ആ ഓർമ്മക്ക് ഒരു സല്യൂട്ട്

ക്ലാരച്ചേട്ടത്തി പുതിയ ഫോട്ടോ വർഗ്ഗീസ് മാപ്പിളക്കു നീട്ടി.

അറുപതുകാരന്റെ നരവീണ കണ്ണുകൾ ഫോട്ടോയിലൂടെ അവലോകനം നടത്തി.

തന്റെ ആകെ കൂടിയുള്ള പെൺകൊച്ചിനു വേണ്ടിയാ.

"സണ്ണിക്കുട്ടി , വയസ്സ് മുപ്പത്തൊന്ന്" 

ക്ലാരച്ചേട്ടത്തി പുതിയ ഫോട്ടോ വർഗ്ഗീസ് മാപ്പിളക്കു നീട്ടി.

അറുപതുകാരന്റെ നരവീണ കണ്ണുകൾ ഫോട്ടോയിലൂടെ അവലോകനം നടത്തി.

തന്റെ ആകെ കൂടിയുള്ള പെൺകൊച്ചിനു വേണ്ടിയാ.

" എന്നാലും പ്രായത്തിൽ ഒമ്പത് വയസ്സിന്റ മൂപ്പുണ്ട് അവന്"

"അതുപിന്നെ അവൻ പട്ടാളത്തിൽ അല്ലേ... രാജ്യസേവനം. പ്രായം കൂടിയാലും രാജ്യത്തിന്റ സ്വത്താ..! മാപ്പിള വേണ്ടാന്നു വെയ്ക്കണ്ട."

കുരിശിങ്കൽ കർഷക തറവാട്ടിൽ പെണ്ണുങ്ങളുടെ വാക്കിനു പ്രധാന്യം ഇല്ലാരുന്നു.എന്നിട്ടും കെട്ടിയവൾ മറിയയോട് അഭിപ്രായം ചോദിച്ചു.

"എലിസബത്തിന്റ ഇഷ്ടമല്ലേ ആദ്യം അറിയേണ്ടത്."

മാപ്പിളക്ക് ഭാര്യയുടെ വർത്തമാനം തീരെ പിടിച്ചില്ല.

അയാൾ മറിയയുടെ മുടിക്കുത്തിനു പിടിച്ചു പുറകോട്ടു ആട്ടി.

മറിയ വേച്ചു വീണത് മുറ്റത്ത് ഉണക്കാനിട്ട റബ്ബറിന്റ പുറത്തേക്ക്.

"വല്ലവരും മുന്നിൽ നിക്കുമ്പോഴാണോടി കെട്ടിയവനെ ചോദ്യം ചെയ്യുന്നത്. "

ക്ലാരമ്മ വല്ലാതായി.

"എന്റെ മാപ്പിളേ ..ഇങ്ങനെ ഹാലിളകാതെ. പുതിയ കാലത്തെ പെൺകുട്ടികളുടെ അഭിപ്രായം ചോദിക്കണമെന്നേ മറിയച്ചേട്ടത്തി ഉദേശിച്ചുള്ളു."

" ആരും തീരുമാനിക്കണ്ട. എന്റെ കുടുബത്തിൽ എന്റെ തീരുമാനമേയുള്ളു."

അങ്ങനെ വർഗ്ഗീസിന്റ തീരുമാനം നടപ്പിലാക്കപ്പെട്ടു.

നാളെയാണ് മിന്നുകെട്ട്.

കോട്ടയം നഗരത്തിൽ ശനിയാഴ്ച്ച വൈകുന്നേരം7  ഡിഗ്രിയിൽ മഴ കനത്തപ്പോൾ അവിടുന്നും ഇരുപത് കിലോമീറ്റർ അപ്പുറം പൊങ്ങന്താനത്തു 2 ഡിഗ്രിയിൽ മഴ പെയ്തു തുടങ്ങിയപ്പോൾ സണ്ണിക്കുട്ടി വേവലാതിപ്പെട്ടു.

" അവൻന്മാര് ലേറ്റാകുമോ?"

കൂട്ടുകാരേയുംനാട്ടുകാരേയും സൽക്കരിക്കാനുള്ള " കുപ്പി " യുടെ കാര്യങ്ങൾ ഏറ്റിരിക്കുന്നത് നകുലനും ധർമ്മനുമാണ് .

