മുപ്പതാമത് ഐ. എഫ്.എഫ് കെ: രജതചകോരം കരീന പിയാസയ്ക്കും ലൂസിയ ബ്രാസെലിസിനും.
- Posted on December 20, 2025
- News
- By Goutham prakash
- 59 Views
സി.ഡി. സുനീഷ്.
നിശാഗന്ധിയിൽ നടന്ന സമാപന ചടങ്ങിലായിരുന്നു പുരസ്കാര പ്രഖ്യാപനം._
തിരുവനന്തപുരം: മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജതചകോര പുരസ്‌കാരം അർജന്റീനിയൻ ചിത്രം 'ബിഫോർ ദ ബോഡി'യുടെ സംവിധായകരായ കരീന പിയാസയ്ക്കും ലൂസിയ ബ്രാസെലിസിനും. നിശാഗന്ധിയിൽ നടന്ന മേളയുടെ സമാപന ചടങ്ങിലായിരുന്നു പുരസ്കാര പ്രഖ്യാപനം. നാലു ലക്ഷം രൂപയും പ്രശസ്‌തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
അർജന്റീനിയൻ സംവിധായകരായ കരീന പിയാസയും ലൂസിയ ബ്രാസെലിസും ചേർന്ന് ഒരുക്കിയ ഈ സ്പാനിഷ് ചിത്രം അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. 'ലാ വിദ ട്രാൻക്വില' എന്ന വെബ് സീരീസിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയും ശ്രദ്ധേയരായ ഇരുവരുടെയും ചലച്ചിത്ര ലോകത്തെ ശക്തമായ ചുവടുവെപ്പുകൂടിയാണ് ഈ സിനിമ.
തന്റെ കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കായി പൊരുതുന്ന ഒരമ്മയുടെ ജീവിതത്തിലൂടെ, വളർന്നുവരുന്ന ഭീഷണികളെയും സാമൂഹിക സാഹചര്യങ്ങളെയും പ്രമേയമാക്കിയാണ് ചിത്രം കഥ പറയുന്നത്. കുട്ടികളോടുള്ള കരുതലും അപകടകരമായ സാഹചര്യങ്ങളും തമ്മിലുള്ള വൈകാരികമായ സങ്കീർണ്ണതകളിലൂടെയാണ് സിനിമ കടന്നു പോകുന്നത്.
പതിനാല് സിനിമകളാണ് ഇത്തവണയും അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ സുവർണ്ണചകോരത്തിനായി മാറ്റുരച്ചത്. ഇറാനിയൻ സംവിധായകൻ മുഹമ്മദ് റസലൂഫ് അധ്യക്ഷനായ അന്താരാഷ്ട്ര ജൂറിയാണ് പുരസ്കാരങ്ങൾ നിശ്ചയിച്ചത്.
