കഥ - കനൽവഴിയിലൂടെ

അവനെ ഗർഭിണിയാ ണെന്നറിഞ്ഞ സമയം മുതലുള്ള ഓരോ കാര്യങ്ങളും അവളുടെ മനസ്സിലൂടെ കടന്നു പോയി. 

പന്ത്രണ്ടു വയസ്സുകാരൻ മകൻ്റെ മൃതദേഹത്തിനരികിൽ കരയാൻ മറന്ന് അവളിരിക്കുകയാണ് ഒരായിരം ചിന്തകൾ ആ മനസ്സിലൂടെ കടന്നു പോകുന്നുണ്ട്. ചേതനറ്റ മകൻ്റെ തലയൽ അവൾ നിർത്താതെ തലോടികൊണ്ടിരിക്കുകയാണ് അവന് വല്ല്യ ഇഷ്ടമാണ് അമ്മ തലയിൽ തലോടികൊടുക്കുന്നത് അവൾ നിർത്താൻ തുടങ്ങുമ്പോൾ അമ്മേ കുറച്ചു കൂടി എന്നു പറഞ്ഞ് അവളുടെ കൈകൾ അവൻ വീണ്ടും തലയിലെടുത്തു വയ്ക്കും. ഇനി കുറച്ചു സമയം കൂടിയേ അവൾക്കവനെ തൊടാൻ കഴിയു...... ഉമ്മ വയ്ക്കാൻ കഴിയു... ഇനി എന്ന് എവിടെ വച്ച് തൻ്റെ പൊന്നുമോനെ കാണും എന്ന ചിന്ത ചുട്ടുപഴുത്ത കനലാകുന്നു ... 

            അവനെ ഗർഭിണിയാ ണെന്നറിഞ്ഞ സമയം മുതലുള്ള ഓരോ കാര്യങ്ങളും അവളുടെ മനസ്സിലൂടെ കടന്നു പോയി. താൻ മൂന്നാമതും ഗർഭിയാണെന്നറിഞ്ഞപ്പോൾ അവൾക്കാദ്യം വിഷമം തോന്നി കാരണം മൂത്ത കുട്ടികൾക്ക് നാലും , രണ്ടും വയസ്സു മാത്രമെ പ്രായമുണ്ടായിരുന്നുള്ളു. വലിയ കുടുബത്തിലെ മൂത്ത മരുമകളായതുകൊണ്ട് അവശതകൾ ഒന്നുമില്ലാത്തപ്പോൾ പോലും അവളെ തളർത്തികളയാൻ മാത്രം ജോലികളുണ്ടാകും വീട്ടിൽ. അതിനിടയിൽ ഗർഭിണിയായതിൻ്റെ അവശതകളും കൂടിയായപ്പോൾ അവൾക്ക് സഹിക്കാവുന്ന തിനും അപ്പുറമായിരുന്നു.

            കുടുബത്തിലെ മറ്റുള്ളവർക്കെല്ലാം രണ്ടു വർഷം കൂടുമ്പോൾ അവളുടെ ജീവിതത്തിൽ സാധാരണ സംഭവിക്കാറുള്ള ഒരു കാര്യം മാത്രമായിരുന്നു . അവർക്ക് കൊഞ്ചിക്കാൻ ഒരു കുഞ്ഞു കൂടി വരുന്ന സന്തോഷവും. വീട്ടിലെ പത്ത് പന്ത്രണ്ട് പേർക്ക് വച്ചുണ്ടാക്കലും മറ്റു പണികളും അതിനിടയിൽ വയറ്റിലുള്ള കുഞ്ഞ് അനങ്ങുന്നുണ്ടോ എന്ന് ശ്രദ്ധിക്കാൻ പോലും അവൾക്ക് സമയം കിട്ടിയിരുന്നില്ല. എല്ലാവരെയും സ്നേഹിക്കാൻ മാത്രമറിയുന്ന തൻ്റെ ഭർത്താവിനെ പരാതികൾ പറഞ്ഞ് വിഷമിക്കരുതെന്ന് അവൾ തീരുമാനിച്ചിരുന്നു. ഇടയ്ക്കിടെ അവളെ കാണാൻ വരുമായിരുന്ന അവളുടെ അമ്മ ഏഴാം മാസത്തിൽ തന്നെവയറ് വല്ലാതെ താഴേയ്ക്കിറങ്ങിയിരിക്കുന്നത് കണ്ട് അവളെ വഴക്കു പറഞ്ഞു. ''നീയില്ലാ