കോട്ടയം മാർക്കറ്റിലെ തൊഴിലാളികളായ ഈ കളിക്കൂട്ടുകാർ നാഗമ്പടത്തെ ബീവറേജിനു മുന്നിൽ ക്യൂ നിൽക്കുമ്പോഴാണ് സണ്ണിച്ചന്റ വിളി .

" ക്യൂവിലാ സണ്ണി ... കുപ്പി പൊട്ടിക്കാൻ സമയമാകുമ്പോൾ  സാധനവുമായി ഞങ്ങൾ അവിടെ ഉണ്ട്. "

നകുലൻ കുടക്കു പകരം നിറപറയുടെ പ്ലാസ്റ്റിക്ക് ചാക്ക് തലയിലൂടെ ഇട്ട് ക്യൂവിലെ അഞ്ചു പേർക്കു പുറകിൽ നിന്നു വിശദീകരണം കൊടുത്തപ്പോൾ മഴക്കു വീണ്ടും ശക്തികൂടി.

സണ്ണിയുടെ വീടിന്റെ പുറകിലെ അതിരു തിരിക്കുന്ന പുകല കച്ചവടക്കാരൻ ഔസേപ്പിന്റെ റബർ തോട്ടത്തിൽ സണ്ണിയും അളിയൻമാരും ചേർന്ന് നീല ടാർപോ വലിച്ചു കെട്ടിരുന്നു.

രാത്രിയിലെ മദ്യപാന സെറ്റപ്പ് ഇവിടെ വച്ചാണ്.!.

"എടാ ഒരു പത്തു ഫുൾ എങ്കിലും ഉണ്ടാവില്ലേ? സോഡയും പോത്തുകറിയും വേറെ. ഒരു രണ്ടു മേശയിടാം"

കല്യാണത്തിനു ക്ഷണിക്കാതെ വന്ന നാട്ടിലെ വല്യ കുടിക്കാരനും പണിയെടുക്കാതെ ജീവിക്കുന്നവനുമായ കുഞ്ഞനിയൻ തന്റെ വരവറിയിച്ചു.

എല്ലാ മാസവും പട്ടാളത്തിൽ നിന്നു കിട്ടുന്ന കോട്ടാ സണ്ണിയുടെ സ്ഥലക്കച്ചവടക്കാരനായ അമ്മാച്ചൻ എടുത്തുകൊണ്ടുപോകും.

കല്യാണം ഉണ്ടെന്നറിഞ്ഞിട്ടും ഈ പ്രാവിശ്യവുംകൊണ്ടുപോയി.

ദുഷ്ടൻ..!

സണ്ണിയുടെ അളിയൻ അമ്മാച്ചനെ പ്രാകി.

സണ്ണിയുടെ കല്യാണം നാടു മുഴുവൻ വിളിച്ചിരിക്കുകയാണ്. വിളിക്കാത്തവരും എത്തും. അതാണ് ആ നാടും സണ്ണിയും തമ്മിലുളള ബന്ധം .

പകല് ഇരുട്ടിനു വഴി മാറിയപ്പോൾ മഴയുടെ ശക്തി 4 ഡിഗ്രിയിലേക്കു കയറി. ടാർ പോയ്ക്കു കീഴെ പെട്രോൾ മാക്സ് കത്തി തുടങ്ങിയപ്പോൾ മദ്യപാന സെറ്റപ്പിലേക്കുളള ആളുകൾ പെരുകി തുടങ്ങി.

സോഡ വന്നു. കപ്പ വന്നു. പോത്തിറച്ചി വന്നു. എന്നിട്ടും നകുലനും ധർമ്മനും എത്തിയില്ല.

സണ്ണി വിളിച്ചു. അവരു വിളി കേൾക്കാൻ ഫോൺ എടുത്തില്ല.

'ചിലപ്പോൾ വന്നോണ്ടിരിക്കുകയായിരിക്കും. അതാ എടുക്കാത്തെ'

അങ്ങനെ സമാധാനിച്ചു.

സണ്ണിയുടെ "കുപ്പി " കൊണ്ടുപോയ അമ്മാച്ചൻ അതിനു പാരിതോഷികമായി കൈതച്ചക്കയിൽ വാറ്റിയെടുത്ത രണ്ടു ലിറ്റർ ചാരായവുമായി വന്നു.

