ചിന്തകൾ

മരിച്ചു കഴിഞ്ഞ ആശ്വാസത്തിൽ ദേഹം വിട്ട് മാറി കുത്തിയിരിക്കുന്ന ലീലേടത്തിക്ക് അതു കേട്ടപ്പോ ദേഷ്യം വന്നു 

 ലീലേടത്തി മരിച്ചു…... മരിച്ച വീടിന്റെ സൗന്ദര്യം ഒട്ടും കളയാതെ ലീലേടത്തിയുടെ പെൺമക്കൾ  രണ്ടും പതം പറഞ്ഞ് കരഞ്ഞു കൊണ്ടിരിപ്പുണ്ട്....


" അയ്യോ അമ്മ ഇത്ര വേഗം പോകുമെന്നു ഞാനോർത്തില്ലേ... ഒന്നുകൂടി കണ്ണു തുറക്കമ്മാ ... "എന്ന് ഇളയമകൾ നെഞ്ചത്തടിച്ച് കരയുന്നുണ്ട്... 


മരിച്ചു കഴിഞ്ഞ ആശ്വാസത്തിൽ ദേഹം വിട്ട് മാറി കുത്തിയിരിക്കുന്ന ലീലേടത്തിക്ക് അതു കേട്ടപ്പോ ദേഷ്യം വന്നു ഇളയവളാണെങ്കിലും , അമ്മയെ ചുറ്റിപ്പറ്റി നടന്നു ജീവിച്ചവളാണെങ്കിലും അവളാപ്പറഞ്ഞത് കേട്ടിട്ട് അവൾക്കിട്ടൊരു ചവിട്ടു കൊടുക്കാൻ അവർക്കു തോന്നി. 


 " ഒന്നുകൂടി കണ്ണൂ തുറക്കാൻ ." എങ്ങനെ ചവിട്ടാതിരിക്കും ..…

           കുറേ നാളുകളായി അനുഭവിച്ചു കൂട്ടുന്ന വേദന എത്രയാണെന്ന് ലീലേടത്തിക്കു മാത്രമല്ലെ അറിയൂ.  മകനൊരെണ്ണമുള്ളത് തലതെറിച്ചു പോയത് കൊണ്ട് അവന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വം കൂടി ലീലേടത്തിക്കായിരുന്നു.  ദിവസവും നാലു കാലിൽ കയറി വരുന്ന മകനും, ഭർത്താവിനോടുളള ദേഷ്യം അമ്മായിയമ്മയോടു തീർക്കുന്ന മരുമകളും കൂടി കുടുംബം സ്വർഗ്ഗതുല്ല്യമാക്കുന്നതു കൊണ്ട്  എഴുപത്തിഅഞ്ചാം വയസിലും കിട്ടുന്ന ജോലികളൊക്കെ ചെയ്താണ് ലീലേടത്തി ജീവിച്ചിരുന്നത്. അവസാന കാലത്ത് കേന്ദ്ര സർക്കാരിന്റെ  തൊഴിലുറപ്പായിരുന്നു ലീലേടത്തിയുടെ വരുമാന മാർഗ്ഗം .

        

           ലീലേടത്തി വാതിൽക്കൽ തന്നെ ഇരിക്കുകയാണ് . മരിച്ചു കിടക്കുന്ന തന്നെ കാണാൻ ആരൊക്കെ വരുന്നുണ്ടെന്നറിയാൻ . വടക്കേവീട്ടിലെ തങ്കമണി താടിക്ക് കയ്യും കൊടുത്ത് നിന്ന് അടുത്തു നിന്നിരുന്ന പെണ്ണുങ്ങളോടായി പറയുന്നതു കേട്ടു. 


