രമറിയുന്ന സത്യം..  

ICU വിനുള്ളിൽ മഞ്ഞു പോലെ തണുത്ത അമ്മയുടെ കയ്യും പിടിച്ചിരിക്കുമ്പോൾ ലക്ഷ്മിയുടെ മനസ്സ് വർഷങ്ങൾക്ക് പിന്നിലേക്ക് നടക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ആദ്യമായി ഭർത്തൃഗൃഹത്തിൽ നിലവിളക്ക് കയ്യിൽ വച്ചുതന്നു കൈപിടിച്ച് അകത്തേക്ക് കയറ്റുമ്പോഴാണ് അമ്മയെ അവൾ ആദ്യമായി കാണുന്നത്. അച്ഛൻ മരിച്ചതിനു ശേഷം അമ്മ വീടുവിട്ട് എവിടെയും പോയിട്ടില്ല അതു കൊണ്ടാണ് നിന്നെ കാണാൻ  വരാത്തതെന്നു വേണു അവളോട് പറഞ്ഞിരുന്നെങ്കിലും ലക്ഷ്മിക്കു എന്തൊക്കെയോ ആശങ്കകളായിരുന്നു..തെറ്റില്ലാത്ത സൗന്ദര്യവും, ദാരിദ്ര്യത്തെ തോല്പ്പിച്ചു വാശിക്കു പഠിച്ചു നേടിയ ഡിഗ്രികളും, തറവാട്ടു മഹിമയും കൊണ്ട് മാത്രം അവളെ തേടി എത്തിയ സമ്പന്ന കുടുംബത്തിലെ വിവാഹാലോചന അവളെ ചിലപ്പോഴൊക്കെയെങ്കിലും ഭയപ്പെടുത്തിയിരുന്നു. താനൊരു ഗതിയില്ലാത്ത വീട്ടിലെതായതുകൊണ്ടാവും അമ്മ തന്നെ കാണാൻ വരാത്തതെന്നു അവൾക്കു തോന്നി എല്ലാവരും ഈ ബന്ധം അവളുടെ ഭാഗ്യമാണെന്ന് പറഞ്ഞെങ്കിലും അവൾക്കുള്ളിൽ പേടിയായിരുന്നു. 

വേണുവിന്റെ വീട്ടിലെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ അവൾക്കു മനസ്സിലായി സ്വർഗം പോലൊരു വീടാണ് തനിക്കു ദൈവം തന്നിരിക്കുന്നതെന്നു. സ്നേഹിക്കാൻ മാത്രമറിയുന്ന അമ്മയും മകനും. വേണു പ്രീ ഡിഗ്രിക്കു പഠിക്കുമ്പോൾ ആയിരുന്നു അയാളുടെ അച്ഛൻന്റെ മരണം. അദ്ദേഹം തന്റെ സ്ഥാപനത്തിലെ തൊഴിലാളികളെ സ്വന്തം സഹോദരങ്ങളായിട്ടാണ് കണ്ടിരുന്നത്. അതുകൊണ്ടു തന്നെ വേണു വിദ്യാഭ്യാസം പൂർത്തിയാക്കി അച്ഛൻന്റെ ബിസ്സിനസ്സ് ഏറ്റെടുക്കുന്നത് വരെ നിധികാക്കുന്ന ഭൂതങ്ങളെ പോലെ അച്ഛൻനുണ്ടാക്കിയ ബിസ്നസ്സ് എല്ലാംഅവർ കാത്തു സൂക്ഷിച്ചു. മരിച്ചിട്ടും കുടെയുണ്ടായിരുന്നവരെ നിയന്ത്രിക്കാൻ കഴിയുന്ന ഒരു സ്നേഹസമ്പന്നനായ ഒരു വ്യക്തിയെ ലക്ഷ്മി കാണാതെ കണ്ടത് വേണുവിന്റെ അച്ഛനിലാണ്.. 