"വാറ്റെങ്കിൽ വാറ്റ് . നമ്മുക്ക് തുടങ്ങാം." 

ക്ഷണിക്കാത്ത കുഞ്ഞനിയൻ ധൃതി കാട്ടി.

 റബ്ബർതോട്ടത്തിലെ ചീവീടിന്റെ ശബ്ദത്തിനുമേലേ ഗ്ലാസുകൾ കൂട്ടിമുട്ടി.

രണ്ടു ലിറ്റർ കാലിയാകാൻ കുറച്ചുടെ സമയം മതിയെന്ന തിരിച്ചറിവിൽ സണ്ണി വീണ്ടും നകുലനെ വിളിച്ചു.

ഓട്ടോയിൽ പതിനഞ്ചു കുപ്പി മദ്യവും,ഒരു കേസ് ബിയറുമായി ആറു ഡിഗ്രിയിൽ പെയ്യുന്ന മഴയിലൂടെ വരുമ്പോഴാണ് ധർമ്മൻ ഫോൺ ശ്രദ്ധിച്ചത്.

"അളിയാ സണ്ണി.. നല്ല മഴ .പുതുപ്പള്ളി കഴിഞ്ഞതേയുള്ളു. അര മണിക്കൂർ ... ഞങ്ങളെത്തി.

ഫോൺ കട്ട് ചെയ്തപ്പോഴേക്കും വാറ്റിന്റെ അവസാനതുള്ളിയും തീർന്നു.

"സണ്ണിച്ചായാ വിദേശി എത്തിയില്ലേ... " ?

ഇരുട്ടീന്ന് ആരുടേയോ കൊതിപിടിച്ച ചോദ്യം.

" അര മണിക്കൂറെടുക്കും"

സണ്ണിയുടെ ഉത്തരം ഇരുട്ടിലെ മുഖങ്ങളോടു പറഞ്ഞപ്പോൾ മറ്റൊരു ഇരുട്ടായ കുഞ്ഞനിയനിൽ മാത്രം ഒരു നെടുവീർപ്പ്.

"എടാ സണ്ണി, നീ എലിസബത്തിനെ ഒന്നു വിളിക്ക്. ഉച്ചക്ക് വിളിച്ചതല്ലേയുളളു.?"

മദ്യ സഭയിലേക്കു സലാഡ് കൊണ്ടുവന്ന മൂത്ത പെങ്ങൾ ഓർമ്മപെടുത്തി പോയി. ചുറ്റും നിന്നവർ ഏറ്റുപറഞ്ഞു.

"നാളെ മുതൽ എന്റെ കെട്ടിയവളായി ഇവിടെ ഉണ്ടല്ലോ. പിന്നെ ഇപ്പോ വിളിക്കേണ്ട ആവശ്യമില്ല"

സണ്ണിയുടെ മറുപടി നാട്ടിലെ വെടിക്കാരൻ കുട്ടപ്പനു ഇഷ്ടായില്ല.

"എടാ പൊട്ടാ.. പട്ടാളക്കാരാ.. ഇപ്പോ നീ ആ കൊച്ചിനെ ഒന്നു വിളിച്ചാൽ അവൾക്കെന്തു സന്തോഷാ..ആ കല്യാണ വീട്ടിൽ എല്ലാവരുടേയും മുന്നിൽ വെച്ച് നാളെ മിന്നുകെട്ടുന്നവൻ വിളിക്കുവാന്നു പറയുമ്പോൾ ഏതൊരു പെണ്ണിനും അഭിമാനാ..!"

ഒരു വെടിക്കാരനിൽ നിന്നു ഇത്രയും വല്യ വാക്കുകൾ കേട്ട് പലരും കണ്ണു തള്ളി നിന്നു.

ഇരുട്ടിൽ ആരും തമ്മിൽ കണ്ടില്ലാന്നു മാത്രം.

സണ്ണിക്കും അതു ശരിയായിട്ടു തോന്നി. എലിസബത്തിനെ വിളിച്ചു. എടുത്തില്ല.

