ആദ്യമായി പുറത്തിറക്കുന്ന ട്രൈബല്‍ ഹെല്‍ത്ത് ആക്ഷന്‍ പ്ലാനിന് ലോകാരോഗ്യ സംഘടന സാങ്കേതിക സഹായം നല്‍കും

കേരളത്തിലെ ആദിവാസി മേഖലയിലെ ആരോഗ്യ ഇടപെടലുകള്‍ക്ക് പിന്തുണ


തിരുവനന്തപുരം: കേരളത്തിലെ ആദിവാസി മേഖലയിലെ ആരോഗ്യ ഇടപെടലുകള്‍ക്ക് പിന്തുണയുമായി ലോകാരോഗ്യ സംഘടനാ (ഡബ്ല്യു.എച്ച്.ഒ.) പ്രതിനിധികള്‍. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ ഇക്കാര്യമറിയിച്ചത്.


ആദ്യമായി സംസ്ഥാന തലത്തില്‍ വികസിപ്പിക്കുന്ന ട്രൈബല്‍ ഹെല്‍ത്ത് ആക്ഷന്‍ പ്ലാനിന് വേണ്ട സാങ്കേതിക സഹായം ലോകാരോഗ്യ സംഘടന നല്‍കുമെന്ന് പ്രതിനിധികള്‍ അറിയിച്ചു. ആദിവാസി മേഖലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് ട്രൈബല്‍ ഹെല്‍ത്ത് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. സംസ്ഥാനതല ശില്‍പശാല നടത്തിയാണ് ഇതിന് രൂപം നല്‍കിയത്.


കുട്ടികളുടെ ആരോഗ്യത്തിനായി കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങളെ ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ അഭിനന്ദിച്ചു. നവജാതശിശുക്കളുടെ മരണ നിരക്ക് രാജ്യത്ത് ഏറ്റവും കുറവ് കേരളത്തിലാണ്. മാത്രമല്ല ഇത് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യാവുന്നതുമാണ്.


കേരളം കുട്ടികളുടെ ആരോഗ്യത്തിന് നല്‍കുന്ന പ്രാധാന്യം മന്ത്രി വീണാ ജോര്‍ജ് വിവരിച്ചു. പ്രസവം നടക്കുന്ന ആശുപത്രികളില്‍ മികച്ച സൗകര്യങ്ങളൊരുക്കി ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തി. രാജ്യത്ത് ആദ്യമായി മാതൃ ശിശു സൗഹൃദ ഇനിഷ്യേറ്റീവ് നടപ്പിലാക്കി. പ്രസവം നടക്കുന്ന ആശുപത്രികളെ ദേശീയ ലക്ഷ്യ സ്റ്റാന്റേഡിലേക്ക് ഉയര്‍ത്തി വരുന്നു. 12 ആശുപത്രികള്‍ക്ക് ദേശീയ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. കുഞ്ഞുങ്ങള്‍ക്ക് ഗുണമേന്മയുള്ള ചികിത്സയും പരിചരണവും ഒരുക്കിയതിന് 3 ആശുപത്രികള്‍ക്ക് ദേശീയ മുസ്‌കാന്‍ അംഗീകാരം ലഭിച്ചു. കുഞ്ഞുങ്ങളുടെ ജന്മനായുള്ള വൈകല്യങ്ങള്‍ കണ്ടെത്തി ചികിത്സിക്കുന്നതിന് വിപുലമായ സ്‌ക്രീനിംഗ് പ്രോഗ്രാം നടപ്പിലാക്കി. തിരുവനന്തപുരം എസ്.എ.ടി.യില്‍ ആദ്യമായി ജനറ്റിക്‌സ് വിഭാഗവും ഫീറ്റല്‍ മെഡിസിന്‍ വിഭാഗവും ആരംഭിച്ചു. ഹൃദ്യം പദ്ധതിയിലൂടെ 7900ലധികം കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തി. അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കായി കെയര്‍ പദ്ധതി ആദ്യമായി നടപ്പിലാക്കി. ഇത് കൂടാതെയാണ് ആദിവാസി മേഖലയ്ക്ക് മാത്രമായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.


ഡബ്ല്യു.എച്ച്.ഒ. ഹെല്‍ത്ത് സിംസ്റ്റം സ്‌ട്രെന്തനിംഗ് ടീം ലീഡര്‍ ഡോ. ഹില്‍ഡെ ഡിഗ്രിവ്, ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് സിസ്റ്റംസിലെ ഡോ. ദിലീപ് മെയ്‌രാംബം, ട്രൈബല്‍ ഹെല്‍ത്ത് നാഷണല്‍ ഓഫീസര്‍ ഡോ. പ്രദീഷ് സിബി, എന്‍.എച്ച്.എം. ചൈല്‍ഡ് ഹൈല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. രാഹുല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


സി.ഡി. സുനീഷ്


Author
Citizen Journalist

Goutham Krishna

No description...

You May Also Like