ഭൂഗോളത്തിലെ വഴിയമ്പലങ്ങൾ

നാട്ടിലേക്കു പോകുക,പത്താം ക്ലാസ്സിൽ കൂടെ പഠിച്ച എല്ലാ സഹപാഠികളേയും കണ്ടെത്തുക. സ്കൂളിൽ തന്നെ ഒരു ഒത്തുചേരൽ . '

"ഒരു പൂർവ്വ വിദ്യാർത്ഥി സംഗമം"

"എല്ലാ കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നതിനാൽ പേരിനും, സ്ഥലങ്ങളൾക്കും രൂപമാറ്റം വരുത്തിയിട്ടുണ്ട്"

PART-1

...............

2008 ജനുവരി27 നു ന്യൂയോർക്കിൽ നിന്നു പതിനാലു മണിക്കൂർ ഫ്ലൈറ്റിൽ യാത്ര ചെയ്തു നെടുമ്പാശ്ശേരിയിൽ ഇറങ്ങി, അവിടുന്ന് രണ്ടു മണിക്കൂർ കാറിൽ കോട്ടയത്തെത്തി, മുക്കാൽ മണിക്കൂർ യാത്ര ചെയ്തു വാകത്താനത്തെ വീട്ടിൽ ചാക്കോച്ചി എന്നു വിളിപ്പേരുള്ള എബ്രഹാം ചാക്കോ എന്ന മുപ്പത്തഞ്ചുകാരൻ ഒരു മാസത്തെ അവധിക്കു വന്നതിനു പിന്നിൽ ഒരു ഉദ്ദേശം ഉണ്ടായിരുന്നു.

അതിനും രണ്ടു വർഷം മുൻപു റിലീസ് ചെയ്ത "ക്ലാസ്സ്മേറ്റ്സ്" എന്ന സിനിമ മനസ്സിൽ ആഴത്തിൽ കയറി എവിടെയോ പറ്റി കിടക്കുന്നു.

പത്താംക്ലാസ്സിൽ പാസ്മാർക്കിൽ പാസായശേഷം വല്യപ്പനോടും വല്യമ്മയോടും ടാറ്റാ പറഞ്ഞ് അമേരിക്കയിലേക്കു പറക്കേണ്ടി വന്ന ഒരു പതിനാലുകാരൻ . പിന്നെ നാടുമായിട്ടുള്ള ബന്ധം വീഡിയോ കാസറ്റിട്ടു മലയാള സിനിമ കാണുമ്പോഴായിരുന്നു.

ന്യൂയോർക്കിലെ ഒരു വല്യപ്രൈവറ്റ്കമ്പനിയിൽ ജോലി കിട്ടിയ ശേഷം കുന്നംകുളത്തുകാരി എൽസയെ മിന്നുകെട്ടി, അതിൽ "എഡ്റിക്" എന്നു നാക്കുളുക്കുന്ന പേരുള്ള നാലുവയസ്സുകാരൻ മകനൊപ്പം, അപ്പന്റേയും അമ്മച്ചിയുടേയും കൂടെ ജീവിക്കുന്ന സമയത്താണ് ക്ലാസ്സ്മേറ്റ്സ് സിനിമ കണ്ടത്.ജീവിതത്തിൽ ഏതെക്കയോ പ്രായങ്ങൾ നഷ്ടപ്പെടുത്തിയ പോലെ ഒരു തോന്നൽ...!

കാരണമില്ലാതെ വീണ്ടും വീണ്ടും ആ സിനിമ കണ്ടു. അനുഭവിക്കാത്ത ഓർമകൾക്ക് ജീവൻ കൊടുക്കാൻ...!

അമേരിക്കയിലെ എഡിസൺ എന്ന സ്ഥലത്തെ വുഡ്ബറി റോഡിലൂടെ മഞ്ഞുപെയ്യുന്നതും നോക്കി കാറോടിക്കുമ്പോൾ ചാക്കാച്ചി തേടി നടന്ന ഉത്തരത്തിൽ മനസ്സു ചെന്നു മുട്ടി.


നാട്ടിലേക്കു പോകുക,പത്താം ക്ലാസ്സിൽ കൂടെ പഠിച്ച എല്ലാ സഹപാഠികളേയും കണ്ടെത്തുക. സ്കൂളിൽ തന്നെ ഒരു ഒത്തുചേരൽ . '

"ഒരു പൂർവ്വ വിദ്യാർത്ഥി സംഗമം"

ആഗ്രഹം അവകാശംപോലെ വീട്ടിൽഅവതരിപ്പിച്ചു.

" ഞാൻ വരില്ല" എന്നു എൽസ തീർത്തു പറഞ്ഞു. അമേരിക്കൻ വാസം അവളിൽ ഒരു  മദാമ്മയുടെ രൂപമാറ്റം ചാക്കോച്ചി കണ്ടു. കെട്ടുമ്പോൾ എൽസ പാവപ്പെട്ട ഒരു കപ്യാരുടെ മകളായിരുന്നു.

" ചാക്കോച്ചി നീ പോയിട്ടു വാ" അപ്പനും അമ്മയും ഒരുമിച്ചു അനുവാദം തന്നു. അഞ്ചു വർഷം മുൻപ്  വല്യമ്മ മരിച്ചപ്പോഴാണ് ഇവരും നാട്ടിൽ അവസാനം പോയത്.

