രാജ്ദീപ് സർദേശായിക്ക് ഇന്ത്യൻ മീഡിയ പെഴ്സൺ പുരസ്‌കാരം



*സ്വന്തം ലേഖിക*


തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ 2024-25ലെ ഇന്ത്യൻ മീഡിയ പേഴ്സൺ അവാർഡ് രാജ്ദീപ് സർദേശായിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് സമ്മാനിക്കുക. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ സെപ്തംബർ 30ന് തിരുവനന്തപുരത്ത് അവാർഡ് സമ്മാനിക്കുമെന്ന് അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അറിയിച്ചു. തോമസ് ജേക്കബ്, ഡോ.സെബാസ്റ്റ്യൻ പോൾ,  ഡോ.മീന.ടി.പിളള എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിർണ്ണയിച്ചത്. അവാർഡ്് ഏറ്റുവാങ്ങാൻ കേരള മീഡിയ അക്കാദമിയുടെ ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ വേദിയിലെത്തുമെന്ന് സർദേശായി അറിയിച്ചു.  എൻ.റാം ബർഖ ദത്ത്, കരൺ ഥാപ്പർ, രവീഷ് കുമാർ എന്നിവരാണ് പോയവർഷങ്ങളിൽ ഈ പുരസ്‌കാരം നേടിയത്.  


'2014: ദി ഇലക്ഷൻ ദാറ്റ് ചേഞ്ച്ഡ് ഇന്ത്യ' എന്ന ബെസ്റ്റ് സെല്ലർ പുസ്തകത്തിന്റെ രചയിതാവും മുതിർന്ന പത്രപ്രവർത്തകനുമാണ് രാജ്ദീപ് സർദേശായി. നിലവിൽ ഇന്ത്യാ ടുഡേ ഗ്രൂപ്പിൽ കൺസൾട്ടിംഗ് എഡിറ്ററാണ്. അച്ചടി, ടിവി മേഖലകളിൽ 26 വർഷത്തെ മാധ്യമപ്രവർത്തന പരിചയം. എൻഡിടിവി നെറ്റ്വർക്കിന്റെ മാനേജിംഗ് എഡിറ്ററായിരുന്നു. പിന്നീട് സിഎൻഎൻ ഐബിഎൻ  ചാനലുകളമായി ചേർന്ന് ഐബിഎൻ 18 നെറ്റ്വർക്ക് സ്ഥാപിച്ചു. 26 വയസ്സുള്ളപ്പോൾ ടൈംസ് ഓഫ് ഇന്ത്യയിലാണ് സർദേശായി തന്റെ മാധ്യമപ്രവർത്തന കരിയർ ആരംഭിച്ചത്. ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ പതിപ്പിന്റെ സിറ്റി എഡിറ്ററായിരുന്നു. 



ദേശീയ രാഷ്ട്രീയറിപ്പോർട്ടിംഗിന് പ്രത്യേക ശ്രദ്ധ നൽകിയ സർദേശായി  ഇന്ത്യയിലെ മുൻനിര രാഷ്ട്രീയകാര്യ റിപ്പോർട്ടറായി ഉയർന്നു.  2008-ൽ പത്മശ്രീ പുര്‌സകാരം, 2002-ലെ ഗുജറാത്ത് കലാപം റിപ്പോർട്ട് ചെയ്തതിന് ഇന്റർനാഷണൽ ബ്രോഡ്കാസ്റ്റേഴ്സ് അവാർഡ്, 2007-ൽ രാംനാഥ് ഗോയങ്ക എക്സലൻസ് ഇൻ ജേണലിസം അവാർഡ് . 2014-ലെ പൊതുതെരഞ്ഞെടുപ്പ് മികച്ചരീതിയിൽ റിപ്പോർട്ട് ചെയ്തതിന് ഏഷ്യയിലെ ഏറ്റവും മികച്ച വാർത്താ അവതാരകനുള്ള 2014-ലെ ഏഷ്യൻ ടെലിവിഷൻ അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ  അദ്ദേഹത്തെ തേടിയെത്തി.

Author
Citizen Journalist

Goutham prakash

No description...

You May Also Like