രാജ്യത്തെ മികച്ച സ്ഥാപനങ്ങളിൽ ലഭിക്കുന്ന തരത്തിലുള്ള കോഴ്സുകൾ കേരളത്തിലെ കലാലയങ്ങളിലും ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. മന്ത്രി ആർ. ബിന്ദു.

സംസ്ഥാനത്തു നടപ്പിലാക്കിയ നാലു വർഷ ബിരുദ പ്രോഗ്രാം അതിന്റെ ആദ്യ രണ്ടു സെമസ്റ്ററുകൾ പൂർത്തീകരിച്ച് രണ്ടാംവർഷത്തിലേക്ക് കടക്കുകയാണ്. ഒന്നാം സെമസ്റ്റർ പോലെത്തന്നെ രണ്ടാം സെമസ്റ്റർ പരീക്ഷാഫലവും സമയബന്ധിതമായി മെയ് മാസം തന്നെ സർവ്വകലാശാലകൾ പ്രഖ്യാപിക്കും. പരീക്ഷ കഴിഞ്ഞു അടുത്ത സെമസ്റ്റർ തുടങ്ങുന്നതിനു മുമ്പുതന്നെ ഫലപ്രഖ്യാപനം നടത്തുന്നതിലേക്ക് നമ്മുടെ സർവ്വകലാശാലകൾ അടിമുടി മാറിയിരിക്കുകയാണ്.


വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട flexibility ഉറപ്പുനൽകിയാണ് കഴിഞ്ഞ വിദ്യാഭ്യാസവർഷത്തിൽ കേരളം നാലുവർഷ ബിരുദം ആരംഭിച്ചത്. കൂടുതൽ മെച്ചപ്പെട്ട രീതിയിൽ നാലുവർഷ ബിരുദം നടപ്പിലാക്കാനുള്ള ആലോചനകളും തീരുമാനങ്ങളുമാണ് ഇന്ന് ചേർന്ന സർവ്വകലാശാലാതല യോഗത്തിൽ കൈക്കൊണ്ടിരിക്കുന്നത്.


കേരള, എം ജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം, കുസാറ്റ്, ശ്രീശങ്കര സംസ്കൃത സർവ്വകലാശാല, ശ്രീനാരായണ ഓപ്പൺ സർവ്വകലാശാല, ഉന്നതവിദ്യാഭ്യാസ കൗൺസിൽ, കോളേജ് വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ യോഗത്തിൽ കൈക്കൊണ്ട പ്രധാന തീരുമാനങ്ങൾ:


* ആദ്യ വർഷം പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് മേജർ വിഷയം മാറ്റാനും, കോളേജ് മാറ്റത്തിനും അന്തർ സർവ്വകലാശാല മാറ്റത്തിനും ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ അടങ്ങിയ SOPക്ക് (Standard Operating Procedure) അംഗീകാരം


FYUGP സംസ്ഥാനതല മോണിറ്ററിങ് സമിതിയാണ് SOP തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സർവ്വകലാശാലകൾ വിശദമായ മാർഗ്ഗനിർദേശങ്ങൾ പ്രസിദ്ധീകരിക്കും.


-മേജർ മാറ്റം


മേജര്‍ മാറ്റത്തിനായി

അടുത്ത അക്കാദമിക് വര്‍ഷത്തിന്റെ ആദ്യ പ്രവൃത്തി ദിനം ഓരോ വിഷയങ്ങളിലുമുള്ള ഒഴിവുകള്‍ കോളേജുകള്‍ പ്രസിദ്ധീകരിക്കും. (ആവശ്യമെങ്കില്‍ പത്തു ശതമാനം അധികം സീറ്റ് ലഭ്യമാക്കും).


മൈനറായോ മൾട്ടി ഡിസിപ്ലിനറി കോഴ്സിലോ പഠിക്കുന്ന വിഷയങ്ങളിലേക്കാണ് മേജര്‍ മാറ്റാന്‍ സാധിക്കുക. ആദ്യ രണ്ട് സെമസ്റ്ററുകളില്‍ മേജർ മാറ്റം ആഗ്രഹിക്കുന്ന വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് അടിസ്ഥാനപ്പെടുത്തി കോളേജുകളില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കും. ഒരു വിദ്യാര്‍ത്ഥി മാറിപ്പോകുന്ന സീറ്റിലേക്കും പ്രവേശനം നടത്താം. ആദ്യത്തെ അഞ്ചു പ്രവൃത്തി ദിവസങ്ങൾക്കുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കും.


-കോളേജ് മാറ്റം


കോളേജ് തലത്തില്‍ മേജര്‍ വിഷയ മാറ്റങ്ങൾക്കു ശേഷം ഒഴിവുവരുന്ന സീറ്റുകള്‍ സര്‍വ്വകലാശാലയെ അറിയിക്കണം. സര്‍വ്വകലാശാലകള്‍ ഈ ഒഴിവുകള്‍ പ്രസിദ്ധീകരിക്കും. തുടര്‍ന്ന് വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭിക്കുന്ന അപേക്ഷ പരിഗണിച്ച് പ്രത്യേക റാങ്ക് ലിസ്റ്റ് തയ്യാറാക്കി കോളേജുകള്‍ക്ക് നല്‍കും. കോളേജുകളാണ് വിദ്യാര്‍ത്ഥികളുടെ പ്രവേശന നടപടി പൂര്‍ത്തിയാക്കുക. നിലവില്‍ പഠിക്കുന്ന സ്ഥാപനത്തില്‍ റാഗിംഗ് അടക്കമുള്ള അച്ചടക്ക നടപടികള്‍ നേരിട്ടിട്ടില്ല എന്ന സാക്ഷ്യപത്രം വിദ്യാര്‍ത്ഥി ഹാജരാക്കണം.


