മൃദംഗ ശൈലേശ്വരി ക്ഷേത്രവും, മൂന്ന് മോഷണങ്ങളും പിന്നെ കെ കരുണാകരനും

പലതവണകളിൽ, പല വ്യക്തികളാൽ മോഷ്ടിക്കപ്പെട്ട വിഗ്രഹം ക്ഷേത്രത്തിൽ തിരിച്ചെത്തിയ കഥ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്

കണ്ണൂർ മുഴക്കുന്നിലെ മൃദംഗശൈലേശ്വരി ക്ഷേത്രത്തിന്റെ പ്രശസ്തരായ വിശ്വാസികളിൽ എങ്ങനെ അന്തരിച്ച കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന കെ കരുണാകരന്റെ പേര് വന്നു? മുൻ ഡിജിപി അലക്സാണ്ടർ ജേക്കബിന്റെ ഓർമ്മകളിൽ ഇന്നും എങ്ങനെയാണ് മുഴക്കുന്നിലെ ക്ഷേത്രം വേറിട്ട് നിൽക്കുന്നത്?

ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിനു മുൻപ് മുഴക്കുന്ന് എന്ന ഗ്രാമത്തെയും,  ആ നാട്ടിലെ  ഒന്നരക്കോടി രൂപ മൂല്യമുള്ള പഞ്ചലോഹത്തിൽ തീർത്ത ദേവി വിഗ്രഹത്തെയും കുറിച്ച് അറിയാം. കേരളത്തിലെ 108 ദുർഗ്ഗാ ദേവി  ക്ഷേത്രങ്ങളിൽ ഒന്നാണ് മുഴക്കുന്നിലെ ക്ഷേത്രം. പഴശ്ശിരാജ കുടുംബത്തിന്റെയും പഴശ്ശിരാജയുടെയും ഇഷ്ടദേവതയായ മൃദംഗശൈലേശ്വരി, സംഗീതത്തിന്റെ ദേവതയാണ്. ക്ഷേത്രം ദൂരെ നിന്ന് നോക്കിയാൽ മൃദംഗത്തിന്റെ ആകൃതിയിൽ ആണെന്നും അതല്ല, ദേവി മൃദംഗത്തിന്റെ ആകൃതിയിൽ പ്രത്യക്ഷപ്പെട്ടതുകൊണ്ടാണ് മൃദംഗശൈലേശ്വരി എന്ന പേര് വന്നതെന്നും പല കഥകളുണ്ട്. ദേവിയുടെ സംഗീതം മുഴങ്ങുന്ന സ്ഥലം എന്ന അർത്ഥത്തിലാണ് മുഴക്കുന്ന് എന്ന പേരുണ്ടായതെന്നും ചിലർ പറയുന്നു. എന്നാൽ മൃദംഗശൈലേശ്വരി ക്ഷേത്രം പ്രസിദ്ധമാവുന്നത് മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് ക്ഷേത്രത്തിൽ നടന്ന മോഷണങ്ങളെക്കുറിച്ച് പുറംലോകത്തെ അറിയിച്ചപ്പോഴാണ്.

പലതവണകളിൽ, പല വ്യക്തികളാൽ മോഷ്ടിക്കപ്പെട്ട വിഗ്രഹം ക്ഷേത്രത്തിൽ തിരിച്ചെത്തിയ കഥ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ആദ്യത്തെ മോഷണം നടക്കുന്നത് 1979ലാണ്. വിഗ്രഹം മോഷ്ടിച്ച് കൊണ്ടുപോയെങ്കിലും, കുറച്ചു ദൂരം കഴിഞ്ഞപ്പോൾ മോഷ്ടാക്കൾ വിഗ്രഹം ഉപേക്ഷിച്ച് കടന്നു കളയുകയാണ് ഉണ്ടായത്. എന്നാൽ ആ മോഷണത്തിലെ പ്രതികളെ പിന്നീട് പിടികിട്ടിയില്ല.vരണ്ടാമത്തെ മോഷണം നടക്കുന്നത് 1983ലാണ്. മോഷ്ടിക്കപ്പെട്ട 42 ദിവസങ്ങൾക്ക് ശേഷം പാലക്കാട് -തമിഴ്നാട് ഹൈവേയിൽ നിന്നും ദേവി വിഗ്രഹം കണ്ടുകിട്ടി. കൂടെ മോഷ്ടാക്കൾ എഴുതിയ ഒരു കുറിപ്പും ഉണ്ടായിരുന്നു. "ഇത് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലെ വിഗ്രഹമാണെന്നും,  ദേവിയെ തിരിച്ചുകൊണ്ടു പോകണം" എന്നുമായിരുന്നു കുറുപ്പിന്റെ ഉള്ളടക്കം.