നാട്ടിൽ വല്യപ്പന്റെ കൂടെ അപ്പാപ്പനും കുടുബവുമാണ് താമസിക്കുന്നത്. അവരെ അമേരിക്കയിൽ കൊണ്ടു വരാത്തതിന്റ പരിഭവം പണ്ടേ ഉണ്ട്. അപ്പൻ എല്ലാ മാസവും ഒരു തുക അനിയനു അയച്ചു കൊടുക്കും. അതുകൊണ്ടു തന്നെ ആപ്പാപ്പൻ പണിയെടുക്കാതെ തന്നെ ആ കുടുംബം കരകേറി.

ആ കുടുംബവീട്ടിലാണ് ചാക്കോച്ചി ഇപ്പോൾ യാത്ര അവസാനിപ്പിച്ചു നിൽക്കുന്നത്.

വല്യമ്മ മരിച്ചത് അൽഷിമേഴ്സ് ബാധിച്ച വല്യപ്പൻ ഇപ്പോഴും അറിഞ്ഞിട്ടില്ല. എന്നാലും ഇടയ്ക്കെപ്പഴോ ആരെയോ തേടുന്ന പോലെ. കെട്ടിയവളുടെ പേരുചോദിക്കാൻ തുടങ്ങുമ്പോഴേക്കും മറവിയിലേക്കു പോകുന്ന ഗതികേട്.

എന്നിട്ടും ചാക്കോച്ചി വല്യമ്മയെ പറ്റി പറഞ്ഞു..

 "എവിടെ കേൾക്കാൻ "

പറമ്പിന്റ പച്ചമണം തേടി ചാക്കോച്ചി തൊടിയിലൂടെ നടന്നു. സ്കൂളിൽ പഠിക്കുമ്പോൾ ഞായറാഴ്ചകളിൽ കൊല്ലേണ്ട പൂവൻ കോഴിയെ പിടിക്കാൻ ഓടി നടന്ന പറമ്പിനു വയസ്സായ പോലെ.

കുറെ നേരം നോക്കി നിന്നപ്പോൾ പറമ്പിനു ഊമയായ പാട്ടുകാരന്റ മുഖമാണെന്നു തോന്നി.

അപ്പാപ്പന്റ ബുളറ്റിലാണ് സ്കൂളിലേക്കു പോയത്. സർറ്റിഫിക്കറ്റു വാങ്ങി പടിയിറങ്ങിയിട്ടു ഇരുപത്തിയൊന്നു വർഷായി. അന്നത്തെ അദ്ധ്യാപകർ ഇന്നുണ്ടാക്കുമോ?

തന്നോടു പ്രത്യേക വാത്സല്യമായിരുന്നു

ഫിസിക്സ് പഠിപ്പിക്കുന്ന ഓമന ടീച്ചർ ഇപ്പോൾ ഉണ്ടാകുമോ?

കാലം സ്കൂളിനു ഒരാന ചന്തം വരുത്തിരുന്നു.

പ്യൂൺ ജോസഫേട്ടൻ ഇടവകയിലെ ആളായതു കൊണ്ടു കാര്യങ്ങൾ എളുപ്പായി.

ഓമന ടീച്ചറെ പറ്റി തിരക്കി.

" മുന്നുവർഷം മുൻപ് ട്രാൻസ്ഫറായി. പാവം വല്ലാത്തൊരവസ്ഥയിലാ പോകേണ്ടി വന്നത്."

ചാക്കോച്ചിയിൽ ജിജ്ഞാസ.

"എന്താ പറ്റിയത് ടീച്ചർക്ക് "

"ഉച്ച കഴിഞ്ഞു ക്ലാസെടുത്തു നിൽക്കുമ്പോ പെട്ടന്നു വയറിളകി ക്ലാസ്സിൽ വെച്ചു തന്നെ കാര്യം സാധിച്ചു. കുട്ടികളുടെ മുമ്പിൽ വച്ചല്ലേ.. ടീച്ചർക്കു താങ്ങാവുന്നതിനും അപ്പുറമായിരുന്നു ആ അവസ്ഥ. പിന്നെ വന്നില്ല."

അയാൾ പറഞ്ഞപ്പോൾ ചാക്കോച്ചി ശരിക്കും വല്ലാതായി.

"നാടു തടുത്താലും മൂഡു തടുക്കാൻ പറ്റില്ലല്ലോ?

ജോസഫേട്ടൻ പഴമൊഴി പറഞ്ഞപ്പോൾ ഹെഡ് മാസ്റ്റർ വന്നു.

കാര്യങ്ങൾ മുഴുവൻ ജോസഫേട്ടൻ തന്നെ അവതരിപ്പിച്ചു.

" ഇതൊക്കെ സന്തോഷം തരുന്ന കാര്യമല്ലേ.. അന്നത്തെ കുട്ടികളുടെ മുഴുവൻ അഡ്രസ്സും തരാം." ഹെഡ്മാസ്റ്റർക്കും ഉത്സാഹമായി.

 "ചാക്കോച്ചീ, സ്കൂളിൽ ഹാള് പുതുക്കി പണിയുന്നുണ്ട്. നിങ്ങളെ പോലുള്ള എൻ.ആർ ഐ ക്കാരും സഹായിക്കണം. "

" തീർച്ചയായും സാർ..! നാളെ തന്നെ ചെക്കു തരാം. ഞാൻ മാത്രമല്ല എന്റ ബാച്ചിൽ പഠിച്ച എല്ലാവരും സഹായം ചെയ്യും. അടുത്ത ആഴ്ച തന്നെ ഞങ്ങൾ ഒത്തുചേരും"

അത്രത്തോളമായിരുന്നു ചാക്കാച്ചിയുടെ ആത്മ വിശ്വാസം.