"രണ്ടു ദിവസം മുൻപ് ആശുപത്രിയിൽ പോകുന്നതിന്റെ അന്ന് വരെ വേലിക്കലുനിന്ന് ഞാനും ലീലേടത്തിയും കൂടി സംസാരിച്ചതാണ്.  അപ്പൊ കരുതിയില്ല പാവം ഇത്ര വേഗം പോകുമെന്ന് ". അതു കേട്ടപ്പൊ ലീലേ ടത്തിക്ക് ചിരി സഹിക്കാൻ കഴിഞ്ഞില്ല അന്ന് വേലിക്കൽ നിന്ന് സംസാരിച്ചത് എന്താണെന്ന് ഓർത്തതു കൊണ്ടാണ് അവർ തലതല്ലി ചിരിച്ചത്, ലീലേടത്തിയുടെ വേലിക്കരികിലാണ് തങ്കമണിയുടെ അലക്കുകല്ല് .എത്ര പറഞ്ഞാലും തങ്കമണി അലക്കുന്ന വെള്ളം ലീലേടത്തിയുടെ വേലിക്കിപ്പുറത്തേക്ക് ഒഴുക്കിവിടും. അവിടം താഴ്ന്ന സ്ഥലമായ തുകൊണ്ട് എപ്പോഴും ചെളിഞ്ഞു കിടക്കും. അതു വഴി നടക്കുമ്പോൾ ലീലേടത്തി പലപ്പോഴും വഴുക്കലിൽ തെന്നിയിട്ടുണ്ട്. വയ്യായ്കയ്ക്കിടയിലും അന്നു രാവിലെ വീണ്ടും അതിക്രമം കാണിച്ച തങ്കമണിയുടെ തന്തയ്ക്ക് വിളിച്ചിട്ടാണ് ലീലേടത്തി ആശുപത്രിയിൽ പോയത്. 

"തള്ള ചത്തതു നന്നായി എത്ര കാലമെന്നു വെച്ചിട്ടാ അവരുടെ ചീത്ത കേൾക്കുന്നത്. കെടക്കണ കെടപ്പു കണ്ടില്ലെ പാവത്തിനെ പോലെ" . ദു:ഖഭാവത്തിൽ നിന്നുകൊണ്ട് തങ്കമണിചിന്തിച്ചു കൂട്ടുന്നത് അറിഞ്ഞ ലീലേടത്തിക്ക് അത്ഭുതമായി,  കൊള്ളാല്ലോ മരിച്ചു കഴിഞ്ഞാൽ മറ്റുള്ളവരുടെ മനസ്സിലിരിപ്പു മനസിലാക്കാൻ കഴിയുമോ ? അവർക്കതൊരു പുതിയ അറിവായിരുന്നു.

         പതിയെ അവർ അവിടെയുള്ള ഓരോരുത്തരേയും ശ്രദ്ധിക്കാൻ തുടങ്ങി അവരുടെ ചിന്തകൾ അറിയാനായി. ആദ്യം ലീലേടത്തി മൂത്ത മകളുടെ അടുത്തു ചെന്നിരുന്നു അവൾ കരഞ്ഞു കലങ്ങിയ കണ്ണു കൊണ്ട് അമ്മയുടെ മുഖത്തേയ്ക്ക് നോക്കിയിരിക്കുകയാണെന്ന് പാവം ലീലേടത്തി കരുതി. അപ്പൊഴാണ് അവളുടെ ചിന്തകൾ ശ്രദ്ധിച്ചത് ലീലേടത്തിയെ  ഐ സി .യു 

വിലേക്ക് മാറ്റാൻ നേരം അവരുടെ കയ്യിലും കഴുത്തിലുമുണ്ടായിരുന്ന മൂന്നാലു പവന്റെ ആഭരണം അവളുടെ കയ്യിലായിരുന്നു. അത് അന്നു തന്നെ ഭർത്താവിന്റെ കൈവശം സ്വന്തം വീട്ടിലേയ്ക്ക് കൊടുത്തയച്ചിരുന്നു അവൾ . ശവദാഹം കഴിഞ്ഞ് അനിയത്തിയും , ആങ്ങളയും ചോദിച്ചാൽ അവർക്കതു കൊടുക്കാതിരിക്കാൻ എന്തു പറയണമെന്ന ചിന്തയിലായിരുന്നു അവൾ. അവളുടെ മുഖത്തു നോക്കിയപ്പോൾ ലീലേടത്തിക്ക് ചിരി വന്നു. ഈ കിടപ്പുവരേയുള്ളു മക്കളെ മനുഷ്യന്റെ പരാക്രമം. അവളുടെ മുഖത്തേയ്ക്ക് നോക്കി നെടു വീർപ്പിട്ടു കൊണ്ട് അവർ ഇളയ മകളുടെ അടുത്തേയ്ക്ക് നീങ്ങി


