ബൗളര്‍മാരുടെ കരുത്തില്‍ ന്യൂയോര്‍ക്കില്‍ പാകിസ്ഥാനെ തളച്ച് ഇന്ത്യ; വിജയം 6 റണ്‍സിന്
- Posted on June 10, 2024
- Sports
- By Arpana S Prasad
- 79 Views
സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബൗളിംഗ് നിര മല്‍സരം എറിഞ്ഞു പിടിക്കുകയായിരുന്നു
ന്യൂയോര്‍ക്കില്‍ മഴയ്ക്കു മീതെ പെയ്തിറങ്ങിയ ആരാധകരുടെ ആവേശത്തിന് വിരുന്നായി ഇന്ത്യ-പാകിസ്ഥാന്‍ ത്രില്ലര്‍. അവസാന ഓവറിലേക്ക് നീണ്ട നാടകീയ മല്‍സരത്തില്‍ പാകിസ്ഥാനെ 6 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ കരുത്തുകാട്ടി. സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബൗളിംഗ് നിര മല്‍സരം എറിഞ്ഞു പിടിക്കുകയായിരുന്നു. ലോകകപ്പിലെ ഏറ്റവും കുറഞ്ഞ ടോട്ടലിന് പുറത്തായ ഇന്ത്യ 120 റണ്‍സ് വിജയലക്ഷ്യമാണ് പാകിസ്ഥാന് മുന്നില്‍ വെച്ചത്.
മറുപടി ബാറ്റിംഗില്‍ 14 ാം ഓവര്‍ വരെ കളി വരുതിയിലാക്കിയ പാകിസ്ഥാന് ബുംറയുടെ രണ്ടാം വരവില്‍ കാലിടറി. തുടര്‍ച്ചായി വിക്കറ്റ് വീണതോടെ പാക് ഇന്നിംഗ്‌സിന് പകിട്ട് നഷ്ടപ്പെട്ടു. നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റിന് 113 റണ്‍സെടുക്കാനേ പാകിസ്ഥാന് കഴിഞ്ഞുള്ളൂ.കഴിഞ്ഞ ദിവസങ്ങളില്‍ പഴിയെല്ലാം കേട്ട നാസോ സ്‌റ്റേഡിയത്തിലെ പിച്ച് ഇന്ന് മികച്ച നിലയിലായിരുന്നു. പന്ത് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ബാറ്റിലേക്ക് വന്നു. അപ്രതീക്ഷിത ബൗണ്‍സും കുറവായിരുന്നു. മഴപെയ്ത അന്തരീക്ഷം മുതലെടുക്കാന്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിംഗ് തെരഞ്ഞെടുത്തു. രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ വിരാട് കോലി (4) നസീം ഷായുടെ പന്തില്‍ ഉസ്മാന്‍ ഖാന്റെ കൈകളില്‍ അവസാനിച്ചു. മൂന്നാം ഓവറിലെ നാലാം പന്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (13) ഷഹീന്‍ അഫ്രിദിക്കെതിരെ ഫ്‌ളിക്ക് ഷോട്ട് കളിച്ച് ഹാരിസ് റൗഫിന് ക്യാച്ച് നല്‍കി മടങ്ങി. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത ബുംറയാണ് കളിയിലെ താരം. പാകിസ്ഥാനെതിരെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഏഴാം വിജയമാണിത്.
ടി20 മല്‍സരങ്ങളില്‍ ഇന്ത്യ വിജയകരമായി ഡിഫെന്‍ഡ് ചെയ്യുന്ന ഏറ്റവും ചെറിയ സ്‌കോറും. ഗ്രൂപ്പ് എയില്‍ അഞ്ചാം സ്ഥാനത്തേക്ക് വീണ പാകിസ്ഥാന് ഇനി സൂപ്പര്‍ എയ്റ്റിലേക്ക് മുന്നേറാന്‍ കാനഡക്കും അയര്‍ലന്‍ഡിനുമെതിരെ കൂറ്റന്‍ വിജയങ്ങള്‍ വേണം. ഒപ്പം രണ്ടാം സ്ഥാനത്തുള്ള യുഎസ് ഇന്ത്യയോടും അയര്‍ലന്‍ഡിനോടും നല്ല മാര്‍ജിനില്‍ തോല്‍ക്കണം.