ത്തപ്പോഴും ഇവിടുത്തെ കാര്യങ്ങളൊക്കെ നടക്കാറില്ലേ അവനവനാകുന്നതു മാത്രം ചെയ്യൂ , നിനക്കെന്തെങ്കിലും സംഭവിച്ചാൽ നിൻ്റെ ഭർത്താവിന് വേറെ പെണ്ണിനെ കിട്ടും, ഇവിടുള്ളവർക്ക് മരുമകളേം പക്ഷെ നിൻ്റെ കുഞ്ഞുങ്ങൾക്ക് വേറെ അമ്മയെ കിട്ടില്ല" എന്ന് അവരുടെ സങ്കടം ദേഷ്യമായി പെയ്തു തീർത്തു. 

           എല്ലാ അമ്മമാരും അങ്ങനെയാ മക്കള് കഷ്ടപ്പെടുന്നതു കാണുമ്പൊ സങ്കടം വരും. എന്നാൽ അവരും ഇതേ അവസ്ഥകളിലൂടെ കടന്നുപോയവർ തന്നെയാകും. അമ്മ പേടിച്ചതു പോലെ തന്നെ  ഡോക്ടർ പറഞ്ഞ ഡേയ്റ്റിനും ഒരു മാസം മുൻപു തന്നെ അവൾ പ്രസവിച്ചു, തൻ്റെ മൂന്നാമത്തെ മകനെ മൂന്നും ആൺമക്കളായതിൽ അവൾ ക്കൊട്ടും വിഷമം ഉണ്ടായിരുന്നില്ല . 

           അവനാണെങ്കിൽ മൂത്ത രണ്ട് മക്കളെയും പോലെയല്ല അമ്മയടുത്തില്ലാതെ ഒരു നിമിഷം പോലും ഇരിക്കില്ല. മറ്റാരെടുത്താലും അവൻ നിർത്താതെ കരയും . അമ്മയെ ഇത്തിരി നേരം പോലും കൺവെട്ടത്തു നിന്നു മാറാനനുവദിക്കാതെ ഇത്രയതികം ചേർത്തു പിടിച്ചത് , അമ്മയോടൊപ്പം ജീവിക്കാൻ കുറച്ചായുസ്സുമായി വന്നവനായതുകൊണ്ടാണെന്ന്  അവളന്ന് അറിഞ്ഞില്ല. 

           അവളുടെ മുപ്പതാം വയസ്സിൽ  ആറും, നാലും, രണ്ടും വയസ്സുള്ള മൂന്നു കുഞ്ഞുങ്ങളെയും അവളെ ഏൽപ്പിച്ചിട്ട് 

  അവളുടെ പ്രിയപ്പെട്ടവൻ യാത്രയായപ്പോൾ ഇരുട്ടു മാത്രമായിരുന്നു മുൻപിൽ . ഒന്നു രണ്ടു വർഷങ്ങൾ കഴിഞ്ഞപ്പോൾ വിധവയായ ചേട്ടത്തിയും മക്കളും തങ്ങളുടെ ജീവിതത്തിൽ ബാദ്യതയാകുമോ എന്ന പേടി അനിയൻമാരുടെ ഭാര്യമാരെ അവൾക്കെതിരാക്കി.അല്ലെങ്കിലും ഭർത്താവു മരിച്ച ഒരു സ്ത്രീക്ക് അയാളുടെ വീട്ടിൽ എന്തു സ്ഥാനമാണ് ഉണ്ടാകുക. ഒരു അടുക്കളക്കാരിയെ പോലെ അവിടെ കഴിഞ്ഞിട്ടും അവൾക്കവിടുന്ന് പടിയിറങ്ങേണ്ടി വന്നു.