"എടുക്കുന്നില്ല. പിന്നെ വിളിക്കാം"

"എന്തായാലും നീ ഭാഗ്യം ചെയ്തവനാ. കെട്ടിയവൾ കല്യാണം കഴിഞ്ഞാൽ ഇംഗ്ലണ്ടിലേക്കു പോകും. പട്ടാള ജീവിതം കഴിഞ്ഞാൽ നിനക്കു അങ്ങോട്ടു പോകാം"

ചെത്തുകാരൻ ജനാർദ്ദനൻ വിദേശിക്കു കാത്തിരിക്കുമ്പോൾ വെറുതെ ഒന്നു ചെത്തി കൊടുത്തു.

അടുത്ത മഴക്കുള്ള കോളിനു മുന്നോടിയായി കിഴക്കൂന്നു കാറ്റടിച്ചു തുടങ്ങിയപ്പോൾ സണ്ണിക്കുട്ടിക്കു മൂത്ര ശങ്ക.

ആളും ബഹളവും കൂടിയപ്പോൾ ഇതുവരെ പിടിച്ചുവെച്ചിരിക്കുകയായിരുന്നു.

റബ്ബർക്കാടിന്റെ കറുപ്പിൽ നിന്നു മുണ്ടു പൊക്കി, നനഞ്ഞ കരിയിലയിലേക്കു ചൂടു മൂത്രം ഒഴിച്ചിറക്കിയപ്പോൾ .... അതൊരു സുഖമുള്ള അനുഭൂതി തന്നെയാണ്.

അവസാന തുള്ളി കുടഞ്ഞു തീർത്തപ്പോഴാണ് ഇരുട്ടിൽ ഒരു "കടന്നൽ" വന്ന് സണ്ണി കുട്ടിയുടെ "സുനാപ്പി"യിൽ വന്നു കുത്തിയത്.

സണ്ണിക്കുട്ടി നിലവിളിച്ചു പോയി.

ആ നിലവിളി കപ്പയും പോത്തും കഴിച്ചു കൊണ്ടിരുന്ന വീടാകെ കേട്ടു.

"എന്തുപറ്റി സണ്ണി?"

ആദ്യം ഓടിവന്ന കുഞ്ഞനിയൻ ഇരുട്ടിൽ നിന്നു ചോദിച്ചു.

അപ്പോഴേക്കും "കടന്നൽ" കുത്തിയതിന്റ വേദന 'സുനാപ്പി'യിൽ കലശലായി. 

" മൂത്രം ഒഴിച്ചു കൊണ്ടിരുന്നപ്പോൾഎന്തോ കുത്തി ...!"

എവിടെ ?

"എന്റെ സുനാപ്പിയിൽ"...!

അതു കേട്ടുകൊണ്ടു ഓടി വന്ന ജനാർദ്ദനൻ കൈയ്യിലെ ടോർച്ചു തെളിച്ചു.

"നീ ശരിക്കും മുണ്ടു പൊക്കടാ"

സണ്ണിക്കുട്ടിക്കു ജാള്യത .

"ഞാൻ തന്നെ നോക്കിക്കോളാം "

സണ്ണി തിരിഞ്ഞു നിന്നു മുണ്ടു പൊക്കി ടോർച്ചടിച്ചു നോക്കി.

ആ കാഴ്ച്ച കണ്ടു സണ്ണി പേടിച്ചു. 

"എന്താടാ ?"

ആളുകൾ വീണ്ടും വീണ്ടും ഇരുട്ടിലേക്കു വന്നു.

" മൂത്രമൊഴിക്കുന്ന സാധനം വീർത്തു കെട്ടി"

അവന്റെ ശബ്ദത്തിലും ഭയപ്പാട്.

സണ്ണിയുടെ മൂത്ത അളിയൻ ടോർച്ചു പിടിച്ചു വാങ്ങി സുനാപ്പിയിലേക്കടിച്ചു.

പിന്നെ തൊട്ടു നോക്കി.

" കടന്നൽകുത്തിയതാ .വിഷം ഉണ്ടാവും.ആശുപത്രിയിലെത്തണം.

സണ്ണിയിൽ കുത്തിയ വേദന കലശലായി.

ഇപ്പോ പെണ്ണുങ്ങളും കാര്യമറിയാതെ ഓടിയെത്തി.

"എന്താടാ സണ്ണി....എന്തുപറ്റി?