"ഈ അഡ്രസ്സുകൾ പല സ്ഥലങ്ങളിലാ.വീടു തേടി പിടിക്കാൻ കുറെ ബുദ്ധിമുട്ടേണ്ടിവരും. ഇതിലൊരാളെ കൂട്ടുപിടിച്ചാൽ കണ്ടുപിടിക്കാൻ എളുപ്പാകും."

ജോസഫ് ചേട്ടൻ പറഞ്ഞത് ശരിയാണെന്നു ചാക്കോച്ചിക്കു തോന്നി. ഒരു അഡ്രസ്സിൽ കണ്ണുടക്കി.

"രഘു." ലാസ്റ്റു ബഞ്ചിന്റ അവകാശി. 

ഒരു പക്ഷേ അവനിപ്പോഴും ജീവിതത്തെ പറ്റി കാഴ്ച്ചപ്പാടില്ലാതെ ജീവിക്കുന്നുണ്ടാവും. അല്ലെങ്കിൽ വല്ല ക്രിമിനൽ ആയിട്ടുണ്ടാവും. ആ പ്രായത്തിലും അവൻ ഇങ്ങനെയൊക്കെ തന്നെയായിരുന്നു. അവനെ കണ്ടെത്തിയാൽ ഒരു പക്ഷേ എല്ലാവരിലേക്കും എത്താൻ എളുപ്പാകും.

ആളും പേരും നിറഞ്ഞ റോഡുവക്കിൽ മറിഞ്ഞു കിടക്കുന്ന ടെലിഫോൺ പോസ്റ്റിൽ ഇരുന്നു രഘു പുതിയ നിയമത്തിന്റ ഏടുകൾക്കുചെവികൊടുത്തിരിക്കുകയായിരുന്നു.

വെള്ള രൂപത്തിൽ രണ്ടു ദൈവദാസന്മാർ വചനങ്ങൾ അരുളപ്പാടു പോലെ അലറി വിളിച്ചപ്പോൾ അമ്മയുടെ മിസ്ഡ് കോൾ രഘുവിന്റ പഴയ അലുമിനിയം കളറിലുളള റിലയൻസ് ഫോണിൽ വന്നു.

ബാലൻസുള്ള മുന്നു രൂപയിൽ നിന്നു തിരിച്ചു വിളിച്ചു.

"നിന്റ പഴയ കൂട്ടുകാരൻ അമേരിക്കയിൽ നിന്നു വന്നിരിക്കുന്നു. പെട്ടെന്നുവാ..!"

രഘു വാ പൊളിച്ചു പോയി. അമേരിക്കയിൽ എനിക്കു ഏതു കൂട്ടുകാരൻ..?

സൈക്കിൾ ചവുട്ടി ആകാവുന്നത്ര വേഗത്തിൽ അമേരിക്കക്കാരനെ കാണാൻ വീട്ടിലെത്തിയതും രഘു ശ്വാസം കിട്ടാതെ കിതച്ചു. പോക്കറ്റിൽ കരുതിയ" ഇൻഹേലർ" വലിച്ചു ശ്വാസം നേരെയാക്കി.

മുററത്തെ "മുസാണ്ടാ" ചെടിക്കു ഓരം പറ്റി വൃത്തിയില്ലാത്ത ചെറിയ വീപ്പക്കു മുകളിലിരുന്നു ചാക്കോച്ചി കട്ടൻ കാപ്പി കുടിക്കുകയായിരുന്നു.

രഘുവിൽ ഒരു ക്രിമിനലിന്റ ഭാവം പ്രതീക്ഷിച്ച ചാക്കോച്ചി അൽഭുതത്തോടെ അവനെ നോക്കി.

കുഞ്ഞാടിന്റ ഭാവത്തിൽ ക്ഷീണിച്ചു വിളറിയ വാഴത്തണ്ടു പോലൊരു രൂപം.

രഘുവിനും ചാക്കോച്ചിയെ തിരിച്ചറിയാൻ പറ്റിയില്ല.

ഓർമ്മപ്പെടുത്താൻ കാലം ഒന്നും അവരിൽ ബാക്കി വെച്ചില്ല. പക്ഷേ ഉള്ളവന്റേയും ഇല്ലാത്തവന്റേയും ഭാവങ്ങൾ ആകാശത്തോളം ഉണ്ടായിരുന്നു.

" ഞാൻ ചാക്കോച്ചി .പത്താം ക്ലാസ്സു കഴിഞ്ഞു അമേരിക്കയിൽ പോയ..."

അതു കേട്ടതും രഘു ചാക്കോച്ചിയുടെ കൈയ്യിൽ കയറി പിടിച്ചു.

"ഓർമ്മയുണ്ട് നല്ല ഓർമ്മയുണ്ട് മറന്നില്ലല്ലോ?"

രണ്ടു പേരും രണ്ടു നിറത്തിൽ ചിരിച്ചപ്പോൾ അവർക്കു ചുറ്റും വിശേഷങ്ങൾ നിറയാൻ തുടങ്ങി.

റെസ്റ്റോറന്റിലെ ശിതീകരിച്ച മുറിയിൽ ആഹാരം ഓർഡറു ചെയ്തിരിക്കുമ്പോൾ രഘുവിൽ സഭാ കമ്പം.

"ആദ്യായിട്ടാ ഇങ്ങനെ ഒരു സ്ഥലത്ത് ...!" 

