വയനാട്ടിൽ നിന്നുള്ള നാടൻ വാഴക്കുലകൾക്ക് വിപണിയിൽ വിലക്കുറവ് ഉണ്ടാവാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ച് കൃഷിവകുപ്പ്.
- Posted on April 26, 2025
- News
- By Goutham prakash
- 143 Views

വയനാട്ടിൽ ഉല്പാദിപ്പിക്കുന്ന നാടൻ വാഴക്കുലകൾക്ക് പൊതു വിപണിയിൽ മതിയായ വില ലഭിക്കുന്നില്ല എന്ന് കാണിച്ച് കർഷകർ കൃഷിവകുപ്പ് മന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി സ്വീകരിച്ചത്. തിരുച്ചിറപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.സി.എ.ആറിന് കീഴിലുള്ള ഗവേഷണ സ്ഥാപനമായ നാഷണൽ റിസർച്ച് സെന്റർ ഫോർ ബനാന (എൻ.ആർ.സി.ബി)യുടെ ഡയറക്ടർ ഡോ. സെൽവരാജനും കേരളത്തിൽ നിന്നുള്ള വിദഗ്ദ്ധ സംഘവും ചേർന്ന് നടത്തിയ പ്രാഥമിക പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. എൻ.ആർ.സി.ബി യുടെ നേതൃത്ത്വത്തിൽ വയനാടൻ വാഴക്കുലയുടെ ഗുണനിലവാരത്തെ കുറിച്ച് ഉടൻ പഠനം ആരംഭിക്കുക, കുടുതൽ വിളവ് ലഭിക്കുന്നതിന് ടിഷ്യു കൾച്ചർ സാങ്കേതികവിദ്യ യുടെ പ്രദർശന തോട്ടം വയനാടിൽ കർഷകരുടെ കൃഷിയിടത്തിൽ നടപ്പിലാക്കുക. എൻ.ആർ.സി.ബി ഉൽപാദിപ്പിച്ച ഗുണമേന്മ ഉറപ്പ് വരുത്തിയിട്ടുള്ള ടിഷ്യൂകൾച്ചർ തൈകൾ പ്രചരിപ്പിക്കുക, എൻ.ആർ.സി.ബി രൂപപ്പെടുത്തിയ വളക്കൂട്ട് ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗിച്ച് തളിക്കുക, എൻ.ആർ.സി.ബി വികസിപ്പിച്ച ഏറ്റവും പുതിയ വാഴയിനങ്ങൾ കർഷകർക്കു പ്രദർശന തോട്ടമാക്കാൻ വിതരണം ചെയ്യുക, തൃശൂർ, പാലക്കാട് ജില്ലകളിലെ വാഴക്കുലകളുടെ ഗുണനിലവാരവും വയനാടൻ വാഴക്കുലയുമായി താരതമ്യ പഠനം നടത്തുക, വയനാടിലെ കർഷകർക്ക് എൻ.ആർ.സി.ബി യിൽ പരിശീലനം നൽകുക, എൻ.ആർ.സി.ബി യിൽ നിന്നുള്ള വിദദ്ധരെ ഉൾപ്പെടുത്തി വയനാട്ടിലെ വാഴകൃഷിയെ കുറിച്ച് പഠനം ആരംഭിക്കുക എന്നീ നിർദ്ദേശങ്ങളാണ് വിദഗ്‌ദ്ധ സംഘം അവതരിപ്പിച്ചത്.
കാർഷിക വിലനിർണ്ണയ ബോർഡ് ചെയർമാൻ പി. രാജശേഖരൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി പി വർഗീസ്, VFPCK ഉദ്യോഗസ്ഥർ, കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ, കർഷകർ, എന്നിവർ ഡോ. സെൽവരാജനുമായി ചർച്ച നടത്തി.