സര്‍വ്വീസ് സംബന്ധമായ പരാതികള്‍ നല്‍കാന്‍ പോലീസില്‍ പ്രത്യേക സംവിധാനമായി
- Posted on January 21, 2023
- News
- By Goutham prakash
- 302 Views

പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സര്‍വ്വീസ് സംബന്ധമായ പരാതികള്‍ നല്‍കുന്നതിന് പ്രത്യേക സംവിധാനം നിലവില്‍ വന്നു. പോലീസിന്‍റെ വെബ് അധിഷ്ഠിത ഫയലിംഗ് സംവിധാനമായ iAPS (ഇന്‍റേണല്‍ അഡ്മിനിസ്ട്രേറ്റീവ് പ്രോസസിംഗ് സിസ്റ്റം) ല്‍ പുതുതായി ചേര്‍ത്ത ഗ്രിവന്‍സസ് എന്ന മെനുവിലൂടെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതികള്‍ മേലുദ്യോഗസ്ഥര്‍ക്ക് നേരിട്ട് സമര്‍പ്പിക്കാം.
ശമ്പളം, പെന്‍ഷന്‍, അച്ചടക്ക നടപടി, ശമ്പള നിര്‍ണ്ണയം, വായ്പകള്‍, അവധി, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, സീനിയോറിറ്റി, സര്‍വ്വീസ് സംബന്ധമായ മറ്റ് കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ ഇതിലൂടെ നല്‍കാം. ഇത്തരത്തില്‍ ലഭിക്കുന്ന പരാതികളില്‍ സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ച വിവരങ്ങളും ഈ സംവിധാനത്തിലൂടെ ഉടനടി അറിയാനാകും. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിലവിലുളള iAPS അക്കൗണ്ട് ലോഗിന്‍ ചെയ്ത് പേഴ്സണ്‍ മെനു ക്ലിക്ക് ചെയ്ത് ഗ്രിവന്‍സസ് സംവിധാനം ഉപയോഗിക്കാം.
ജില്ലാ പോലീസ് ഓഫീസുകളില്‍ മാനേജര്‍മാരും മറ്റ് പോലീസ് ഓഫീസുകളില്‍ സമാനറാങ്കിലെ ഉദ്യോഗസ്ഥരും ഗ്രിവന്‍സസ് സംവിധാനത്തിന്‍റെ മേല്‍നോട്ടം നിര്‍വ്വഹിക്കും.
പ്രത്യേക ലേഖകൻ