പെണ്ണുകാണാൻ ചെന്നപ്പോൾ തന്നെ കുസൃതി കണ്ണുകളും, ചുരുണ്ട മുടിയുമുള്ള വേണുവിനെ ഒറ്റ നോട്ടത്തിൽ തന്നെ ലക്ഷ്മിക്ക്‌ ഇഷ്ട്ടപെട്ടു. ചെല്ലുന്നിടത്തെല്ലാം സ്നേഹംകൊണ്ടൊരു പ്രഭാവലയം തീർക്കാൻ കഴിവുള്ളവനായിരുന്ന വേണുവിനോട് ആരും ഒരിക്കൽ പോലും  എതിർത്തു സംസാരിച്ചു  ലക്ഷ്മി കേട്ടിട്ടില്ല. എല്ലാവരാലും ബഹുമാനിക്കപ്പെടുന്നൊരു വ്യക്തിയുടെ ഭാര്യയാകാൻ കഴിഞ്ഞത് മുജന്മ്മ സുകൃതമായി ലക്ഷ്മി കരുതി. രാവേറെചെല്ലുവോളവും എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളുമായി വേണുവിന്റെ നെഞ്ചിൽ ചേർന്നുകിടന്നു ചുരുണ്ട രോമങ്ങളിൽ കയ്യുടക്കി വലിച്ചു കുസൃതി കാണിച്ചു കൊണ്ട് ലക്ഷ്മി പറയുമായിരുന്നു ചുരുണ്ട മുടിയും, കുസൃതി കണ്ണുകളുമുള്ള ഒരു മോളെ വേണമെന്ന്. അച്ഛനെ വാർത്തു വെച്ചിരിക്കുന്ന പോലൊരു മോളെ ദൈവം അവർക്കു നൽകി. ലേബർ റൂമിൽ പോലും ലക്ഷ്മിയെ ഒറ്റയ്ക്ക് കരയാൻ വിടാതെ സുഹൃത്തായ ഗൈനക്കോളജിസ്റ്റിനോട് വാശി പിടിച്ചു കൂടെ നിന്നു വേണു.മോളെ കയ്യിൽ കിട്ടിയപ്പോൾ ഇനി ഈ പരിപാടി നമുക്ക് വേണ്ട ഒരു കുഞ്ഞു മാത്രം മതിയെന്നു കരഞ്ഞുകൊണ്ട് വേണു പറഞ്ഞപ്പോൾ തളർച്ചയിലും പൊട്ടിചിരിച്ചു പോയി ലക്ഷ്മി. 

ചെറുപ്പം മുതലേ ക്ഷേത്രത്തിലെ ദേവിവിഗ്രഹത്തിൽ അണിയിച്ചിരിക്കുന്ന നാഗപാടത്താലി പോലൊന്ന് ലക്ഷ്മിയുടെ മോഹമായിരുന്നു നാലു പെണ്ണ്മക്കളുള്ള വീട്ടിലെ നാലാമത്തെയാളായ അവളുടെ വിവാഹമെത്തിയപ്പോഴേക്കും അച്ഛൻന്റെ കണക്കു പുസ്തകം കാലിയായിരുന്നു. സ്വർണ്ണത്തെ ക്കാൾ വിലയുള്ള അച്ഛൻന്റെയും അമ്മയുടെയും സ്നേഹവും അനുഗ്രഹവും ആവോളം നൽകി അവളെ യാത്രയാക്കിയപ്പോൾ അവളാ മോഹം ഉപേക്ഷിച്ചു. 

ഒരു വിവാഹവാർഷികത്തിന് ലക്ഷ്മി ഒരിക്കൽ പോലും ആഗ്രഹം പറഞ്ഞിട്ടില്ലാത്ത നാഗപടത്താലി കഴുത്തിൽ അണിയിച്ചു കൊടുത്തുകൊണ്ട് വേണു അവളെ അത്ഭുതപെടുത്തി. മകൾക്ക് മൂന്നു വയസ്സായപ്പോൾ തന്നെ അവളെ വേണുവിന്റെ അമ്മയ്‌ക്കൊപ്പം മാറ്റി കിടത്തിയത് അയാളുടെ കുഞ്ഞു കുറുമ്പായിരുന്നു. ലക്ഷ്മിക്ക്‌ അതിൽ പരിഭവം ഇല്ലായിരുന്നു കാരണം മകളേക്കാൾ പ്രിയപ്പെട്ടതായിരുന്നു അവൾക്ക് അയാൾ. 

ഒരു ദിവസം രാത്രി ലക്ഷ്മിയെ ചേർത്തുപിടിച്ചു കിടന്നുകൊണ്ട് കമ്പനിയിലെ വിശേഷങ്ങൾ പറഞ്ഞുകൊണ്ട്രിക്കുമ്പോൾ വേണു പെട്ടന്ന് നിശബ്ദനായി ഇത്ര വേഗം ഉറങ്ങി കളഞ്ഞോ എന്നു പറഞ്ഞു ലക്ഷ്മി കളിയാക്കി പെട്ടന്ന് ബെഡിൽ നനവ് പടരുന്നത് പോലെ ലക്ഷ്മിക്ക്‌ തോന്നി ലൈറ്റിട്ടു നോക്കുമ്പോൾ വേണു മൂത്രമൊഴിച്ചിരിക്കുന്നു.  എന്താണ് സംഭവിക്കുന്നതെന്ന് ലക്ഷ്മിക്ക് മനസ്സിലായില്ല. ഒരു ഭ്രാന്തിയെ പോലെ ഒരുപാട് കുലുക്കി വിളിച്ചു നോക്കി അവൾ പക്ഷെ പിന്നീടയാൾ ഉണർന്നില്ല അവളോട് ഒരു വാക്കുപോലും പറയാതെ പത്തു വയസ്സുകാരി മകളെയും, പ്രായമായ അമ്മയെയും അവളെ ഏൽപ്പിച്ചു അയാൾ പടിയിറങ്ങി പോയി. 

