സുവർണ്ണ ചകോരം നേടി 'ടു സീസൺസ് ടു സ്ട്രേഞ്ചേഴ്സ്'. പ്രേക്ഷകപ്രീതി തന്ത പേരിന്.
- Posted on December 21, 2025
- News
- By Goutham prakash
- 20 Views
തിരുവനന്തപുരം: മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സിനിമയ്ക്കുള്ള സുവർണ്ണ ചകോരം 'ടു സീസൺസ് ടു സ്ട്രേഞ്ചേഴ്സ്' സ്വന്തമാക്കി. 20
ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.
മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതയും അവർക്കിടയിലെ വൈകാരിക ബന്ധത്തിൻ്റെ ആഴവും പ്രമേയമാക്കി ഷോ മിയാക്കി സംവിധാനം ചെയ്ത ഈ ചിത്രം മേളയിലും ഏറെ ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ലി എന്ന തിരക്കഥാകൃത്ത് തന്റെ ജീവിതത്തിലെ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിൽ നേരിടുന്ന ആന്തരിക സംഘർഷങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള ഫിപ്രസ്കി അവാർഡ് സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ‘ ഖിഡ്കി ഗാവ്’ സ്വന്തമാക്കി. മികച്ച സംവിധായകനുള്ള രജത ചകോരം 'ബിഫോർ ദ ബോഡി' എന്ന ചിത്രത്തിലൂടെ കരീന പിയാസ, ലൂസിയ ബ്രസീലിസ് എന്നിവർക്ക് ലഭിച്ചു.
ഉണ്ണികൃഷ്ണൻ ആവളയുടെ 'തന്തപ്പേര്' പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹമായി. കൂടാതെ, പ്രേക്ഷകപ്രീതിയാർജ്ജിച്ച ചിത്രത്തിനുള്ള ഓഡിയൻസ് പോൾ അവാർഡും തന്തപ്പേര് സ്വന്തമാക്കി.
മികച്ച നവാഗത ഇന്ത്യൻ സംവിധായകർക്കുള്ള കെ ആർ മോഹനൻ അവാർഡ് തനുശ്രീ ദാസ്, സൗമ്യാനന്ദ സാഹി എന്നിവർ പങ്കിട്ടു. ഇവരുടെ തന്നെ സംവിധാന മികവിൽ ഒരുങ്ങിയ ചിത്രത്തിനാണ് മികച്ച നവാഗത സംവിധായകനുള്ള രജത ചകോരവും ലഭിച്ചത്.
മലയാള സിനിമയിലെ മികച്ച നവാഗത സംവിധായകനായി ഫിപ്രസ്കി അവാർഡ് ഫാസിൽ റസാഖ് സ്വന്തമാക്കി.
നെറ്റ്പാക്, ഫിപ്രസി പുരസ്കാരങ്ങൾ
നെറ്റ്പാക് പുരസ്കാരങ്ങളിൽ മികച്ച ഏഷ്യൻ സിനിമയായി 'സിനിമ ജസീറ' തിരഞ്ഞെടുക്കപ്പെട്ടു. മലയാള സിനിമ വിഭാഗത്തിൽ 'ഖിഡ്കി ഗാവ്', 'തന്തപ്പേര്' എന്നീ ചിത്രങ്ങൾ മികച്ച നേട്ടം കൈവരിച്ചു. സങ്കേതിക മികവിനായി 'ബ്ലാക്ക് റാബിറ്റ് വൈറ്റ് റാബിറ്റ്' പ്രത്യേക ജൂറി പരാമർശത്തിന് അർഹമായപ്പോൾ, അഭിനയ മികവിനായി ഷാഡോ ബോക്സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് തിലോത്തമ ഷോമെയ്ക്ക് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു.