"രഘുവിനെന്താ ജോലി...?"

അവൻ ചിരിച്ചു. ജീവിതത്തോടു തന്നെ വിശ്വാസം നഷ്ടപ്പെട്ടവനെ പോലെ.

" ഒരു പ്രൈവറ്റ് ബസിലെ കിളിയായിരുന്നു. ഇപ്പോ പോകുന്നില്ല. അമ്മ തൊഴിലുറപ്പിനു പോകുന്നുണ്ട്. പിന്നെ വൈകിട്ട് തട്ടുകടയിൽ സഹായിക്കാൻ പോകും"

താൻ ചിന്തിച്ചതുപോലെ തന്നെ.ഇവൻ എവിടേയും എത്തീട്ടില്ല. ബാക്കി കുട്ടികളൊക്കെ നല്ല നിലയിൽ എത്തീട്ടുണ്ടാവും.

ജ്യൂസും കട്ട്ലെറ്റും കഴിക്കുമ്പോ ചാക്കോച്ചി രഘുവിനു മുന്നിൽ വരവിന്റ ഉദ്ദേശം അറിയിച്ചു. അറിഞ്ഞപ്പോൾ രഘുവിലും ഒത്തിരി സന്തോഷം.


"എല്ലാരേം വീണ്ടും ഒരിക്കൽ കൂടി ഒന്നു കാണുക. എത്ര സന്തോഷമുള്ള കാര്യാ.."

അവന്റെ സന്തോഷം ചാക്കോച്ചിയെ അത്ഭുതപ്പെടുത്തി. തമ്മിൽ പിരിയുമ്പോൾ നാളെ കൂട്ടുകാരുടെ അഡ്രസ്സ് തേടി പോകാൻ അവർ തീരുമാനിച്ചു.


കാരണമില്ലാതെ പെയ്ത ചാറ്റൽ മഴയുടെ വെള്ള പടർപ്പിൽ ബുളളറ്റിലുള്ള രാവിലത്തെ യാത്രക്കു എന്തൊരു അനുഭൂതി.

ആദ്യത്തെ അഡ്രസ്സ് വിജയമണിയുടെ ആയിരുന്നു. സ്കൂളിലെ "ഹൈജമ്പ്" താരം. ജില്ലാ മീറ്റിൽ സ്വർണ്ണം നേടിയ ചാട്ടക്കാരൻ.

" ഇപ്പോൾ മണി റെയിൽവേയിലോ പോലീസിലോ ജോലി നേടിയിട്ടുണ്ടാവും അല്ലേ?"

ബൈക്ക് ഓടിക്കുമ്പോ ചാക്കോച്ചിയുടെ ആകാംഷ .

വിജയമണിയുടെ വീട് ഒളശ്ശക്കപ്പുറം ഒരു സ്ഥലത്താ. സിനിമാ നടൻ വിജയരാഘവന്റ

വീടിനു മുന്നിലൂടെ അവർ കടന്നുപോയപ്പോ രഘു ചാക്കോച്ചിക്കു വീടു കാട്ടി കൊടുത്തു.

കൊയ്ത്തു തുടങ്ങിയ പാടത്തിന്റെ നടുവിലൂടെയുള്ള ചെമ്മൺ പാതയിലേക്കു കയറിയപ്പോൾ ആ വഴിക്കു ആത്മഹത്യ ചെയ്ത മൃതദേഹത്തിന്റ ഭാവമായിരുന്നു. 

കൊയ്ത്തുപാട്ടും കടന്ന് ഓല കൊണ്ടു മതിൽ കെട്ടിയ ചെറിയ പറമ്പിനുള്ളിൽ തെന്നിവീഴാൻ നിൽക്കുന്ന വീടിനോടു ചേർന്നു ഒരു പുരാവസ്തു തൊഴുത്ത്.

അവിടെ ഒരു പശു രതിക്രീഡ അനുഭവിക്കുകയാണ്. അതിന്റ മേലേ സർക്കസു നടത്തുന്ന വിത്തുകാളക്ക് പുരുഷവേശ്യയുടെ ഭാവമായിരുന്നു.

റഫറിയെ പോലെ അവരുടെ ക്രീഡകൾക്ക് വഴി കാട്ടിയായി വിജയമണിയെന്ന സഹപാഠി വിസിലൂതി.

"എന്താ അവിടെ കാട്ടുന്നത്"? ചാക്കോച്ചിക്കു കാര്യം മനസ്സിലായില്ല.

" പശുവിനെ തടു പ്പിക്കുകയാ എന്നു വെച്ചാൽ പ്രസവിക്കാനുള്ള വിത്തിടുകയാ ."

രഘു തന്റെ അറിവു പകർന്നു കൊടുത്തു.

" അപ്പോ വിജയമണിക്കു ഇതാണോ പണി?"

രണ്ടു പേരും മണിയുടെ അടുത്തേക്കു ചെന്നു.

"തടുപ്പിക്കാൻ പശുവിനെ കൊണ്ടുവന്നില്ലേ..?"

" മണി ഇതു ഞങ്ങളടാ..! പത്താം ക്ലാസ്സിൽ പഠിച്ച രഘുവും അമേരിക്കയിൽ പോയ ചാക്കോച്ചിയും ....!"

മണിയുടെ മുഖത്തിനു കാളയുടെ ഭാവമായതു കൊണ്ടാവാം പരിചയത്തിന്റ ചിരി വന്നില്ല..!

" മണി നീ വല്യയൊരു ചാട്ടക്കാരനായി കാണുമെന്നാ ഞാൻ വിചാരിച്ചെ..!"

