ഇലക്ട്രോണിക്സ് സുരക്ഷയ്ക്കുള്ള ഗവേഷണത്തിന് കുസാറ്റ് ശാസ്ത്രജ്ഞർക്ക് പേറ്റന്റ്
- Posted on April 16, 2025
- News
- By Goutham Krishna
- 27 Views

കൊച്ചി:
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (CUSAT) ഗവേഷകർക്ക് ഇലക്ട്രോണിക് ഉപകരണങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്ന നൂതന സർക്യൂട്ട് രൂപീകരണത്തിന് പേറ്റന്റ് ലഭിച്ചു.
ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഫിംഗർപ്രിൻറ് പോലെ പ്രവർത്തിക്കുന്ന ഫിസിക്കലി അൺക്ലോണബിൾ ഫംഗ്ഷൻ (PUF) എന്നറിയപ്പെടുന്ന ആശയത്തെ അടിസ്ഥാനമാക്കി ഒരു മൾട്ടി സ്റ്റേജ് സർക്യൂട്ട് വികസിപ്പിച്ചതിനാണ് പേറ്റന്റ് ലഭിച്ചത്. ഹാക്കർമാരിൽ നിന്നും നമ്മുടെ ഡാറ്റ സംരക്ഷിക്കുന്നതിന് ഇലക്ട്രോണിക് ഒതെൻറികേഷൻ ചിപ്പുകൾക്ക് ശക്തമായ സുരക്ഷാ സവിശേഷതകൾ ആവശ്യമാണ്.
ഇലക്ട്രോണിക് സുരക്ഷയിലെ ഒരു പ്രധാന വെല്ലുവിളി ഈ സവിശേഷതകൾ എളുപ്പത്തിൽ പകർത്താൻ കഴിയില്ലെന്ന് ഉറപ്പാക്കുക എന്നതാണ്. പിയുഎഫ് സർക്യൂട്ടുകൾ വ്യതിരിക്തമായ ഇലക്ട്രോണിക് വിരലടയാളങ്ങളായി പ്രവർത്തിക്കുകയും സുരക്ഷിത ഉപകരണ പ്രാമാണീകരണത്തിനും ക്രിപ്റ്റോഗ്രാഫിക് ആപ്ലിക്കേഷനുകൾക്കും സൗകര്യമൊരുക്കുകയും ചെയ്യുന്നു. PUF സർക്യൂട്ടുകളുടെ ഫലങ്ങൾ വിരലടയാളങ്ങൾ പോലെ പകർത്താൻ കഴിയാത്തതിനാൽ, ഇലക്ട്രോണിക് ഡിസൈൻ പകർത്തുന്നവരിൽ നിന്ന് സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു. ക്ലോണിംഗിനും കൃത്രിമത്വത്തിനും എതിരെ മെച്ചപ്പെട്ട സംരക്ഷണം നൽകുന്നതിന് ഈ സാങ്കേതികവിദ്യ വിവിധ ഇന്റഗ്രേറ്റഡ് സർക്യൂട്ടുകളിൽ പ്രയോഗിക്കാൻ കഴിയും.
കുസാറ്റിലെ ഡോ ബിജോയ് ആൻറണി ജോസിൻറെയും, ഇന്ത്യൻ ഇൻസ്റ്റിറ്റ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് സയൻസ് ആൻഡ് ടെക്നോളജിയിലെ (ഷിബ്പൂർ) ഡോ ആനന്ദ ശങ്കർ ചക്രബർത്തിയുടേയും മാർഗനിർദേശപ്രകാരം ഗവേഷണ വിദ്യാർത്ഥിയായ ഗിഷ സി.ജി ആണ് ഗവേഷണം നടത്തിയത്.