ബുറേവി ഭീകരം തന്നെ 43 ഇടത്ത് പ്രത്യേക നിരീക്ഷണം‍; നേരിടാൻ തയാറെടുത്ത് കേരളം

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ശ്രീലങ്കയില്‍ പ്രവേശിക്കും. പിന്നീട് നാളെ ശ്രീലങ്കയും കടന്ന് തമിഴ്നാട് തീരത്തേക്ക് കാറ്റ് അടുക്കുന്നതോടെ കേരളത്തില്‍ ബുറേവിയുടെ സ്വാധീനം ആരംഭിക്കും.

നിലവില്‍ കന്യാകുമാരിയില്‍ നിന്ന് 700 കിലോമീറ്റര്‍ മാത്രം അകലെ ആണ് ബുറേവി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. നിലവില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണ്. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുവദിക്കുന്നതല്ല. ബംഗാള്‍ ഉള്‍ക്കടലില്‍ വീശുന്ന ബുറേവി ചുഴലിക്കാറ്റ് ഡിസംബര്‍ 2 ന് ശ്രീലങ്കന്‍ തീരം കടന്ന് തമിഴ്നാട്ടിലും കേരളത്തിലും കനത്ത മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ 2, 3 തീയതികളില്‍ തെക്കന്‍ തമിഴ്നാട്ടില്‍ കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി, രാമനാഥപുരം, ശിവഗംഗ എന്നീ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴ ഉണ്ടാകും. തെക്കന്‍ കേരളത്തില്‍ ഡിസംബര്‍ 3 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ കനത്ത മഴ പെയ്യും. അടുത്ത രണ്ട് ദിവസങ്ങളില്‍ മണിക്കൂറില്‍ 55 75 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ഈയാഴ്ച അവസാനം വരെ കടലില്‍ ഇറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച തമിഴ്നാട്ടില്‍ ആഞ്ഞടിച്ച നിവാര്‍ ചുഴലിക്കാറ്റില്‍ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 2,064 മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. 108 ഓളം പവര്‍ ട്രാന്‍സ്‌ഫോമറുകള്‍ക്കും വൈദ്യുത തൂണുകള്‍ക്കും ഇതിലൂടെ നാശനഷ്ടമുണ്ടാക്കി. ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ച തമിഴ്നാട് മുഖ്യമന്ത്രി കെ പളനിസ്വാമി 10 ലക്ഷം വീതം ധനസഹായത്തിന് ഉത്തരവിട്ടു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ പൊതു ദുരിതാശ്വാസ നിധിയില്‍ നിന്ന് 6 ലക്ഷം രൂപയും ധനസഹായം നല്‍കാന്‍ ഉത്തരവിട്ടു. വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 3: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഏറ്റവും ഉയര്‍ന്ന അലേര്‍ട്ട് ആയ 'റെഡ്' അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറില്‍ 204.5 മില്ലീ മീറ്ററി കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തില്‍ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും.

Author
ChiefEditor

enmalayalam

No description...

You May Also Like