'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ '- അസഹിഷ്ണുതയുടെ മാറ്റൊലികൾ ....

വിവാഹമെന്ന   കരാറിൽ     നിശബ്ദമായി    സ്ത്രീയനുഭവിക്കുന്ന  പ്രശ്നങ്ങളുടെ കണ്ണാടിയാണ്  സംവിധായകൻ ജിയോ ബേബി നമുക്ക്   മുമ്പിൽ   വെക്കുന്നത്.   ഒരു  നിമിഷമെങ്കിലും   അതോരോരുത്തരുടെയും   അനുഭവമായിത്തോന്നും.

നമ്മുടെ  നാട്ടിൽ സാധാരണ  കണ്ടുവരുന്ന പെൺകുട്ടിയുടെ    ജീവിതമാണിത്. ഈ തലമുറയൽപം വ്യത്യാസപ്പെട്ടെങ്കിലും പഴയ തലമുറ അനുഭവിച്ചത്.തുടക്കത്തിൽ അവൾക്ക് മറ്റുള്ളവർ വിളമ്പുന്ന ഭക്ഷണത്തിലും അവന്റെ വാക്കിലും മധുരം.പിന്നീടെപ്പൊഴാണത് കയ്പ്പായി മാറുന്നത് ?

അടുപ്പും അടുക്കളയുമാണ് തന്റെ സ്വാതന്ത്ര്യത്തിന്റെ അതിരുകളെന്നവൾ   തിരിച്ചറിയുന്നു.അഭിപ്രായ സ്വാതന്ത്ര്യം പോലുമില്ല.  തന്റെ ഇഷ്ടങ്ങളുടെ മേൽ പുരുഷ മേൽക്കോയ്മയുടെ അടിച്ചേൽപിക്കൽ   മനസ്സിനെയും ശരീരത്തെയും മുറിവേൽപിക്കുന്നു.നല്ല അമ്മായി അമ്മയിലൂടെ സമൂഹം സൃഷ്ടിച്ച എഴുതപ്പെടാത്ത നിയമങ്ങളിൽ വലയുമ്പോൾ അവളോടൊപ്പം നാമും ആ അടുക്കളയിൽ    അസ്വസ്ഥമാവും.

'അവർ നല്ല തറവാട്ടുകാരല്ലേ,നിസാര കാര്യങ്ങൾക്ക്  തിരിച്ച് പോന്നോ  ?'   സ്വന്തം അമ്മ തന്നെ ചോദിക്കുന്നു.സാധാരണ സിനിമകളിലെ ക്രൂരനായ   ഭർത്താവെന്നാൽ അതിന്റെ മൂർത്തീ ഭാവം -അതല്ല ഇവിടെ. അടിപിടിയില്ല ,കള്ളുകുടിയില്ല ,എന്നിട്ടും എന്താ പ്രശ്നം -അവിടെയാണീ    ചിത്രം വ്യത്യസ്തമാവുന്നത്.

കേൾക്കുമ്പോൾ നിസാരമായി തോന്നുന്ന,പറഞ്ഞ്   മനസ്സിലാക്കാനാകാത്ത പ്രശ്നങ്ങൾ ഇമേജിലൂടെയും നിശബ്ദമായ ആ വിഷ്കരണത്തിലൂടെയും സംവിധായകൻ ജിയോ ബേബി യഥാർത്ഥ അനുഭവമാക്കുന്നു.പെൺ മനസ്സ് ശരിക്കും പഠിച്ചയാൾ.പശ്ചാത്തല സംഗീതത്തിന്റെ കുറവ് അറിയുന്നേയില്ല.

മേശപ്പുറത്ത് ചവച്ചു തുപ്പുന്ന ഭക്ഷണവും പ്രതലവുമെല്ലാം  മിക്ക പുരുഷന്റെയും ഭാര്യയോടുള്ള അവകാശ ചെയ്തികൾ പോലെയാണ്.ചവച്ചു തുപ്പുന്ന മുരിങ്ങാക്കോൽ അവളുടെ തന്നെ   അവസ്തയാണ്.എച്ചിൽ കഴുകി സ്വയം എച്ചിലായി മാറ്റപ്പെടുന്നു.പ്രേക്ഷകർക്കിതിന്റെ ആവർത്തനം മടുപ്പായി തോന്നിയെങ്കിൽ ദിവസേനയിതനുഭവിക്കുന്ന സ്ത്രീയുടെ കാര്യമാലോചിച്ചു നോക്കൂ.