വേണുവിന്റെ മരണ ശേഷം അവളെ കയ്യ്പിടിച്ചു നടത്തിയത് അയാളുടെ അമ്മയായിരുന്നു. വേണുവിന്റെ ബിസ്സ്നസ്സുകൾ ഏറ്റെടുത്തു നടത്താൻ അവൾക്കു ശക്തിപകർന്നഅവർ കൂടെ നിന്നു. മകന്റെ രക്തത്തിൽ പിറന്ന കുഞ്ഞിനെ ചുമക്കുന്നവൾ മകൾ തന്നെ എന്ന ചിന്തയ്ക്കും അപ്പുറമായിരുന്നു അവരുടെ മനസ്സിൽ മരുമകൾക്കുള്ള സ്ഥാനം. വേണുവിന്റെ മരണ ശേഷം ലക്ഷ്മി ഒരിക്കൽ പോലും അമ്മയെവിട്ട് മാറി നിന്നിട്ടില്ല. "അവളുടെ വീടിന്റെ സൗകര്യമൊന്നും നമുക്കില്ലാത്തതുകൊണ്ടാണ് അവളിവിടെ നിൽക്കാത്തതെന്നു " കൂടെപിറപ്പുകൾ പരിഭവം പറയുമ്പോൾ ലക്ഷ്മിയെ നന്നായറിയുന്ന അച്ഛനും, അമ്മയും അവളുടെ പക്ഷം പിടിക്കും. ശരിയാണ് അവളുടെ കിടപ്പറയിൽ അവളുടെ വിശേഷങ്ങൾക്കായി കാതോർത്തിരുന്ന വേണുവിന്റെ സാന്നിധ്യവും, പാതി മയക്കത്തിൽ ഇപ്പോഴും കൈയിലുടക്കുന്ന രോമചുരുളുകളും അവളുടെ മാത്രം സൗകര്യങ്ങളാണ്. 

ലക്ഷ്മിയുടെ അമ്മ പുറത്തു തട്ടി വിളിച്ചപ്പോഴാണ് അവൾ ചിന്തയിൽ നിന്ന് ഉണർന്നത്. അവർ ഒരു പിടി നാണയം അവളുടെ കൈയിൽ വച്ചുനൽകയ്യിട്ടു പറഞ്ഞു മോളെ എത്ര ദിവസമായി അങ്ങോട്ടോ, ഇങ്ങോട്ടോന്നില്ലാതെ അവരീകിടപ്പു തുടങ്ങിട്ട് നിങ്ങളെ വിട്ടുപോകാൻ മനസ്സു വരുന്നുണ്ടാവില്ല പാവത്തിന്. മോളു തന്നെ അമ്മയെ ഉഴിഞ്ഞു അമ്പലത്തിൽ കൊണ്ടുപോയിട്ട് പ്രാർത്ഥിച്ചിട്ടുവാ 

തളർന്നു കിടന്നാലും അമ്മ കൂടെ വേണമെന്ന് അപ്പോൾ വരെ ലക്ഷ്മി ആഗ്രഹിച്ചിരുന്നു. പക്ഷെ അവളുടെ അമ്മ അതു പറഞ്ഞപ്പോൾ അവൾ തിരിച്ചറിഞ്ഞു അതു തന്റെ സ്വാർഥതയാണെന്ന്. അവരുടെ കൈയിൽ നിന്നു നാണയം വാങ്ങി അമ്മയെ ഉഴിഞ്ഞു അവൾ അടുത്തുള്ള അമ്പലത്തിലേക്ക് നടന്നു. അമ്മ ആഗ്രഹിക്കുന്നെങ്കിൽ മരണം കൊടുത്ത് അനുഗ്രഹിക്കണേ എന്നു പ്രാർത്ഥിച് നാണയത്തുട്ടുകൾ അമ്പലത്തിൽ നികക്ഷേപിച്ചു അവൾ തിരിച്ചിറങ്ങുമ്പോൾ അമ്മ പോയി എന്നു പറഞ്ഞു ലക്ഷ്മിക്ക്‌ കോള് വന്നു. 

വിട്ടു പോകാനല്ല തനിക്കു മാത്രം അറിയുന്ന സാന്നിധ്യമായി തിരിച്ചു നൽകാനാണ് അമ്മയും മകനെയും മരണം കൊണ്ടുപോയതെന്ന് ലക്ഷ്മിക്ക്‌ മാത്രമറിയുന്ന സത്യം.. 

രമ്യ വിഷ്ണു

യാത്ര

Author
Citizen Journalist

Remya Vishnu

Writer and Entrepreneur

You May Also Like