,ഭൂതകാലസ്മൃതിയല്ല, വർത്തമാനകാല പ്രസക്തിയാണ് ഗാന്ധി
- Posted on August 20, 2025
- News
- By Goutham prakash
- 151 Views
സി.ഡി. സുനീഷ്
ഗാന്ധിയും ശ്രീനാരായണ ഗുരുവും തമ്മിലുള്ള കൂടിക്കാഴ്ച ദേശീയസ്വാതന്ത്ര്യത്തെവരെ സ്വാധീനിച്ച ഒന്നാണെന്ന് നിരൂപകനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം അഭിപ്രായപ്പെട്ടു. സാർവ്വദേശീയ സാഹിത്യോത്സവത്തിൽ 'ഗാന്ധി, ഗുരു, സമൂഹം' എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയതവാദത്തിന്റെ ആരംഭം മുതൽ അതിന് വൈദികവും ബ്രാഹ്‌മണികവുമായ പരിവേഷമുണ്ടെന്നും മതപരമായ ദേശീയതയുടെ ബീജാവാപം നടന്നത് 19-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ തന്നെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാന്ധി ഒരു ജൈവിക തത്വജ്ഞാനിയാണെന്നും മനുഷ്യരുടെ ഭൗതികമായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്ത ചിന്തകനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആവേശം നിറച്ച് കവിതാവായന
എം.ടി. വേദിയിൽ നടന്ന കവിതാവായന കാണികളിൽ ആവേശം നിറച്ചു. പുതുകാലത്തെ കവികൾ ഏറ്റവും പുതിയ കവിതകൾ ഈണത്തിലും താളത്തിലും അവതരിപ്പിച്ചതു സാഹിത്യോത്സവത്തിന്റെ മൂന്നാംദിനത്തെ അവിസ്മരണീയമാക്കി. രാവുണ്ണിയുടെ അധ്യക്ഷതയിൽ നടന്ന സെഷനിൽ എസ്. കലേഷ്, എം.ബി. മനോജ്, ശൈലൻ, വിനോദ് വൈശാഖി, എം.എസ്. ബനേഷ്, ദിവാകരൻ വിഷ്ണുമംഗലം, സാബു കോട്ടുക്കൽ, അശോകൻ മറയൂർ, ബിലു സി. നാരായണൻ, ശാന്തൻ, കെ.വി. സുമിത്ര എന്നിവർ പങ്കെടുത്തു.
എഴുത്തിന്റെ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിച്ച കഥാചർച്ച
രാഷ്ട്രം കടന്നുപോകുന്ന പാതകളിലെ ഉള്ളുഷ്ണങ്ങൾ അറിഞ്ഞെഴുതുന്ന എഴുത്തുകാർക്കേ കാലത്തെ അതിജീവിക്കാനാകൂ എന്ന് 'കഥ: എഴുത്തനുഭവങ്ങൾ' ചർച്ചയിൽ കഥാകൃത്ത് ഐസക് ഈപ്പൻ അഭിപ്രായപ്പെട്ടു. പ്രശസ്ത കഥാകൃത്തും പത്രാധിപരുമായ പി.കെ.പാറക്കടവ് നയിച്ച ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓർമ്മകളെ സംഭരിച്ചാണ് കഥയെഴുത്തുകാർ മുന്നോട്ടുപോകുന്നതെന്ന് ചർച്ചയിൽ വി.എച്ച് നിഷാദ് പറഞ്ഞു. ആത്മത്തെ വെടിയുന്നവർ മാത്രമേ എഴുത്തിൽ ഉന്നതിയിലെത്തൂ എന്ന് വി.കെ.കെ. രമേഷ് കൂട്ടിച്ചേർത്തു. പുതിയ തലമുറയിലെ ചെറുകഥാകൃത്തുക്കളായ അജിജേഷ് പച്ചാട്ട്, അഖില കെ.എസ്., മൃദുൽ വി.എം. എന്നിവരും ചർച്ചയിൽ പങ്കാളികളായി.
കലാകാരർ കെല്പുള്ളവർ
ഏതധികാരത്തിനുമുന്നിലും തലകുനിക്കാതെ നിൽക്കാൻ കെല്പുള്ളവരാണു കലാകാരരെന്ന് ദിവ്യ എസ്. അയ്യരുമായുള്ള സംഭാഷണത്തിൽ സുഭാഷ് ചന്ദ്രൻ. അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്ന കലയാണ് സാഹിത്യം. അധികാരത്തിന്റെ പരമമായ ആജ്ഞാശക്തിയേയും കലാകാരന്റെ ക്രിയാശക്തിയേയും സംയോജിപ്പിക്കാൻ കഴിയുന്ന 'കല്പന' എന്ന വാക്കുള്ള ശക്തമായ ഭാഷയാണു മലയാളമെന്നും അദ്ദേഹം പറഞ്ഞു.
പെൺമയുടെ പുതുകാലത്തിലേക്കു ദൂരമുണ്ട്
പെൺമയുടെ പുതുകാലത്തിലേക്കെത്താൻ ഇനിയും സഞ്ചരിക്കാനുണ്ടെന്ന് വി.എസ്. ബിന്ദു നയിച്ച സെഷൻ. പുതുതലമുറയിലെ ആൺകുട്ടികൾക്കിടയിൽ വളർന്നുവരുന്ന ആണത്തബോധം, മുൻനിര രാഷ്ട്രീയത്തിലെ വനിതാ അസാന്നിധ്യം, മാധ്യമരംഗത്തെ വനിതാ ഇടങ്ങൾ, അതിജീവനം തുടങ്ങിയവയിലൂടെ പുരോഗമിച്ച സെഷൻ ജെൻഡർ ഫ്‌ളൂയിഡിറ്റിയിലൂടെയാണു ലോകം സഞ്ചരിക്കേണ്ടതെന്നു വിലയിരുത്തി. സി.എസ്. ചന്ദ്രിക, കെ. അനുശ്രീ, ജിസാ ജോസ്, ശ്രീജ ശ്യാം, ബിനു ജി. തമ്പി, ദൃശ്യ പത്മനാഭൻ, ദക്ഷിണ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