            ഒറ്റമുറി വാടക വീട്ടിൽ മൂന്നു കുഞ്ഞുങ്ങളെയും ചേർത്തു പിടിച്ച് ജീവിതം തുടങ്ങുമ്പോൾ  അത്യാവശ്യമുള്ള സാധനങ്ങൾ പോലും കയ്യിലില്ലായിരുന്നു. തൻ്റെ കുഞ്ഞുങ്ങളുടെ ഓരോ നേരത്തെ വിശപ്പും അവളുടെ മുന്നിൽ വലിയ വെല്ലുവിളികളായിരുന്നു. വീട്ടുവേലക്കാരിയായും, സെയിൽസ് ഗേളായും, പലഹാരങ്ങളുണ്ടാക്കി കടക ളിൽ കൊടുത്തും അങ്ങനെ അവൾക്കു കഴിയുന്ന ജോലികളെല്ലാം ചെയ്ത് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അവൾ നെട്ടോട്ടം മോടി കൊണ്ടിരുന്നു.

             ആകെ ഉണ്ടായിരുന്ന രണ്ട് സാരി ബ്ലൗസുകളിൽ ഒന്ന് പിന്നി കീറിയപ്പോൾ പുതിയ തൊന്നെടുക്കാൻ അവൾ കടയിൽ പോയി ഏതു സാരിക്കൊപ്പവും ഇടാം എന്ന ധാരണയിൽ എന്നത്തേയും പോലെ കറുത്ത തുണി എടുക്കാമെന്നാണ് അവൾ കരുതിയത് എന്നാൽ അതിനേക്കാളും അഞ്ചു രൂപാ കുറവിൽ കുറച്ച് തിളക്കമുള്ള ഒരു തുണി അവളവിടെ കണ്ടു. ഒട്ടും ഇഷ്ടപ്പെട്ടില്ലെങ്കിലും വില കുറവാലോചിച്ചപ്പോൾ അവളാ തുണി വാങ്ങിച്ചു. മിച്ചം കിട്ടുന്ന പൈസ കൊണ്ട് തൻ്റെ കുഞ്ഞുങ്ങൾക്ക് ഒരു പാക്കറ്റ് ബിസ്ക്കറ്റ് വാങ്ങി കട്ടൻ ചായയ്ക്കൊപ്പം നൽകാമെന്നവൾ കരുതി. അമ്മയുടെ ഇല്ലായ്മ അറിയുന്നതു കൊണ്ട് ഉള്ളതിൽ ഒതുങ്ങിയിരുന്നു ആ കുഞ്ഞുങ്ങൾ. 

             എന്നാൽ ആ ബ്ലൗസിട്ട് പുറത്തിറങ്ങിയപ്പോൾ തിളങ്ങുന്ന വസ്ത്രമിട്ട് ആണുങ്ങളെ വശീകരിക്കാൻ നടക്കുകയാണെന്നു പറഞ്ഞ് അയൽപക്കത്തെ സ്ത്രീ ചീത്ത പറഞ്ഞു അത് അവളെ വല്ലാതെ തളർത്തി . മക്കളോടൊത്ത് ആത്മഹത്യ ചെയ്താലൊ എന്നവൾ ഒരു നിമിഷം ചിന്തിച്ചു.അമ്മയുടെ കഷ്ടപ്പാടറിഞ്ഞ് നന്നായി പഠിക്കുന്ന കുഞ്ഞുങ്ങളായതുകൊണ്ട് അവർക്കൊരു നല്ല ഭാവിയുണ്ടാകും എന്ന പ്രതീക്ഷയിൽ അവൾ ജീവിച്ചു തുടങ്ങി. 

             അടുത്തുള്ള കോൺവെൻ്റിലെ കന്യാസ്ത്രികളുടെ സഹായത്തോടെ അവരുടെ ഹോസ്പിറ്റലിൽ അവൾക്ക് ജോലി കിട്ടി . കന്യാസ്ത്രികളുടെയും മറ്റു പല സുമനസ്സുകളുടെയും കാരുണ്യത്തിൽ അവളൊരു കൊച്ചു വീട് തല്ലി കൂട്ടി . എന്തു സഹായത്തിനും സ്നേഹമുള്ള അയൽവാസികൾ. അങ്ങനെ അവരമ്മയും മക്കളും പുതു സ്വപ്നങ്ങൾ കണ്ടു ജീവിതം കരുപ്പിടിപ്പിച്ചു തുടങ്ങിയപ്പോഴാണ് അടുത്ത ദുരന്തം അവളെ തേടി എത്തിയത്