ചാക്കോച്ചിയിൽ ഇപ്പോഴും കണ്ടത് വിശ്വാസാകാത്തതു പോലെ.

"അപ്പന്റെ പണിയാരുന്നു ഇത്. മുതുകിൽ കാളകുത്തി കിടപ്പിലാ : കുടുംബം നോക്കാൻ ഞാനിതേറ്റെടുത്തു. ഇപ്പോ ഇതിനൊക്കെ പുതിയ കുത്തി പെപ്പു വന്നൂന്ന് പറയുന്നു. ഒരു കാളവണ്ടിയുണ്ട്. കാര്യം ഒന്നൂല്ല..!"

രഘുവും ചാക്കോച്ചിയും കേട്ടിരുന്നു.

"സ്വപ്നങ്ങളൊക്കെയുണ്ടായിരുന്നു.വല്യചാട്ടക്കാരനാകണമെന്ന്.പക്ഷേ,ഇപ്പോഞാൻചെയ്യുന്നത് പശുവിനു മേലേ കാളയെ ചാടിക്കാലാ"

പറഞ്ഞതും മുഖത്തിനു ചേരാത്ത ഒരു ചിരി

മണി ചുണ്ടിൽ വരുത്തി.

ചാക്കോച്ചി കൈയ്യിൽ കരുതിയ 'പ്യാരി' മിഠായി പാക്കറ്റ് മണി ക്കു നീട്ടി.

" ഇതു കഴിക്കാൻ കുട്ടികളില്ല. നാടു മുഴുവൻ പശുക്കളെ പ്രസവിപ്പിക്കാൻ പറ്റി.ജീവിതത്തിൽ ഒരു കുഞ്ഞിനെ ദൈവം തന്നില്ല."


വിഷമിക്കുമ്പോഴും ചിരിക്കുമ്പോഴും മുഖത്ത് ആ ഭാവം വരാത്ത ലോകത്തെ ഏക ആളാണ് മണിയെന്നു ചാക്കോച്ചിക്കു തോന്നി.

വരവിന്റ ഉദ്ദേശത്തെ പറ്റി പറഞ്ഞു കൊടുത്തു.


"എല്ലാരും കൂടെ ഒരു ഒത്തുചേരൽ . പഴയ ഓർമ്മകൾ അയവിറക്കി. അതും സ്കൂളിൽ വച്ച് ..!

" ചാക്കോച്ചി എല്ലാം നേടി അമേരിക്കയിൽ ജീവിക്കുന്ന നിനക്കു ഓർമ്മകൾ നിധിയാ. എനിക്കൊക്കെ തിരിഞ്ഞു നോക്കാനേ പേടിയാ .. അറിഞ്ഞുകൊണ്ടാരെങ്കിലും വേദനകളെ മനസ്സിൽ കേറ്റുമോ?"

അങ്ങനൊരു മറുപടി ചാക്കോച്ചി പ്രതീക്ഷിച്ചില്ല.

"നാളെ ജീവിക്കാൻ ഇന്നു എന്തൊക്കെ ചെയ്യണം അതു മാത്രമാ ഇപ്പോ മനസ്സിൽ . നിങ്ങൾ വന്നതും കണ്ടതും സന്തോഷമുള്ള കാര്യാ.. പക്ഷേ, വരാൻ നിർബദ്ധിക്കരുത്."

മണി നിസ്സഹായതയുടേയും ഒന്നും ആകാത്തതിന്റേയും ഭാണ്ഡങ്ങളെ അഴിച്ചിട്ടപ്പോൾ ചാക്കാച്ചി സത്യങ്ങളെ ഉൾകൊണ്ടു.

കുറച്ചു കാശെടുത്തു വീട്ടിന്റ പടിയിൽ വെച്ചു.

"വേണ്ടാന്നു പറയരുത്. അച്ഛന്റ ചികിത്സക്കായി കൂട്ടിയാൽ മതി"

മണി നിക്ഷേധിച്ചില്ല. ഒന്നുമല്ലാത്തവന്റ അഭിമാനത്തിനു മുന്നിൽ സ്നേഹത്തിന്റ വിലയിട്ടു അവർ തിരിഞ്ഞു നടന്നപ്പോൾ തൊഴുത്തിൽ രതിക്രീഡ ക്കായി മറ്റൊരു പശു അമറി തുടങ്ങി"

കിഴക്കെവിടെയോ മഴ പെയ്യുന്നതു കൊണ്ടാവും ബുള്ളറ്റിൽ ജോസഫ് മഠത്തിന്റ അഡ്രസ്റ്റ് തേടി കുമരകത്തേക്കു പോകുമ്പോൾ ഞങ്ങൾക്കു ചുറ്റും കാറ്റു വീശി.

രഘുവും ചാക്കോച്ചിയും മണിയുടെ വീട്ടിൽ നിന്നിറങ്ങിയ ശേഷം സംസാരിച്ചില്ല. വാക്കുകൾ പെട്ടെന്നു കാണാതായതു പോലെ.

എന്നാലും ജോസഫ് ഒരു പാസ്റ്ററോ പള്ളി വികാരിയോ ആയി കാണുമെന്നു മനസ്സിൽ ചിന്തിച്ചു കൂട്ടി. രഘുവിനോടു പറഞ്ഞില്ല.