വല്യമ്മച്ചി കാരണംകേൾക്കാൻ ഇരുട്ടിലേക്കു ചോദിച്ചു.

വെടിക്കാരൻ കുട്ടപ്പൻ കാര്യത്തിൽ ഇടപെട്ടു കാര്യം പറഞ്ഞു.

" എന്റെ മാതാവേ, നാളെ ആദ്യരാത്രി കൂടേണ്ട ചെറുക്കനാ."

വല്യമ്മ വേവലാതിപ്പെട്ടപ്പോൾ സണ്ണി കുട്ടി ദേഷ്യപ്പെട്ടു.

ദേ.. വല്യമ്മേ.. നാണം കെടുത്താതെ പോകുന്നുണ്ടോ?"

വേദന കൊണ്ടു നാഭിയിൽ തരിപ്പു കയറിയപ്പോൾ സണ്ണി ഇരുന്നു പോയി.

ഇപ്പോൾ ആഘോഷത്തിനു വന്നവർ മുഴുവൻ സണ്ണിക്കു ചുറ്റും കൂടി.

എല്ലാവരും മൊബൈൽ ഓൺ ഓൺ ചെയ്തു.

റബ്ബറിൻ കാട് വെള്ളിവെളിച്ചത്തിന്റ 

രൂപ കൂടായപ്പോൾ രണ്ടു പേർ സണ്ണിയെ പൊക്കിയെടുത്തു മുൻവശത്തേക്കു നടന്നു.

ഉണക്കമീൻ കച്ചവടക്കാരനായ പൗരനും കുടുബവും കപ്പയും പോത്തും കഴിക്കാൻ സ്വന്തം ഒട്ടോയിലെത്തിയപ്പോൾ സണ്ണിയെ നേരെ അതിലേക്കെടുത്തു വച്ചു.

"വേറെ വണ്ടിയില്ല. വിട്ടോ താലൂക്കിലേക്ക്..!"

അളിയൻ കൂടെ കയറി.

"സണ്ണി കുപ്പി വന്നാൽ ഞങ്ങൾ തുടങ്ങും!"

കുഞ്ഞനിയൻ ഇരുട്ടിൽ നിന്നു ഓർമപ്പെടുത്തി വന്നപ്പഴേക്കും ഓട്ടോ പോയി കഴിഞ്ഞു.

താലുക്കാശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടർ സണ്ണിയുടെ സുനാപ്പി പരിശോധിക്കുമ്പോൾ കള്ള ചിരിയോടെ നെഴ്സ് പുറകിൽ നിന്നു. പിന്നെ ഇഞ്ചക്ഷൻ എടുത്തു.

"ഡോക്ടറെ , നാളെ കല്യാണമാ"

അളിയൻ ഓർമ്മപെടുത്തി.

" ഞാൻ ഓയിൽമെന്റ് എഴുതാം. വാങ്ങി പുരട്ടണം. നാളെ രാത്രിക്കു മുൻപ് കുറഞ്ഞോളും."

ഡോക്ടറു ചിരിച്ചു കൊണ്ടുപറഞ്ഞപ്പോൾ നെഴ്സിൽ വീണ്ടും കള്ള ചിരി.

സണ്ണിക്കു ചമ്മലുകൊണ്ടു ശ്വാസം മുട്ടുന്ന പോലെ.

കുറുപ്പടി വാങ്ങി അളിയൻ മരുന്ന് വാങ്ങാൻ പോയപ്പോൾ ഒന്നുടെ ഓർമ്മപെടുത്തി.

"നീ എലിസബത്തിനെ വിളിച്ച് ഒന്നു സുചിപ്പിച്ചേക്ക്. ഇനി നാളെ സമയത്ത് പറഞ്ഞ് പേടിപ്പിക്കാൻ നിക്കണ്ട."

ചിരിയോടെ അളിയനും മരുന്നിനു പോയപ്പോൾ സണ്ണിക്കുട്ടിക്കു ആകെ ഭ്രാന്തുപിടിച്ചു.