              അവളുടെ കുഞ്ഞുമോൻ അമ്മയും ചേട്ടൻമാരും ഏത് കഷ്ടപ്പാടിലും ഒരുപാട് കൊഞ്ചിച്ചു വളർത്തിയ അവരുടെ പൊന്നുമോൻ, അവന് ഇടയ്ക്കിടെ തലവേദന വരുമായിരുന്നു. ഒരു പരീക്ഷാ കാലത്ത് വന്ന ശക്തമായ തലവേദന , വേദന കൂടിയപ്പോൾ അവനെയും കൊണ്ട് ഹോസ്പിറ്റലിൽ പോയി അവൾ. വിദക്ത പരിശോധനയിൽ അവൻ്റെ തലയിൽ ഒരു ട്യൂമർ വളരുന്നതായി കണ്ടു. അത് അറിയാൻ ഒരുപാട് വൈകി പോയിരുന്നു. ഒരു സർജറി വേണമെന്ന് ഡോക്ടർ പറഞ്ഞു. വ്യക്തമായൊരുറപ്പ് അവർക്കും നൽകാൻ കഴിയുമായിരുന്നില്ല. സർജറി നടന്നു, പക്ഷെ ദൈവം അവരോട് കരുണ കാണിച്ചില്ല. അമ്മയേയും ചേട്ടമ്മാരെയും തനിച്ചാക്കി അവൻ പോയി.....

              ശവസംസ്കാരത്തിനു സമയമായി അടുത്തുള്ള പള്ളിയിലെ അച്ചൻ വന്നു. അന്ത്യകർമ്മങ്ങൾക്കു ശേഷം അവൻ്റെ മൃതശരീരവും വഹിച്ചുകൊണ്ടുള്ള അവസാന യാത്ര സിമിത്തേരി പള്ളിയിലേയ്ക്ക് നീങ്ങി.ഒരു മാസം മുൻപു വരെ പള്ളിയിൽ കുർബാനയ്ക്കും , വേദപാഠ ക്ലാസ്സിലുമെല്ലാം ഉത്സാഹത്തോടെ ഓടി വന്നിരുന്ന  കുഞ്ഞാണല്ലോ എന്നോർത്തപ്പോർ പള്ളീലച്ചനും കരഞ്ഞു പോയി. അവനെ കുഴിയിലേയ്കെടുക്കാൻ നേരമായി അവൻ്റെ പ്രിയപ്പെട്ടവരെല്ലാം വിങ്ങി പൊട്ടി കൊണ്ട് അവന് അന്ത്യ ചുംബനം നൽകി. അവൻ്റെ അമ്മയുടേയും ചേട്ടൻമാരുടെയും ഊഴമെത്തി. അവനെ അടക്കാൻ സമ്മതിക്കാതെ അൻ്റെ പെട്ടിയിൽ ഇറുകെ പിടിച്ച് പൊട്ടിക്കരയുന്ന സഹോദരങ്ങളെ എന്തു പറഞ്ഞാ ശ്വസിപ്പിക്കണമെന്ന് ആർക്കും അറിയില്ലായിരുന്നു. ഒടുവിൽ അവൾ വന്നു അവരുടെ അമ്മ രണ്ടു മക്കളേയും ചേർത്തു പിടിച്ചു കൊണ്ട് അവൾ പറഞ്ഞു. " മക്കളെ അമ്മയ്ക്കു മാത്രം മതിയോ കൂട്ട് ചാച്ചൻ്റെ കൂടേയും വേണ്ടേ ആരെങ്കിലും അവൻ ചാച്ചനു കൂട്ടായി പൊയ്ക്കോട്ടെ" . അതവൾ മക്കളോടു പറഞ്ഞ ആശ്വാസവാക്കു മാത്രമായിരുന്നില്ല സ്വയം ആശ്വസിക്കാൻ കണ്ടെത്തിയ മാർഗ്ഗവും കൂടിയായിരുന്നു. അവൾ രണ്ടു മക്കളേയും ചേർത്തു പിടിച്ച്  കനൽവഴിയിലൂടെ തിരിച്ചു നടന്നു.ഇനിയും എത്ര ദൂരമെന്നറിയാതെ .......

മൂടത്തു മഠത്തിൽ ചെന്നാൽ ദേവകന്യകമാരെ കാണാം

Author
Citizen Journalist

Remya Vishnu

Writer and Entrepreneur

You May Also Like