*സമുദ്രാഷ്ടിത പദ്ധതികളിൽ ഇന്ത്യക്കും കേരളത്തിനും നേട്ടം*



*സി.ഡി. സുനീഷ്*                                     


ലോക സാമ്പത്തീക വളർച്ചയിൽ കടൽ സമ്പത്ത് 

നിർണ്ണായക പങ്ക് 

വഹിക്കുന്ന കാലത്ത്,

 സമുദ്രാധിഷ്ഠിത വികസന പദ്ധതികളില്‍ കേരളത്തിന്

 വലിയ സാധ്യകളുണ്ടെന്ന് ബ്ലൂ ഇക്കണോമി കോണ്‍ക്ലേവ് പ്രതിനിധികൾ  അഭിപ്രായപ്പെട്ടു.


രാജ്യത്തെ സമുദ്ര മേഖലയുമായി ബന്ധപ്പെട്ട വികസന പദ്ധതികളുടെ നേട്ടങ്ങള്‍,സുസ്ഥിരമായ വികസന പദ്ധതികളിലൂടെ

 പ്രയോജനപ്പെടുത്തുന്നതില്‍ കേരളത്തിന് വലിയ സാധ്യതകളാണുള്ളതെന്ന് കേരള - യൂറോപ്യൻ കോൺക്ലേവിൽ പങ്കെടുത്ത വിദഗ്ദർ അഭിപ്രായപ്പെട്ടു.


   കോണ്‍ക്ലേവില്‍ 'ഹാര്‍ബര്‍ അടിസ്ഥാനസൗകര്യങ്ങളും തുറമുഖ, ലോജിസ്റ്റിക്സ്, ഷിപ്പിംഗ്, കണക്റ്റിവിറ്റി നിക്ഷേപങ്ങളും' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് ഈ അഭിപ്രായമുയര്‍ന്നത്. സമുദ്രാധിഷ്ഠിത വികസനത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ചതും സുസ്ഥിരവുമായ തീരദേശ സംസ്ഥാനമായി മാറാന്‍ കേരളത്തിനാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.


ഒരു വര്‍ഷത്തിനുള്ളില്‍ വിഴിഞ്ഞം തുറമുഖം ഒരു ദശലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്തുവെന്നത് ശ്രദ്ധേയമായ നേട്ടമാണെന്നും ഈ മേഖലയില്‍ മുന്‍നിരയിലേക്ക് ഉയരാന്‍ വിഴിഞ്ഞത്തിനാകുമെന്നും ഇന്ത്യയിലെ ഫിന്നിഷ് അംബാസഡര്‍ കിമ്മോ ലഹ്ദേവ്രിത പറഞ്ഞു. കോണ്‍ക്ലേവിന്‍റെ ആദ്യദിനം ഫിന്നിഷ് അംബാസഡര്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദര്‍ശിച്ച് പദ്ധതി പ്രവർത്തനങ്ങൾ മനസ്സിലാകിയിരുന്നു.


തുറമുഖങ്ങള്‍ക്കായുള്ള 5 ജി നെറ്റ് വര്‍ക്കുകള്‍ പോലുള്ള മേഖലകളില്‍ ഫിന്‍ലാന്‍ഡിന് സഹകരണം വാഗ്ദാനം ചെയ്യാന്‍ കഴിയുമെന്നും, നോക്കിയ തന്‍റെ രാജ്യത്ത് നടപ്പിലാക്കിയിട്ടുള്ളത് ഇതാണെന്നും ഫിന്നിഷ് അംബാസഡര്‍

സൂചിപ്പിച്ചു.


സുസ്ഥിര തുറമുഖ സംവിധാനം, കണക്റ്റിവിറ്റി, സര്‍വകലാശാലകളും തുറമുഖ അധികാരികളും ഉള്‍പ്പെടുന്ന ഗവേഷണ സംവിധാനങ്ങള്‍ എന്നിവയില്‍ വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ളതിനാല്‍ റൊമാനിയന്‍ കമ്പനികള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ വളരെയധികം താല്‍പ്പര്യമുണ്ടാകുമെന്ന് റൊമാനിയന്‍ അംബാസഡര്‍ സെന ലത്തീഫ് ചൂണ്ടിക്കാട്ടി.