'കടന്നലിനു കുത്താൻ കണ്ട സ്ഥലം'

പുതുപ്പള്ളിപള്ളി യുടെ മുൻവശത്തെ റോഡിലൂടെ നാല് ഡിഗ്രി മഴയിൽ നകുലൻ ഒട്ടോ ഓടിക്കുമ്പോൾ ധർമ്മൻ പുറകിലിരുന്ന് ഒരു ബിയർ പൊട്ടിച്ചു കുടിക്കാൻ തുടങ്ങി.

ഹെഡ് ലൈറ്റിന്റ വെട്ടത്തിൽ ഒട്ടോക്കു മുമ്പിലേക്കു എന്തോ വന്നുപെട്ടപോലെ ...!

നകുലൻ ഒട്ടോ വെട്ടിച്ചു ബ്രേക്ക് പിടിച്ചു. ധർമ്മന്റെ കൈയ്യീന്ന് ബിയർ തെറിച്ചു റോഡിൽ വീണു. ചാടിയിറങ്ങിയ അവർക്കു മുന്നിൽ മഴ നനഞ്ഞ് ഒരു ചെറുപ്പക്കാരനും പെൺകുട്ടിയും ...!

പെട്ടെന്ന് നകുലനും ധർമ്മനും ഒന്നു പകച്ചു പോയി.

"നിങ്ങള് ചാകാനാണോ എന്റെ ഓട്ടോക്കു മുന്നിൽ ചാടിയത് ?

" ചേട്ടാ രക്ഷിക്കണം. വണ്ടി ഒന്നും കിട്ടിയില്ല. ഞങ്ങൾ ഒരപകടത്തിലാ ...! ഈ വണ്ടിയിൽ കയറ്റണം. അവര് പുറകെയുണ്ട്....

"ആര്?'

"അതൊക്കെ പറയാം ഇപ്പോ ഞങ്ങളും കയറട്ടെ..!"

നാലുപേരും മഴയിലായിരുന്നു. 

ഒട്ടോയിൽ ഇരിക്കുമ്പഴേ ധർമ്മൻ നിലപാട് അറിയിച്ചു.

" അടുത്ത ഓട്ടോ സ്റ്റാൻഡു കണ്ടാൽ നിർത്തി തരും. ഞങ്ങളുടെ സുഹൃത്തിന്റെ കല്യണാ നാളെ . പൊട്ടിക്കാനുള്ള കുപ്പി മുഴുവൻ വണ്ടിയിലാ . അവിടെ കയറു പൊട്ടിക്കുകയാ."

പിന്നെ ആ ചെറുപ്പക്കാരൻ ഒന്നും പറഞ്ഞില്ല.

പെട്ടെന്ന് പെൺകുട്ടിയുടെ ഫോണിലേക്കു കാൾ വന്നു.

അവരിൽ ടെൻഷൻ.

"ഫോൺ ഓഫ് ചെയ്തില്ലേ..ആരാ? ചെറുപ്പക്കാരനിൽ ആകാംഷ .

"കെട്ടാനുള്ള ആളാ ...!"

"ഓഫ് ചെയ്യ് ..!"

പെൺകുട്ടി ഫോൺ ഓഫ് ചെയ്തപ്പോൾ ധർമ്മനു സംശയം.

"നിങ്ങള് ഒളിച്ചോടുന്നവരാണോ?"

അതു കേട്ട് അവർ ഒന്നു പതറി.

ആശുപത്രി വരാന്തയിലെ തടി ബെഞ്ചിലിരുന്ന് സണ്ണിക്കുട്ടി ഒന്നുകൂടി എലിസബത്തിനെ വിളിച്ചു നോക്കി.

'സ്വിച്ച് ഓഫ്' .

ഓയിൽമെന്റ് വാങ്ങി അളിയൻ വന്നു.

"സണ്ണി ആ ഇരുട്ടിലോട്ടു മാറി നിന്നു ഓയിൽ മെന്റ് പുരട്ട് . വീട്ടിലെത്താൻ നിക്കണ്ട."

"അളിയാ എലിസബത്ത് ആദ്യം ഫോൺ കട്ടാക്കി. ഇപ്പോ ഫോൺ ഓഫാണ്"

സണ്ണിയിൽ കാരണമില്ലാത്ത ആശങ്ക.

" ഓഫായതാവും. അവളുടെ അപ്പൻ വർഗ്ഗീസിനെ വിളിക്ക് . ആദ്യം ഇത് പുരട്ട്."