സ്കൂളിൽ പഠിക്കുമ്പോഴും പുസ്തകങ്ങളുടെ കൂട്ടത്തിൽ ബൈബിൾഉണ്ടാവും .ഇൻറർവെൽ സമയത്ത് കുട്ടികൾ സ്കൂളിനു ചുറ്റും ഓടി കളിക്കുമ്പോസഫ് ബൈബിൾ തുറന്നു വെച്ചു വചനങ്ങളിലൂടെ സത്യത്തെ തേടി നടക്കും ജോസഫ്.

കുമരകത്തുന്ന് വള്ളത്തിൽ അക്കര കടന്ന്, അവിടുന്നു ചേറു കെട്ടിയവരമ്പു പോലത്തെ ചെറുറോഡിലൂടെചാക്കോച്ചിയുംരഘുവുംനടന്നു. കാറ്റിൽ ചേറുമണം ഞങ്ങൾക്കു കൂട്ടു വന്നു.

ഒരു കിലോമീറ്റർ നടന്നപ്പോൾ ചാക്കോച്ചിക്കു മനംപുരട്ടി. തോട്ടിലേക്കു ചർദ്ദിച്ചു.

"ചേറുമണം പിടിച്ചിട്ടുണ്ടാവില്ല " രഘുപുറം തടവി കൊടുത്തു.എന്നിട്ടും ആ കാഴ്ച്ചകൾ ചാക്കോച്ചിക്കു മനം കുളിർപ്പിച്ചു.

പോള മൂടിയ പച്ച തോടിന്റ ഇങ്ങേ കരയിലെ മുന്നാമത്തെ വീട് ഞങ്ങൾക്കു വിലാസം കാട്ടി തന്നു.

ചാണകംമെഴുകിയ ഓലമേഞ്ഞ ഒരു കൊച്ചു വീട്. അടച്ചുറപ്പില്ലാത്ത വീടിനു ഇരുട്ടിന്റ രൂപമായിരുന്നു.


ചാണകതറയിൽ ഒരു സ്ത്രീയും പത്തു വയസ്സു തോന്നിക്കുന്ന ഇരട്ടകുട്ടികളും വിഷമിച്ചിരിക്കുന്നു. അവരെ കണ്ടപ്പോൾ സ്ത്രീ ചാടിയെണ്ണീറ്റു.

കരഞ്ഞുണങ്ങിയ ആ മുഖത്തിനു ആധിയും പേടിയും സമാസമം ചേർന്ന ഭാവമായിരുന്നു.

ചാക്കോച്ചിയിൽ ജിജ്ഞാസ.

"ജോസിന്റ വീടല്ലേ..?

" അതെ സാറെ.. അച്ചായൻ കാശു വല്ലതും തരാനുണ്ടോ?"

കടക്കാരാണെന്നു തെറ്റുദ്ധരിച്ചതു പോലെ. ചാക്കോച്ചി സംശയം മാറ്റി കൊടുത്തു.

"ഞങ്ങൾ ജോസഫിന്റ കൂടെ സ്കൂളിൽ പഠിച്ച കൂട്ടുകാരാ..!"

അവരുടെ മുഖത്തെ ഭീതിയുടെ വലിപ്പത്തിനു അയവു വന്ന പോലെ..!

"അങ്കിളേ.. ഇരുന്നുറു രൂപ ഞങ്ങടെ അമ്മക്കു കൊടുക്ക്യോ?"

ഇരട്ടയിൽ ഒന്നു കൈകൂപ്പി ചോദിക്കുന്നു. ചാക്കോച്ചിയും രഘുവും വല്ലാതായി.

ആ സ്ത്രീ അവന്റ വാ പൊത്തി.

" ഒന്നും തോന്നല്ലേ സാറെ..! അവൻവെറുതെ .."

"ഒരു കൊച്ചുകുഞ്ഞു ഇങ്ങനെചോദിക്കണമെങ്കിൽ അവന്റ അമ്മയുടെ വേദന അവന്റെ മനസ്സിനെ എത്ര വിഷമിക്കുന്നുണ്ടാവും"

അതു കേട്ടതും അവർ രണ്ടു മക്കളേയും തന്നിലേക്കു ചേർത്തുപിടിച്ചു വിങ്ങിപൊട്ടി.

അപ്പോൾ ഇരട്ടകളും കരഞ്ഞു. ആ കരച്ചിലിനു ഗതികേടിന്റ സ്വരമായിരുന്നു.


"നിങ്ങൾ കാര്യം പറയു..!? രഘുവാണ് ആധി പിടിച്ചു ചോദിച്ചത്.


" അച്ചായനു വേറെ സ്ത്രീകളുമായി ബന്ധമുണ്ട്. കഴിഞ്ഞ ആഴ്ച്ച വരെ വേറൊരുത്തിയെ ഇവിടെ കൊണ്ടു താമസിപ്പിച്ചിരിക്കുകയായിരുന്നു. നാട്ടുകാരു പ്രശ്നം ആക്കിയപ്പോൾ എവിടെ

യോ കൊണ്ടാക്കി."


ചാക്കോച്ചി അമ്പരന്നുപോയി.

"ദൈവത്തിന്റ കുഞ്ഞാടിന്റ മനസ്സുമായി ജീവിച്ച ജോസഫ് ?"