സ്ത്രീയുടെ ശരീരത്തിന്റെ താക്കോൽ പുരുഷന് കൊടുത്തതാരാണ്?പരസ്പര സ്നേഹ സാന്ത്വനത്തിന്റെയും സുരക്ഷാ ബോധത്തിന്റെയും വാക്കുകൾക്കതീതമായ കലാപരമായ ആ വിഷകാരമാണ്  സെക്സ് .    സ്ത്രീയും പുരുഷനും തമ്മിലുള്ള മനസ്സിലാക്കലിന്റെ കരാറിലൊന്ന്.ഒരാൾ മറ്റൊരാൾക്ക് മേൽ ആധിപത്യം തീർക്കലല്ല എങ്കിലത് ഇരയെ   വേട്ടയാടി വീഴ്ത്തുന്ന പ്രാചീന മനുഷ്യന്റെ ' പരിഷ്കരിച്ച'രൂപ മായിപ്പോവും.

അടുപ്പിൽ വെച്ച ചോറു വേണമെന്ന് അമ്മായിയച്ഛൻ  പറയുന്നത് സൗമ്യമായാണ്.അയാളുടെ അസ്വസ്ത പെണ്ണിന്റെ തെറ്റായി അവളിലേക്ക് പടർത്തുന്നു.ബ്രഷെടുക്കാനും ചെരുപ്പിടാനും അയാളെ ശീലിപ്പിച്ച ഭാര്യയും മകനും തെറ്റുകാർ തന്നെ.പ്രതികരിക്കുന്നിടത്ത് സ്ത്രീ കുറ്റക്കാരിയായും മാറും.

അതേ സമയം ആണുങ്ങൾ പൊന്നിന്റെ ഭാരമളക്കുന്നില്ല.അവൾക്കത് വിട്ടു കൊടുക്കുന്നുമില്ല.അവൾക്ക് സ്വയം താലി ഭാരമായനുഭവപ്പെടുകയും.അന്താരാഷ്ട്ര പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന  പുരുഷന് വീട്ടിൽ പ്ലംബറെ വിളിക്കണമെന്ന ഭാര്യയുടെ ആവശ്യം ഓർമിക്കേണ്ട പ്രശ്നമായേ തോന്നുന്നില്ല.

ചുമരിലെ കപ്പിൾ ഫോട്ടോ പരമ്പരയും തേങ്ങ ചിരകൽ ശബ്ദവും തലമുറകളായി സ്ത്രീകളുടെ അടിമത്തം അങ്ങീകരിക്കൽ വിളിച്ചോതുന്നു.സുരാജും നിമിഷയും ജീവിക്കയാണിവിടെ.കലാസംവിധാനവും മികച്ച താണ്.എന്നാൽ സ്ത്രീകളുടെ ആർത്തവകാല തീണ്ടലിനെ അവതരിപ്പിച്ചത് കഴിഞ്ഞ തലമുറയിലെപ്പോലെയായിപോയി.അതേ സമയം അപ്പോൾ നായികയ്ക്ക് പകരം അച്ഛൻ വിളക്ക് വെക്കുന്നത് അയാൾക്കതാവുമെന്ന് കാണിക്കുന്നു.ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിച്ചത് സംവിധായകന്റെ കഴിവാണ്.

ചരടു ബന്ധിച്ച പുതിയ കാറും വാതിൽ കൊളുത്തും  താലിച്ചരടുമെല്ലാം കെട്ടിയിട്ട സ്ത്രീ ഹൃദയത്തിന്റെ പ്രതീകങ്ങൾ.ഒടുവിലതെടുത്തവൾ സ്വതന്ത്ര ലോകത്തേക്ക് തിരിച്ചു പോകുന്നു.തന്റെ ഐഡന്റിറ്റി തിരികെ   നേടി.അതിന്റെ കനൽ ചില പുരുഷൻ പ്രേക്ഷകരെയെങ്കിലും പൊള്ളിക്കും.ഒറ്റപ്പെടലിലെ കൂട്ടാവണം വിവാഹം.


105 - ആം വയസ്സിൽ വയനാടിന്റെ !! നാട്ടറിവിന്റെ തമ്പുരാട്ടി വിടവാങ്ങി.

Author
Citizen Journalist

Thushara Brijesh

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ കണ്ണൂർ നിന്നുള്ള സംഭാവക.

You May Also Like