സണ്ണിക്കുട്ടി ഇരുട്ടിലേക്കു ഓയിൽമെന്റ് പുരട്ടാൻ പോയപ്പോൾ പുതുപ്പള്ളിയിലെ എലിസബത്തിന്റ വീട്ടിൽ വർഗ്ഗീസ് വെരുകിനെ പോലെ നടന്നു.

" ഞാനന്നേ പറഞ്ഞതാ മോളുടെ അഭിപ്രായം ചോദിക്കണമെന്ന് . ഇനി ഇപ്പോ സണ്ണിയുടെ വീട്ടുകാരോടെന്തു പറയും"

മറിയ കെട്ടിയവനു നേരെ പൊട്ടിത്തെ

റിക്കുകയാണ്. ആരു ആരേ ആശ്വസിപ്പിക്കാതെ നിക്കുമ്പോഴാണ് സണ്ണിയുടെ ഫോൺ വന്നത്.

"സണ്ണി മോനാ ..എന്തായിപ്പോ പറയുക?

വർഗ്ഗീസ് ചുറ്റും ഉള്ളവരോടു ചോദിച്ചു.

ആരും ഉത്തരം പറഞ്ഞില്ല. ക്ലാര ചേടത്തി ഇടപെട്ടു.

"കുടുബത്തിന്റ മഹത്വം ഇനി വെളമ്പിയിട്ടു കാര്യമില്ല. സംഭവിച്ചത് നിങ്ങള് പറ. പട്ടാളക്കാരനാ ചിലപ്പോൾ കളി മാറി പോകും."

വർഗ്ഗീസിന്റ ഭയവും അതു തന്നെയായിരുന്നു.

മറിയ കരഞ്ഞു കൊണ്ടു എടുക്കാൻ ആംഗ്യം കാട്ടിയപ്പോൾ മൃതദേഹം കണക്കെ അയാൾ ഫോൺ എടുത്തു.

"അപ്പച്ചാ...എലിസബത്തിന്റ ഫോൺ ഓഫാ.ഒന്നു കൊടുക്കാമോ ..."

"മോനെ, അപ്പച്ചൻ അങ്ങോട്ടു വിളിക്കാൻ ഇരിക്കുകയായിരുന്നു. അവള് നമ്മളെയെല്ലാം ചതിച്ചെടാ മോനെ..."

താലുക്കാശുപത്രിക്കു അപ്പുറമുള്ള യക്കോബ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചുള്ള വെടിക്കെട്ടിന്റ ശബ്ദത്തിൽ സണ്ണിക്കുട്ടി എല്ലാം കേട്ടു.

വെട്ടി കെട്ടു തീർന്നപ്പോൾ സണ്ണി ഫോൺ വെച്ചു ബഞ്ചിലേക്കിരുന്നു.

ആ നിശബ്ദതയിലേക്ക് സണ്ണി പറഞ്ഞു.

"അളിയാ ... എലിസബത്ത് കാമുകന്റ കൂടെ പോയി. കല്യാണം നടക്കില്ല."

അളിയൻ വിശ്വസിക്കനാവാതെ വാ പൊളിച്ചു.

ഡ്യൂട്ടി നെഴ്സ് വീണ്ടും കടന്നുവന്നു.

"മരുന്ന് മേടിച്ച് പോയില്ലേ. ദേ അതു പുരട്ടി റെസ്റ്റ് എടുക്ക്. നാളെ ഈ സമയം മറക്കണ്ട"

അപ്പഴും അവർ കള്ള ചിരിയിൽ പോയി.

സണ്ണി കുട്ടി വരാന്തയിൽ നിന്നു പുറത്തേക്കിറങ്ങി.

പിന്നെ മുന്നിൽ കണ്ട ഇരുട്ടിലേക്കു ഓയിൽമെന്റ് വലിച്ചെറിഞ്ഞു.

. ............ . . . . . . . . . . . . . . . . . . പട്ടാളക്കാരനായ സണ്ണിക്കുട്ടിയെ എനിക്കറിയില്ല.