വിഴിഞ്ഞത്തേക്കുള്ള 19 അംബാസഡര്‍മാരുടെ സന്ദര്‍ശനം സംസ്ഥാനത്തെ സംബന്ധിച്ച് സുപ്രധാനമാണെന്നും റെയില്‍, റോഡ് കണക്റ്റിവിറ്റി വേഗത്തില്‍ രൂപപ്പെടുന്നതോടെ അന്താരാഷ്ട്ര കമ്പനികള്‍ക്ക് ധാരാളം നിക്ഷേപ അവസരങ്ങള്‍ തുറമുഖം വാഗ്ദാനം ചെയ്യുന്നുവെന്നും സംസ്ഥാന തുറമുഖ സെക്രട്ടറി ഡോ. എ കൗസിഗന്‍ പറഞ്ഞു. വിഴിഞ്ഞത്തേക്കുള്ള റെയില്‍, റോഡ് കണക്റ്റിവിറ്റി അതിവേഗം പുരോഗമിക്കുകയാണ്. 2028 അവസാനത്തോടെ വിഴിഞ്ഞം തുറമുഖത്തിന്‍റെ ശേഷി 4.5 ദശലക്ഷം ടി.ഇ.യുവിന് അടുത്തെത്തും. അതിനാല്‍ അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് ധാരാളം സാധ്യതകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ബേപ്പൂര്‍ പോലുള്ള സ്ഥലങ്ങളില്‍ തുറമുഖ വികസനത്തിനും സാമ്പത്തിക മേഖലകള്‍ വികസിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ സെഷന്‍ മോഡറേറ്റ് ചെയ്ത മലബാര്‍ ഇന്‍റര്‍നാഷണല്‍ പോര്‍ട്ട് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണിന്‍റെ മാനേജിംഗ് ഡയറക്ടര്‍ ലക്ഷ്മണ്‍ രാധാകൃഷ്ണന്‍ പറഞ്ഞു.


രാജ്യത്തിന്‍റെ സമുദ്ര മേഖലയെ കാര്യക്ഷമമാക്കുന്നതിനായി കഴിഞ്ഞ വര്‍ഷം അഞ്ച് വ്യത്യസ്ത ബില്ലുകള്‍ പാസാക്കി ഇന്ത്യന്‍ പാര്‍ലമെന്‍റ് റെക്കോര്‍ഡ് സൃഷ്ടിച്ചതായി കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് സി.ഇ.ഒ കാശി വിശ്വനാഥന്‍ പറഞ്ഞു. തുറമുഖ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം കപ്പല്‍ നിര്‍മ്മാണം, തുറമുഖങ്ങളുടെ ഡിജിറ്റലൈസേഷന്‍, ക്രൂയിസ് ടൂറിസം, കണക്റ്റിവിറ്റി തുടങ്ങിയ മേഖലകളും ഇതില്‍ ഉള്‍പ്പെടും. നിലവില്‍ രാജ്യത്ത് 12 പ്രധാന തുറമുഖങ്ങളും 210 ചെറുകിട തുറമുഖങ്ങളിലുമായി ഏകദേശം 1,600 ദശലക്ഷം മെട്രിക് ടണ്‍ ചരക്കുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. എല്ലാ തുറമുഖ മേഖലയുടെയും മൊത്തം ശേഷി ഏകദേശം 2,600 ദശലക്ഷം ടണ്‍ ആണ്. എന്നാല്‍ 2030 ആകുമ്പോഴേക്കും ഇത് ഏകദേശം 3,500 ദശലക്ഷം ടണ്ണായി വികസിപ്പിക്കാനും 2047 ആകുമ്പോഴേക്കും 10,000 ദശലക്ഷം ടണ്‍ എന്ന വലിയ ലക്ഷ്യത്തോടെ വികസിപ്പിക്കാനുമാകും. കൊച്ചിയിലെ ക്രൂയിസ് ടൂറിസം വികസന സാധ്യതകള്‍ പരിശോധിക്കാന്‍ നിക്ഷേപകരോട് ആഹ്വാനം ചെയ്ത അദ്ദേഹം ഉടന്‍ തന്നെ ടെന്‍ഡറുകള്‍ ക്ഷണിക്കാന്‍ പദ്ധതിയിടുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.


കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി തന്‍റെ കമ്പനി നിരവധി പദ്ധതികളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും കൂടുതല്‍ സഹകരണത്തിനായി കൊച്ചി തുറമുഖവുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ഷിപ്പിംഗ് സ്ഥാപനമായ സി.എം.എ സി.ജി.എമ്മിന്‍റെ സ്ട്രാറ്റജിക് പ്രൊജക്ട്സ് കോര്‍ഡിനേറ്റര്‍ അന്‍റോയിന്‍ കാന്‍റണ്‍ പറഞ്ഞു.


ഓഫ്ഷോര്‍ വിന്‍ഡ്, ഗ്രീന്‍ ഹൈഡ്രജന്‍ ക്ലസ്റ്ററുകള്‍, സ്മാര്‍ട്ട് തുറമുഖങ്ങള്‍, മത്സ്യബന്ധന തുറമുഖങ്ങള്‍, മാലിന്യത്തില്‍ നിന്ന് വരുമാനത്തിലേക്കുള്ള മാതൃകകള്‍, സമുദ്ര പ്ലാസ്റ്റിക് വീണ്ടെടുക്കല്‍ എന്നിവയാണ് കേരളത്തില്‍ വികസിപ്പിക്കാന്‍ ഊന്നല്‍ നല്‍കുന്ന പ്രധാന പദ്ധതികളെന്ന് 'ഗ്രീന്‍ ട്രാന്‍സിഷന്‍: സര്‍ക്കുലര്‍ ഇക്കണോമി, റിന്യൂവബിള്‍/ക്ലീന്‍ എനര്‍ജി ആന്‍ഡ് ഇന്‍വെസ്റ്റ്മെന്‍റ്സ്' എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ അഭിപ്രായമുയര്‍ന്നു. കേരളത്തില്‍ ഗ്രീന്‍ ഹൈഡ്രജന്‍റെയും മറ്റ് വാതകങ്ങളുടെയും വന്‍തോതിലുള്ള ഇറക്കുമതിയും സംഭരണ ശേഷിയും ആവശ്യമാണെന്നും പൈപ്പ്ലൈന്‍ ശൃംഖല മെച്ചപ്പെടുത്തണമെന്ന നിര്‍ദേശവും പാനലിസ്റ്റുകള്‍ മുന്നോട്ടുവച്ചു.


