ബിനാലെ ജനമനസ്സുകളെ അടുപ്പിക്കുന്നു: ക്യൂറേറ്റര്‍ നിഖില്‍ ചോപ്ര
- Posted on September 20, 2025
- News
- By Goutham prakash
- 16 Views

സി.ഡി. സുനീഷ്
കോഴിക്കോട്: കൊച്ചി മുസിരിസ് ബിനാലെ കേരളത്തിന്‍റെ മുഴുവന്‍ സ്വത്താണെന്ന തിരിച്ചറിവാണ് എല്ലാ ജില്ലകളിലും ലെറ്റ്സ് ടോക്ക് സംവാദം സംഘടിപ്പിക്കാന്‍ കാരണമെന്ന് ആറാം ലക്കത്തിന്‍റെ ക്യൂറേറ്റര്‍ നിഖില്‍ ചോപ്ര അഭിപ്രായപ്പെട്ടു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ കോഴിക്കോട് വി കെ കൃഷ്ണമേനോന്‍ മ്യൂസിയത്തില്‍ നടത്തിയ ലെറ്റ്സ് ടോക്ക് പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചിയുടെ സാംസ്ക്കാരിക വൈവിദ്ധ്യം മറ്റെവിടെയും കാണാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാനപരമായി ജനങ്ങള്‍ തമ്മിലുള്ള പരസ്പര സൗഹൃദത്തിന്‍റെയും ആത്മബന്ധത്തിന്‍റെയും പ്രതീകമായി ബിനാലെ മാറണം. കൊച്ചിയെപ്പോലെ സാംസ്കാരിക വൈവിധ്യമുള്ള ഒരു നഗരത്തിന് ഏത് തരം മാനവിക വൈവിധ്യത്തെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊച്ചിയും ഗോവയും തന്‍റെ സമകാലീന കലാ ജീവിതത്തെ എത്രകണ്ട് സ്വാധീനിച്ചുവെന്ന് നിഖില്‍ ചോപ്ര സദസ്സിന് മുന്നില്‍ വിവരിച്ചു. ഇഴചേര്‍ന്ന് കിടക്കുന്ന അടുപ്പമാണ് കൊച്ചിയ്ക്കും ഗോവയ്ക്കുമുള്ളത്. ഫോര്‍ ദി ടൈം ബീയിംഗ് എന്ന ക്യൂററ്റോറിയല്‍ ദര്‍ശനവും അദ്ദേഹം സദസ്സിന് മുന്നില്‍ അവതരിപ്പിച്ചു.
കൊച്ചിയുടെ ചരിത്രപ്രാധാന്യത്തെയും ബിനാലെയുടെ തുടക്ക കാലത്തെക്കുറിച്ചും കെബിഎഫ് പ്രോഗ്രാം ഡയറക്ടര്‍ മാരിയോ ഡിസൂസ സംസാരിച്ചു.