ജൈവവൈവിധ്യ സംരക്ഷണം: വെള്ളായണി കാർഷിക കോളേജിൽ അന്തർദേശീയ സമ്മേളനം.

കാർഷിക സർവകലാശാലയും സംസ്ഥാന ജൈവവൈവിധ്യ ബോർഡും (KSBB) സംയുക്തമായി സംഘടിപ്പിക്കുന്ന “കേരള അഗ്രോ ബയോഡൈവേഴ്സിറ്റി കോൺഫറൻസ് 2025” [KAbCon-2025] ഡിസംബർ 22, 23 തീയതികളിലായി വെള്ളായണി കാർഷിക കോളേജിൽ നടക്കുന്നു. 


പരമ്പരാഗത അറിവുകളും ആധുനിക ശാസ്ത്ര-സാങ്കേതികവിദ്യകളും സംയോജിപ്പിച്ചുകൊണ്ട് കാർഷിക ജൈവവൈവിധ്യ സംരക്ഷണവും സുസ്ഥിര ഭക്ഷ്യവ്യവസ്ഥകളുടെ ശാക്തീകരണവുമാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഡിസംബർ 22 തിങ്കളാഴ്ച രാവിലെ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് കേരള സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സൺ ഡോ. വി. കെ. രാമചന്ദ്രൻ അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യും. കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ബി. അശോക് ഐഎഎസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ ശാസ്ത്രീയ ഉപദേഷ്ടാവ് പത്മശ്രീ എം. സി. ദത്തൻ മുഖ്യപ്രഭാഷണം നടത്തും. 

കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പിന്റെ (DARE) മുൻ ഗവൺമെന്റ് സെക്രട്ടറിയും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ മുൻ ഡയറക്ടർ ജനറലുമായ ഡോ. ത്രിലോചൻ മൊഹപത്ര സമ്മേളനത്തിന്റെ സംഗ്രഹ പുസ്തകം പ്രകാശനം ചെയ്യും. കേരളത്തിലെ പരമ്പരാഗത വിത്തുകളുടെ സംരക്ഷകരായിട്ടുള്ള എഴുപതോളം കർഷകരെ സമ്മേളനത്തിന്റെ ഭാഗമായി മൃഗസംരക്ഷണ–ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ആദരിക്കും. 23ന്  നടക്കുന്ന ജൈവ വൈവിധ്യ നയ രൂപീകരണ ശില്പശാലയും സമാപന സമ്മേളനവും കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. 


നബാർഡ് ചെയർമാൻ ഡോ. ഷാജി കെ. വി., പ്രമുഖ കർഷകരായ പത്മശ്രീ ചെറുവയൽ രാമൻ, പത്മശ്രീ ലക്ഷ്മിക്കുട്ടി അമ്മ, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ, ഡോ. പ്രമോദ് ജി കൃഷ്ണൻ ഐ എഫ് എസ്, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, കാർഷിക സർവകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ. കെ എൻ അനിത്, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ  മെമ്പർ സെക്രട്ടറി ഡോ. സാബു എ, സംസ്ഥാന ആസൂത്രണ ബോർഡ് അഗ്രി ചീഫ് നാഗേഷ് എസ് എസ് , കാർഷിക കോളേജ് ഡീൻ ഡോ. റോയ് സ്റ്റീഫൻ 

തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.


രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നും പ്രശസ്ത ശാസ്ത്രജ്ഞർ, നയരൂപീകരണ വിദഗ്ധർ, കർഷക പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്ന വിദഗ്ധ പാനലുകളുടെ നേതൃത്വത്തിൽ സുസ്ഥിരകൃഷി, കാലാവസ്ഥ അനുയോജ്യത, ഭക്ഷ്യ പോഷക സുരക്ഷ എന്നിങ്ങനെയുള്ള വിഷയങ്ങളിൽ  അക്കാദമികവും നയപരവുമായ ചർച്ചകളും, ഗവേഷണ പ്രബന്ധ അവതരണങ്ങളും ഉണ്ടായിരിക്കും.


സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻറെ 20-ാം വാർഷികം, വെള്ളായണി കാർഷിക കോളേജിന്റെ 70-ാം വാർഷികാഘോഷങ്ങൾ, ലോകാരോഗ്യ സംഘടനയുടെ 80-ാം വാർഷികം, ലോക ഭക്ഷ്യ ദിനം, പ്രൊഫ. എം എസ് സ്വാമിനാഥന്റെ ശതാബ്ദി  എന്നിവയോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന

സമ്മേളനത്തിന്റെ ഭാഗമായി വിത്തുമേള, കർഷകരുടെ അനുഭവ വിവരണങ്ങൾ, മാതൃകാ ജൈവവൈവിധ്യ ഫീൽഡ് സന്ദർശനം, കലാസന്ധ്യ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസനലക്ഷ്യങ്ങളുമായി ഏകോപിപ്പിച്ചുകൊണ്ട് കാർഷിക ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ  ശക്തിപ്പെടുത്തുന്നതിൽ ഈ സമ്മേളനം നിർണായക സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അന്തർദേശീയ സമ്മേളനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി www.kabcon2025.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

Author
Citizen Journalist

Goutham prakash

No description...

You May Also Like