" പിള്ളേരുടെ കാര്യം പോലും നോക്കില്ല സാറെ..! ഇതുങ്ങൾക്ക് രണ്ടു ഉടുപ്പും നിക്കറും ആഴ്ച്ച പിരിവിനു വരുന്ന അണ്ണാച്ചിയോടു വാങ്ങി. കാശില്ലാന്നു പറഞ്ഞപ്പോൾ അയാൾ തുണി തിരിച്ചെടുത്തു. അതു കണ്ടു മക്കളു കരഞ്ഞു. എനിക്കു സഹിച്ചില്ല സാറെ...! അങ്ങേരു രാവിലെ മറന്നു വെച്ചു പോയ കാശെടുത്തു കൊടുത്തു. അപ്പോൾ വേറൊന്നും ചിന്തിച്ചില്ല. പക്ഷേ അങ്ങേരു വരുമ്പോ കാശ് കണ്ടിലെങ്കിൽ എന്നെ ഒരുപാട് തല്ലും."

ആ സ്ത്രീ നിസഹായതയിൽ വിതുമ്പിയപ്പോൾ ഇരട്ടയിൽ ഒന്നു ചാക്കോച്ചിയുടെ കൈത്തണ്ടയിൽ തൊട്ടു.


"അങ്കിളേ.. കാശു തര്വോ?"

ആ കുഞ്ഞു ചോദിച്ചതും അവന്റ കണ്ണിൽ നിന്നു ഒരിറ്റു കണ്ണീർ ചാക്കോച്ചിയുടെ കൈത്തണ്ടയിൽ വീണു പൊട്ടി.

താങ്ങാവുന്നതിനും അപ്പുറത്തെ കാഴ്ച്ചയായിരുന്നു ചാക്കോച്ചിക്കത്.


" തല്ലുകൊള്ളുന്നതിനു വിഷമമില്ല സാറെ..! അതു കാണുമ്പോ ഇവന്മാർ അങ്ങേരുടെ കാലിൽ വീണു കരയും .അതൊരമ്മക്കു താങ്ങാവുന്നതിനും അപ്പുറത്താ..!"

ഇപ്പോൾ ആ സ്ത്രീ പൊട്ടികരഞ്ഞു. കരയാൻ തുടങ്ങിയ കുഞ്ഞുങ്ങളെ ചാക്കോച്ചി നെഞ്ചോടു ചേർത്തു നിർത്തി പെഴ്സു തുറന്നു എണ്ണാതെ കാശെടുത്തു രണ്ടു പേരുടേയും കൈയ്യിൽ വച്ചു കൊടുത്തു.

സ്ത്രീ തടഞ്ഞില്ല. കൊണ്ടുവന്ന മിഠായി പായ്ക്കറ്റ് കുട്ടികളുടെ മുന്നിൽ വെച്ചു.

വരവിന്റ ഉദ്ദേശം രഘുപറഞ്ഞുതുടങ്ങിയപ്പോൾ ചാക്കോച്ചി തടഞ്ഞു.


"വേണ്ട.. പറയണ്ടാ..!

എന്നിട്ടാ സ്ത്രീയോടു പറഞ്ഞു.

" ഈ വഴി പോയപ്പോൾ ഒന്നു കയറിയതാ"

സ്ത്രീ നന്ദിയോടെ കൈകൂപ്പിയപ്പോൾ ചാക്കോച്ചിയും രഘുവും യാത്ര പറയാതെ അവിടുന്നിറങ്ങി.


ഇല്ലിക്കൽ പാലത്തിനു താഴെ തട്ടുകടയിൽ നിന്നു ആവി പറക്കുന്ന ഛായ ഊതി കുടിക്കുമ്പോൾ ചാക്കോച്ചിയുടെ മനസ്സ് ശരിക്കും വിഷമിച്ചു.

എന്റെ സ്വപ്നത്തിൽ അവരൊക്കെ എത്ര വല്യ ഉദ്യോഗത്തിലായിരുന്നു.


" ചാക്കോച്ചി ഇരുപത്തെട്ടു പേരും ചാക്കോച്ചിയെ പോലെ വല്യ നിലയിലെത്തി കാണുമെന്നു വിശ്വസിക്കരുത്. ഇപ്പോ നമ്മൾ പത്തോളം ആളുകളെ കണ്ടു. എല്ലാരും ജീവിതത്തോടു പൊരുതുകയാ. ആരുടേയും കുറ്റമല്ല. "

രഘു തത്ത്വശാസ്ത്രം വിളമ്പി.


"ഏതു നിലയിലായാലും കുറച്ചു മണിക്കൂർ ഒന്നിച്ചു കൂടുന്നത് ഒരു സന്തോഷമല്ലേ. അതെന്താ അവരാരുംഓർക്കാത്തത്."

ചാക്കോച്ചിയുടെ സംശയം അതു മാത്രമായിരുന്നു.

" അവരുടെയൊക്കെ ജീവിതത്തിൽ സന്തോഷത്തിന്റെ ഒരു ദിവസം പോലും ഉണ്ടായിട്ടുണ്ടാവില്ല."

രഘുപറഞ്ഞപ്പോൾ ചാക്കോച്ചി നിശബ്ദനായി.


" ചാക്കാച്ചി നിന്റെ നല്ല മനസ്സ് എനിക്കു മനസ്സിലാവും. എല്ലാരും അങ്ങനെ ജീവിക്കുന്നവരാകില്ല"

രഘുവിന്റ ഓർമ്മപ്പെടുത്തൽ. അവൻ അടുത്ത പേരു വായിച്ചു." സരിത ശിവൻ"

ചാക്കാച്ചിയുടെ കണ്ണൊന്നു പിടഞ്ഞു.. മറവിയുടെ ഇടവഴിയിലെവിടെയോ ഉറങ്ങികിടന്ന ആ പേര്.