എന്റെ സുഹൃത്തായ രാജീവാണ് അയാളെ പറ്റി എന്നോടു പറഞ്ഞത്.2018 ൽ സംവിധായകനായ അബിൽ ജേക്കബിന്റ കല്യാണ തലേന്ന് ചിങ്ങവനത്തെ വീട്ടിലെ മദ്യപാന സഭയിലാണ് തമാശ പറയാൻ വേണ്ടി സണ്ണിക്കുട്ടിയുടെ സുനാപ്പിക്കഥ പറഞ്ഞത്. ചുറ്റും ഇരുന്നവർ മദ്യത്തോടൊപ്പം ചിരിച്ചു മറിഞ്ഞു. പെപ്സിയും ചിക്കൻ കാലും കഴിച്ച എനിക്ക് ചിരി വന്നില്ല.

"പിന്നെ സണ്ണി കല്യാണം കഴിച്ചോ?" എനിക്കറിയേണ്ടത് അതായിരുന്നു.

"എലിസബത്ത്‌ തേച്ചിട്ടും അവളെ പോയി കണ്ടു വിഷ് ചെയ്യാൻ മനസ്സു കാണിച്ചവനാ...!

രണ്ടുവട്ടം അവധിക്കു വന്നപ്പോൾ കല്യാണത്തിനു ശ്രമിച്ചു. എന്തോ ഒരോ മുടക്കങ്ങളായിരുന്നു. അവൻ രാജ്യസ്നേഹിയായിരുന്നു ,സ്നേഹമുള്ളവനായിരുന്നു. പക്ഷേ, അവന്റ മനസ്സ് ആരും അറിഞ്ഞില്ല."

ഇപ്പോ എല്ലാവരും കുടി നിർത്തി. ചിരി നിർത്തി.

സണ്ണിക്കുട്ടിയെ പറ്റി അറിയാൻ ആകാംക്ഷയായി.

"ഇപ്പോ സണ്ണിക്കുട്ടി എവിടെയുണ്ട്." ?

അബിൻ ആണ് ചോദിച്ചത്.

രാജീവ് ബാക്കി വന്ന മദ്യം കുടിച്ചിറക്കി. ധൈര്യം കിട്ടാനെന്നോണം.

" 2019 ൽ സണ്ണിക്ക് കല്യാണം ശരിയായി. പെണ്ണിനെ ചത്തിസ്ഗഡിലെ ജോലി സ്ഥലത്തിരുന്ന് ഫോട്ടോയിൽ കണ്ടു.

നാടും നാട്ടുകാരും സന്തോഷിച്ചു.

അവധിക്കു വരുന്നതിനു പതിനാല് ദിവസം മുമ്പ് കുഴിബോംബ് പൊട്ടി....

രാജീവ് ബാക്കി പറഞ്ഞില്ല.

"ജീവിതത്തിൽ എല്ലാ കല്യാണവും മുടങ്ങിയത് ആ നന്മയുള്ള മനുഷ്യൻ കാരണം ഒരു വിധവ ഉണ്ടാവരുതെന്നു ദൈവത്തിനു നിർബന്ധം ഉണ്ടായതുകൊണ്ടാവും.

ആരും ഒന്നും മിണ്ടിയില്ല.

ഞാനും...!

ചിരിച്ചതിന്റ കുറ്റബോധത്തിലോ , മദ്യത്തിന്റ ലഹരിയിലോ,.... അറിയില്ല... അബിൻ പതുക്കെ എണീറ്റു സണ്ണിക്കുട്ടിക്ക് വേണ്ടി സല്യൂട്ട് അടിച്ചു. അതുകണ്ട് രാജീവ് എണീറ്റ് സല്യൂട്ട് അടിച്ചു. പിന്നെ ബാക്കി ഉളളവരും . കൂടെ ഞാനും .

ഇപ്പോൾ എല്ലാവരും സല്യൂട്ടടിച്ചു നിൽക്കുകയാണ്.

കണ്ടിട്ടില്ലാത്ത ആ രാജ്യ സ്നേഹിക്ക് ...

ആ നന്മക്ക് ...

അപ്പോൾ പുറത്ത് മഴ പെയ്യാൻ തുടങ്ങി.

ആ മഴയിലൂടെ ഏതോ കുടിയൻ പാടിക്കൊണ്ടുപോയി.

"ഖുദാസേ..മന്നത് ഹേ മേരി....

Author
Citizen Journalist

Fazna

No description...

You May Also Like