തക്കാളി ബിരിയാണിയും അല്പം കഥയും
- Posted on July 02, 2021
- Kitchen
- By Remya Vishnu
- 560 Views
ബിരിയാണി എന്നു കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നുണ്ടല്ലേ... ഇന്നിപ്പൊ നമ്മുടെ ഭക്ഷണരീതിയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് ബിരിയാണി എന്ന മൊഞ്ചത്തി,
ഇന്ത്യയുടെ ഭക്ഷ്യ സംസ്കാരത്തിനുള്ള മുസ്ലീം സംഭാവനയാണ് ബിരിയാണി. അരിയും , മാംസവും, മസാലയുമൊക്കെ ചേർത്ത് പാകപ്പെടുത്തുന്ന ഈ വിഭവം പിറവി കൊണ്ടത് മുഗൾ ഭരണകാലത്താണ് എന്ന് പറയപ്പെടുന്നു. ആദ്യമൊക്കെ ബിരിയാണി ഉണ്ടാക്കിയിരുന്നത് കുതിരയ്ക്ക് കൊടുക്കാനായിരുന്നു എന്ന് വാദിക്കുന്നവരുമുണ്ട്.
എന്തായാലും ഇപ്പോൾ ഭക്ഷണ പ്രേമികളുടെ ഇഷ്ട വിഭവമാണിത്. ബിരിയാണിയില്ലാത്ത ഒരു ഹോട്ടലുകളും ഇന്നില്ല എന്നു തന്നെ പറയാം.. മുക്കിലും മൂലയിലും , ഏതൊരു വിശേഷ ദിവസത്തിലും, എന്തിന് മുസ്ലീങ്ങളുടെ ഇടയിലാണെങ്കിൽ മരണാടിയന്തിരങ്ങളിൽ പോലും ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് ബിരിയാണി എന്നതുകൊണ്ടു തന്നെ നമ്മുക്കു മനസ്സിലാക്കാം ഇത് എത്രമാത്രം ജനപ്രിയ വിഭവമാണെന്ന്..
ആളുകളുടെ അഭിരുചികൾക്കനുസരിച്ച്, ഹൈദരാബാദി ബിരിയാണി, ലക്നൗ ബിരിയാണി, മലബാർ ബിരിയാണി , മാഞ്ഞാലി ബിരിയാണി, എന്നൊക്കെ വ്യത്യസ്തമായ പല തരം ബിരിയാണികളും വെപ്പുപുരയിൽ സുലഭമാണ്. പേരു പോലെ തന്നെ പല ബിരിയാണികളും വളരെ വ്യത്യതമാണ്.. ഒരു തവണയെങ്കിലും ബിരിയാണി ഉണ്ടാക്കാൻ ശ്രമിക്കാത്ത വീട്ടമ്മമാരുണ്ടാകില്ല. അതുകൊണ്ടു തന്നെ ഇന്ത്യയിൽ ഉടനീളം ബിരിയാണി രാജകീയ വിഭവമായി ജാതി മത ദേശഭേദങ്ങളെ അതിജീവിച്ച് വാഴുകയാണിപ്പോൾ...