ഈയൊരു സംഭവത്തോട് കൂടി ക്ഷേത്രത്തിന് പോലീസ് സംരക്ഷണം നൽകണമെന്ന് നിർദ്ദേശങ്ങൾ ഉണ്ടായെങ്കിലും അത്തരത്തിൽ ഒരു കാവൽ ദേവിക്ക് വേണ്ടതില്ല എന്ന് തീരുമാനത്തിൽ ആയിരുന്നു വിശ്വാസികൾ. കർണാടകയിൽ നിന്നുള്ള സംഘമാണ് മൂന്നാമത്തെ മോഷണശ്രമം നടത്തിയത് വയനാട് വഴി കർണാടകയിലേക്ക് വിഗ്രഹം കടത്താനായിരുന്നു പദ്ധതി. എന്നാൽ കൽപ്പറ്റയിലെ ഒരു ലോഡ്ജിൽ നിന്നും കള്ളന്മാർ ഫോൺ ചെയ്തു വിഗ്രഹം ലോഡ്ജ് മുറിയിൽ  ഉണ്ടെന്നും, വിഗ്രഹം അവിടെ  ഉപേക്ഷിക്കുകയാണെന്നും പോലീസിനെ അറിയിച്ചു. പിന്നീട് പല മോഷണ കേസുകളിൽ, ആദ്യത്തേതിൽ ഒഴിച്ച് മറ്റെല്ലാ മോഷണ ശ്രമങ്ങളും നടത്തിയ പ്രതികളെ പിടികിട്ടി.

അന്ന് തങ്ങൾക്കാ വിഗ്രഹം മോഷ്ടിച്ചതോടുകൂടി ദിക്കുകൾ  അറിയാൻ സാധിക്കാതെ ആവുകയും തുടർന്ന്, തങ്ങളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ട് മലമൂത്ര വിസർജനം പോലും നടത്തിയതായി അവർ പറഞ്ഞു. അസാധ്യ കാര്യങ്ങൾ സാധിച്ചു തരുന്ന ദേവി എന്നറിയപ്പെടുന്ന മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിന്റെ പ്രശസ്തരായ വിശ്വാസികളിൽ ഒരാൾ കെ കരുണാകരനാണ്. കോൺഗ്രസ് പാർട്ടി പിളർന്ന പ്രതിസന്ധിയിൽ ആയ സമയത്ത് ക്ഷേത്രദർശനം നടത്തിയ കെ കരുണാകരൻ പിന്നീട് രണ്ടുതവണ മുഖ്യമന്ത്രിയായി എന്നാണ് പറയപ്പെടുന്നത്. കുപ്രസിദ്ധമായ രാജൻ കേസിന്റെ സമയത്ത് പോലീസുകാരായ ജയറാം പഠിക്കലും മധുസൂദനനും ഇവിടെ ക്ഷേത്രദർശനം നടത്തിയെന്നും മുൻ ബിജെപി അലക്സാണ്ടർ ജേക്കബ് ഓർത്തെടുക്കുന്നു. എന്നാൽ മൃദംഗശൈലേശ്വരി ക്ഷേത്രവും, അവിടെ നടന്ന മോഷണങ്ങളും യാഥാർത്ഥ്യത്തിന്റെയും കഥകളുടെയും ഇടയിൽ ഇന്നും ചോദ്യചിഹ്നമായി നിൽക്കുകയാണ്.

Author
No Image
Journalist

Dency Dominic

No description...

You May Also Like