പത്താംതരാം തുല്യതാപരീക്ഷ
- Posted on November 09, 2025
- News
- By Goutham prakash
- 27 Views
നവംബര്‍ 8 മുതല്‍ 18 വരെ; ഷാര്‍ജയിലും സെന്റര്‍.
സ്വന്തം ലേഖകൻ.
കേരള സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന പത്താംതരം തുല്യതാ കോഴ്‌സിലെ പതിനെട്ടാം ബാച്ചിന്റെ പരീക്ഷ നവംബർ എട്ട് മുതല്‍ പതിനെട്ട് വരെ വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ നടക്കും.
മലയാളം, തമിഴ്, കന്നഡ മീഡിയങ്ങളില്‍ ആകെ 8,252 പേരാണ് ഗ്രേഡിങ് രീതിയിലുള്ള പരീക്ഷ എഴുതുന്നത്. 5 വർഷങ്ങള്‍ക്ക് ശേഷം യു.എ.ഇ യിലെ പഠിതാക്കള്‍ തുല്യതാപഠനത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഈ വർഷത്തെ പത്താംതരാം തുല്യതാപരീക്ഷയ്ക്കുണ്ട്.
കേരളത്തിലും യു.എ.ഇയിലുമായി 181 പരീക്ഷാകേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഷാർജയിലെ അജ്മാനിലുള്ള ന്യൂ ഇന്ത്യൻ മോഡല്‍ സ്‌കൂളാണ് യു.എ.ഇയിലെ ഏക പരീക്ഷാകേന്ദ്രം. 24 പഠിതാക്കളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. 9 പേപ്പറുകള്‍ ഉള്‍പ്പെടുന്ന പരീക്ഷയില്‍ എല്ലാ പേപ്പറുകള്‍ക്കും എഴുത്തുപരീക്ഷയും തുടർമൂല്യനിർണ്ണയവും ഉണ്ടായിരിക്കും. 2025ല്‍ ആദ്യമായി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികള്‍ മുഴുവൻ പേപ്പറുകളും എഴുതണം.
കേരള കേരളസർക്കാരിന്റെ തുടർ സാക്ഷരതാ പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ 2005ലാണ് തുല്യതാപഠനം ആരംഭിക്കുന്നത്. 2024-25 അധ്യയന വർഷത്തെ പഠിതാക്കള്‍ക്കുള്ള പരീക്ഷയാണ് നിലവില്‍ നടക്കാൻ പോകുന്നത്. ഉപരിപഠനത്തിനോ മറ്റു ജോലി ആവശ്യങ്ങള്‍ക്കോ പത്താംതരാം തുല്യതാ പരീക്ഷ സർട്ടിഫിക്കറ്റ് എസ്.എസ്.എല്‍.സിക്ക് തുല്യമായി കേരളസർക്കാർ അംഗീകരിച്ചിട്ടുണ്ട്.