     ലീലേടത്തിയുടെ ഇളയ മകൾ, അവരോട് ഏറ്റവും സ്നേഹവും അനുകമ്പയും ഉള്ളത് അവൾക്കാണ് ലീലേടത്തി അവളുടെ മുഖത്തേയ്ക്ക് നോക്കി. നിർത്താതെ കരഞ്ഞു കൊണ്ടിരിക്കുകയാണ് അവൾ. സങ്കടം ഒട്ടും താങ്ങാൻ കഴിയാത്ത കുട്ടിയാണ്. ലീലേടത്തി അവളുടെ ചിന്തകളിലേയ്ക്ക് നോക്കി. പാവം അമ്മയുമൊത്തുള്ള നിമിഷങ്ങളും സംസാരവുമെല്ലാം ഓർത്തോർത്തിരുന്നു കരയുകയാണവൾ.. അവളുടെ സങ്കടങ്ങളിൽ ഒന്നു കെട്ടിപ്പിടിച്ചു കരയാൻ ഇനി ആരുമില്ല എന്ന ചിന്ത അവളെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ട്. നിന്നെ ഞാൻ കാണുന്നുണ്ട് മോളെ എന്ന് ലീലേടത്തി പറഞ്ഞു.  പക്ഷെ അവളതു കേൾക്കുന്നില്ലെന്ന് അവർക്കു  മനസിലായപ്പോൾ , അവളുടെ നെറ്റിയിലൊരുമ്മ  കൊടുത്തിട്ട് അവർ അവിടെ നിന്നും പോയി .             


        തെക്കേപ്പുറത്ത് ലീലേടത്തിയുടെ ചിതയൊരുക്കുന്നതി നടുത്ത് ,അവരുടെ മകൻ ഒരു കസേരയിൽ ഇരിക്കുന്നതു കണ്ടു.. ഒരു പാട് സ്നേഹിച്ചു വളർത്തിയ മകനാണ് . ലീലേടത്തിയുടെ ഭർത്താവ് അവരുടെ മക്കൾ തീരെ ചെറുതായിരുന്നപ്പോൾ മരിച്ചു പോയതാണ്. അന്നുമുതൽ തുടങ്ങിയ കഷ്ടപ്പാടാണ് ലീലേടത്തിക്ക് . മകൻ വളർന്നു വരുമ്പോൾ കഷ്ടപാടൊക്കെ തീരുമെന്ന് എല്ലാവരും പറയുമായിരുന്നു. പണിയെടുത്ത് കുടുംബം പോറ്റാൻ ത്രാണിയാപ്പോൾ മുതൽ അവൻ കാര്യങ്ങളൊക്കെ നോക്കി തുടങ്ങി ലീലേടത്തി കുറച്ചു ആശ്വസിച്ച കാലമായിരുന്നു അത്. പക്ഷെ ആ സന്തോഷം അധികനാളുണ്ടായില്ല. വിവാഹം കഴിഞ്ഞ് കുറച്ചു നാൾ കഴിഞ്ഞപ്പോൾ ചെറിയ രീതിയിൽ ഉണ്ടായിരുന്ന മദ്യപാനം പതിയെ പതിയെ അവനെ അടിമയാക്കി . രാവിലെ എഴുന്നേൽക്കുമ്പൊൾ മുതൽ മദ്യപിച്ചു തുടങ്ങി, അതു മൂലം അയാളെ ആരും ജോലിക്കു വിളിക്കാതെയായി, കുടുംബം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി.  അതു കൊണ്ടു തന്നെ ലീലേടത്തിക്ക് എത്ര വയ്യായ്കയുണ്ടെങ്കിലും   ജോലിക്കു പോയില്ലെങ്കിൽ പട്ടിണിയാകും എന്ന അവസ്ഥയിലായി. മരിക്കുന്നതിനു ഒരാഴ്ച മുൻപുവരെ അവർക്ക് ജോലി ചെയ്യേണ്ടി വന്നു. ശരീരം മുഴുവൻ നീരുവെച്ച് വീങ്ങിയ അവസ്ഥയിലായപ്പോഴാണ് അവരെ അടുത്തുള്ളവർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചത് . രണ്ടു വൃക്കകളും പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല . കൂടുതൽ ചികിത്സകളൊന്നും വേണ്ടി വന്നില്ല . രണ്ട് ദിവസത്തിനകം തന്നെ അവർ മരിച്ചു. 