താൻ ആദ്യായും അവസാനമായും പ്രേമലേഖനം കൊടുത്തവൾ.

"ഒരു വട്ടം ഇഷ്ടാന്നു പറയ്വോ" എന്നു താമര പൊയ്കയിൽ വെച്ചു ചോദിച്ചപ്പോൾ വെള്ളത്തിൽ ആഞ്ഞു ചവുട്ടി ഉത്തരമില്ലാതെ ചിരിച്ചു കടന്നുപോയവൾ .

പിന്നെ കണ്ടിട്ടില്ല. ഭർത്താവും കുട്ടികളുമൊത്തു സന്തോഷത്തോടെ ജീവിക്കുന്നുണ്ടാവും.

കുമരകത്തുന്ന് പാമ്പാടിക്കായിരുന്നു ബുള്ളറ്റ് ഞങ്ങളെ കൊണ്ടുപോയത്. ചാക്കോച്ചി വണ്ടിയുടെ വേഗത കൂട്ടിയത് അവളെ ഒരു വട്ടം കൂടി കാണാനുള്ള മനസ്സിന്റ പിടച്ചിലാവാം.

മണ്ണർകാട് കഴിഞ്ഞപ്പോൾ പഞ്ചായത്തിന്റ പുതിയതായി പണികഴിപ്പിച്ച ബഹുനില കെട്ടിടത്തിന്റ ഉദ്ഘാടനത്തിന്റ ഭാഗമായി പഞ്ചായത്തു മുഴുവൻ ഘോഷയാത്രയായി കടന്നുപോകുന്നു.

വാർഡുകൾ തിരിച്ചുള്ള അക്കങ്ങൾക്കു പുറകിൽ ചെണ്ടമേളവും ബാൻഡ് മേളവും നിശ്ചലദൃശ്യവും ഉത്സവം സ്ഷ്ട്രിച്ചു.

കണ്ടപ്പോൾ ചാക്കോച്ചിയിൽ കൗതുകം.

എത്ര വർഷങ്ങൾക്കു ശേഷാ ഇങ്ങനെ ഒരു കാഴ്ച്ച നേരിൽ കാണുന്നത്.

വണ്ടിയൊതുക്കി ചാക്കോച്ചിയും രഘുവും ശബ്ദ കോലാഹലത്തിന്റ രൂപകൂട്ടിലെ രണ്ടു വരകളെ പോലെ റോഡുവക്കിൽ ആസ്വദിച്ചു നിന്നു.

ത്രിശ്ശൂലംപിടിച്ച്നിശ്ചലയായിനിൽക്കുന്ന

"ഭാരതാംബ" യുടെ പ്ലോട്ട് കണ്ടപ്പോൾ ചാക്കോച്ചിയിൽ രാജ്യ സ്നേഹം ഉണർന്നു. അവൻ ഒരു നിമിഷം ഭാരതാംബയെ നോക്കി കൈകൂപ്പി കണ്ണടച്ചു. 

ആ ധ്യാനത്തെ വിളറി പിടിപ്പിച്ചു കൊണ്ടു റോഡരുകിലെ പൂരുക്ഷാരവങ്ങൾക്കിടയിൽ നിന്നു കളിയാക്കലുകളുടെ അട്ടഹാസം

" സ്റ്റാർട്ടറേ.. വൈകിട്ടു കാണുമോ "

ഭാരതാബയുടെ കണ്ണുകൾ ചലിച്ചു.എന്നിട്ടും ചലിച്ചില്ല. വീണ്ടും കളിയാക്കലുകളുടെ ചീവീട് സ്വരം'

"നായിന്റ മോനെ .. പോയി നിന്റ അമ്മയോടു ചോദിക്കടാ"

കൈയ്യിലെ ത്രിശ്ശൂലം നീട്ടി പിടിച്ചു ഭദ്രകാളിയെ പോലെ അവർ.

ആ കാഴ്ച്ച കണ്ടു ചാക്കാച്ചി രഘുവിനോടു പ്രതിക്ഷേധിച്ചു.

"ആ സ്ത്രീ ആരും ആയിക്കോട്ടെ. ആ വേഷത്തിൽ അവരെ ബഹുമാനിക്കുകയല്ലേ വേണ്ടത്. എന്താണ് ആളുകൾ ഇങ്ങനെ?

" ചാക്കോച്ചി നീ അമേരിക്കയിൽ ആയതു കൊണ്ടാ ഇവിടുത്തുകാരെപറ്റി അറിയാത്തത്. ബഹുമാനിക്കാൻ പഠിച്ച കാലം പോയി തുടങ്ങി. കണ്ടില്ലേ കാണിക്കുന്നത്."

രഘുവിലും അമർഷം.

"ഇരുട്ടു വീണാൽ സ്റ്റാർട്ടറെ നീയൊരു അപ്സരസാ..!"

അരിശം പൊട്ടി ഭാരതാംബ ലോറിയിൽ നിന്നു ചാടിയിറങ്ങി പറഞ്ഞവനു നേരേ ശൂലം നീട്ടി.

"ജീവിക്കാൻ സമ്മതിക്കില്ലേടാ ...!

ആ രൂപത്തെ അടുത്തു കണ്ടു രഘു ഞെട്ടി പോയി.

" ചാക്കോച്ചി ഇതു നമ്മളുടെ സരിത ശിവനല്ലേ.''

ചാക്കോച്ചി ഭാരതാംബയെ നോക്കി.

(തുടരും)

Author
Citizen Journalist

Fazna

No description...

You May Also Like