-അന്തര്‍ സര്‍വ്വകലാശാല മാറ്റം


ആദ്യ രണ്ട് സെമസ്റ്ററുകളില്‍ മുഴുവന്‍ കോഴ്സുകളും വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അന്തര്‍ സര്‍വ്വകലാശാലാ മാറ്റത്തിന് അപേക്ഷിക്കാന്‍ സാധിക്കും. കേരളത്തിന് പുറത്തുനിന്നുള്ള സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്കും കേരളത്തിലെ സര്‍വ്വകലാശാലകളില്‍ മൂന്നാം സെമസ്റ്റര്‍ മുതല്‍ പഠിക്കാന്‍ അപേക്ഷിക്കാവുന്നതാണ്. ഇത്തരം അപേക്ഷകള്‍ സര്‍വ്വകലാശാല പഠനബോര്‍ഡ് പരിശോധിച്ച് വിദ്യാര്‍ത്ഥി ആവശ്യമായ ക്രഡിറ്റ് നേടിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തി ശുപാര്‍ശ ചെയ്യും. കോളേജ് തലത്തില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കും.


* മോഡൽ ഏകീകൃത അക്കാഡമിക് കലണ്ടർ അംഗീകരിച്ചു


കഴിഞ്ഞ വർഷം മുതൽ തന്നെ മാതൃകാ ഏകീകൃത അക്കാഡമിക് കലണ്ടറിന്റെ അടിസ്ഥാനത്തിലാണ് ഓരോ സർവ്വകലാശാലകളും നാലുവർഷ ബിരുദം നടപ്പിലാക്കുന്നത്. ക്രഡിറ്റ് മാറ്റവും, വിദ്യാർത്ഥികളുടെ അന്തർ സർവ്വകലാശാലാ മാറ്റവുമടക്കം ഉള്ളതിനാൽ സർവ്വകലാശാലകൾ തമ്മിൽ ഒരു ധാരണയുണ്ടാവൽ നിർബന്ധമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ സർവ്വകലാശാലകൾക്കും ബാധകമായ മാതൃകാ ഏകീകൃത അക്കാഡമിക് കലണ്ടർ യോഗം അംഗീകരിച്ചത്. 


ഏറ്റവും വേഗത്തിലും ലളിതമായും പഠനവും പരീക്ഷയും മൂല്യനിർണ്ണയവും പരീക്ഷാഫലവും പ്രസിദ്ധീകരിക്കുന്നതിന് ആവശ്യമായ വിധത്തിലാണ് കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്. 


* അധ്യാപകർക്ക് സമഗ്രമായ പരിശീലനം 

   

നിലവിലെ Teaching-Learning-Examination-Evaluation രീതികളിലുള്ള സമഗ്രമായ മാറ്റത്തോടെ, തൊഴിലും നൈപുണിയും ഉറപ്പാക്കുന്ന വിധത്തിലും, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അവകാശങ്ങൾ ഉറപ്പാക്കുന്ന പ്പു തരത്തിലുമാണ് കേരളത്തിന്റെ നാലുവർഷ ബിരുദ പ്രോഗ്രാം. ഇത് കൂടുതൽ ഫലപ്രദമാക്കാൻ സംസ്ഥാനത്തെ മുഴുവൻ കോളേജ് അദ്ധ്യാപകർക്കും പരിശീലനം നൽകാനുള്ള പദ്ധതി യോഗം അംഗീകരിച്ചു.


ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ കീഴിൽ ആരംഭിച്ച പുതിയ സെൻ്റർ ഓഫ് എക്സലൻസ് (Centre of excellence for Teaching, Learning and Training), കോളേജ് വിദ്യാഭ്യാസ വകുപ്പ്, സർവ്വകലാശാലകൾ എന്നിവ സംയുക്തമായാണ് പരിശീലന പദ്ധതി നടപ്പിലാക്കുക. ആറു മാസത്തിനുള്ളിൽ പരിശീലനം പൂർത്തിയാക്കും.


സംസ്ഥാന തലത്തിൽ മാസ്റ്റർ ട്രെയിനർമാരെ തിരഞ്ഞെടുത്തു പരിശീലനം നൽകി അവർ വഴി കോളേജുകളിൽ അല്ലെങ്കിൽ ക്ലസ്റ്റർ ആയി മുഴുവൻ അധ്യാപകരിലേക്കും എത്തുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

രണ്ടു മാസത്തിലൊരിക്കൽ പരിശീലന പുരോഗതി വിലയിരുത്തും. 


* കോഴ്സുകൾ നവീകരിക്കും


വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട കോഴ്സുകൾ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പുതിയ മൈനർ കോഴ്സുകൾ സർവ്വകലാശാലകൾ തയ്യാറാക്കും. നൂതനവും, തൊഴിലും നൈപുണിയും ഉറപ്പു വരുത്തുന്നതും, മേജർ വിഷയ പഠനത്തെ ആഴത്തിലാക്കാൻ സഹായിക്കുന്ന തരത്തിലുമുള്ള പുതിയ കോഴ്സുകളാണ് തയ്യാറാക്കുക. രാജ്യത്തെ മികച്ച സ്ഥാപനങ്ങളിൽ ലഭിക്കുന്ന തരത്തിലുള്ള കോഴ്സുകൾ കേരളത്തിലെ കലാലയങ്ങളിലും ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Author
Citizen Journalist

Goutham prakash

No description...

You May Also Like