          ലീലേടത്തി മകന്റെ അരികിലിരുന്നു. അവനെ സൂക്ഷിച്ചു നോക്കുകയായിരുന്നു സ്ഥിരമദ്യപാനവും , സമയത്തിനു ഭക്ഷണം  കഴിക്കാത്തതും കൊണ്ട്, ആകേ  ശോഷിച്ചു പോയല്ലോ തന്റെ മകനെന്നോർത്ത് അവർക്ക് സങ്കടം വന്നു. പതിയെ അവന്റെ കൈളിൽ തഴുകി കൊണ്ട് അവർ അവനരുകിലിരുന്നു. പക്ഷെ മകന്റെ ചിന്തകൾ അവരെ ഞെട്ടിച്ചു കളഞ്ഞു. അമ്മയുള്ളപ്പോൾ എങ്ങനെ പോയാലും ഒരു പത്ത് മുന്നുറ് രൂപ ദിവസവും എന്ത് ജോലി ചെയ്തിട്ടാണെങ്കിലും അമ്മവീട്ടിൽ കൊണ്ടുവരുമായിരുന്നു. അതുകൊണ്ട് തനിക്കു  കിട്ടുന്ന തെല്ലാം കുടിച്ചു തീർത്താലും വീട്ടിലെ കാര്യങ്ങളൊക്കെ തട്ടിം മുട്ടിം നടക്കുമായിരുന്നു. വല്ലപ്പോഴുമാണ് ആരെങ്കിലും പണിക്കു വിളിക്കുന്നത്.. ഇനി അമ്മയില്ലാത്ത സ്ഥിതിക്ക് കിട്ടുന്നതു മുഴുവൻ വീട്ടിൽ കൊടുക്കേണ്ടിവരുമോ ? അതോർത്തപ്പോൾ അയാൾക്ക് വല്ലാത്ത പരവേശം തോന്നി. ഇനിയിപ്പൊ ആകെ ഉള്ള ഒരു മാർഗ്ഗം, +2 കഴിഞ്ഞു നിൽക്കുന്ന മകളെ എവിടെയെങ്കിലും ജോലിക്കു വിടണം. പരിചയത്തിലുള്ള ഒന്നുരണ്ട് കടകളിൽ ചോദിച്ചു നോക്കാം, സെയിൽസിലേക്ക് വല്ലവരെയും ആവശ്യമുണ്ടോന്ന്.. ഇതൊക്കെയായിരുന്നു ലീലേടത്തിയുടെ മകൻ ചിന്തിച്ചു കൂട്ടിയത്. 


       അവന്റെ ചിന്തകളും കൂടി അറിഞ്ഞപ്പോൾ ലീലേടത്തിക്ക് മതിയായി. ഇനി ആരുടെയും ചിന്തകൾ തനിക്കറിയണ്ട എന്നും പറഞ്ഞ് ലീലേടത്തി ആരുടെ മുഖത്തും നോക്കാതെ ഒരു മൂലക്ക് മാറിയിരുന്നു...

       ***  

 ✍️രമ്യവിഷ്ണു


കഥ -അമ്മത്തണൽ

Author
Citizen Journalist

Remya Vishnu

Writer and Entrepreneur

You May Also Like