                                                                                                                                                            


സുസ്ഥിര മത്സ്യബന്ധനത്തിലും മത്സ്യകൃഷിയിലും യൂറോപ്യന്‍ യൂണിയന്‍റെ പിന്തുണ ഗുണകരമാകും: വിദഗ്ധര്‍



യൂറോപ്യന്‍ യൂണിയന്‍റെ പിന്തുണയോടെ സുസ്ഥിര മത്സ്യബന്ധനം, മത്സ്യകൃഷി, ഗവേഷണം, നിക്ഷേപം തുടങ്ങിയവയില്‍ സംസ്ഥാനത്തിന് ഇനിയും ബഹുദൂരം മുന്നേറാനാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.


സംസ്ഥാന ഫിഷറീസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെയും യൂറോപ്യന്‍ യൂണിയന്‍റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബ്ലൂ ടൈഡ്സ്: കേരള-യൂറോപ്യന്‍ യൂണിയന്‍ ദ്വിദിന കോണ്‍ക്ലേവിലെ സുസ്ഥിര മത്സ്യബന്ധനം, മത്സ്യകൃഷി, മത്സ്യവിളവെടുപ്പിനു ശേഷമുള്ള കൈകാര്യവും ഗവേഷണവും നിക്ഷേപവും എന്ന വിഷയത്തിലെ പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.


സുസ്ഥിര മത്സ്യബന്ധനവും മത്സ്യകൃഷിയും പോഷകാഹാര ലഭ്യതയും അതിലൂടെ ഭക്ഷ്യസുരക്ഷയും തൊഴിലവസരവും ഉറപ്പു വരുത്തുന്നതായി ചര്‍ച്ചയില്‍ മോഡറേറ്ററായ കേന്ദ്ര ഫിഷറീസ് മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി നീതുകുമാരി പ്രസാദ് പറഞ്ഞു. സുസ്ഥിര മത്സ്യബന്ധന രീതികളിലെ വെല്ലുവിളികളും ആഗോള വിപണിയിലെ സങ്കീര്‍ണതകളും ലഘൂകരിക്കാന്‍ സാധിക്കണം. മാരികള്‍ച്ചര്‍, കേജ് കള്‍ച്ചര്‍, സില്‍വി കള്‍ച്ചര്‍ തുടങ്ങിയവയിലെ ആഗോളനിലവാരത്തിലുള്ള ഗവേഷണവും സാങ്കേതികവിദ്യകളും രാജ്യത്തെ സുസ്ഥിര മത്സ്യബന്ധന മേഖലയ്ക്ക് മുതല്‍ക്കൂട്ടാണ്.


താഴേക്കിടയിലെ മത്സ്യത്തൊഴിലാളികളെ ഡിജിറ്റല്‍ കൊമേഴ്സ് പ്ലാറ്റ് ഫോമുകളിലേക്ക് കൊണ്ടുവരാനാകണം. മത്സ്യങ്ങള്‍ക്കുള്ള ഗുണമേന്‍മയുള്ള തീറ്റ, അടിസ്ഥാന സൗകര്യ വികസനം, വൃത്തിയുള്ള മാര്‍ക്കറ്റുകള്‍ തുടങ്ങിയവയ്ക്കായി നയരൂപകര്‍ത്താക്കളും ശാസ്ത്രജ്ഞരും പൊതുജനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.


കേരളത്തില്‍ നിന്ന് യൂറോപ്യന്‍ യൂണിയനിലേക്ക് 274 മില്യണ്‍ ടണ്‍ സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞ വര്‍ഷം നടന്നതായി നാഷണല്‍ ഫിഷറീസ് ഡവലപ്മെന്‍റ് ബോര്‍ഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസറായ ഡോ. ബിജയ് കുമാര്‍ ബെഹ്റ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിയുടെ 55 ശതമാനവും യൂറോപ്യന്‍ യൂണിയനിലേക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മികച്ച ഗുണനിലവാരമുള്ള മത്സ്യവിത്തുകള്‍ക്കായി യൂറോപ്യന്‍ യൂണിയനിലെ ലബോറട്ടറികളുമായി ചേര്‍ന്ന് കേരളത്തില്‍ ജീനോം എഡിറ്റിംഗ് പദ്ധതി നടപ്പിലാക്കണമെന്ന് മറൈന്‍ പ്രോഡക്ട്സ് ആന്‍റ് ഡവലപ്മെന്‍റ് അതോറിറ്റിയിലെ ഡോ. രാംമോഹന്‍ പറഞ്ഞു. മത്സ്യവിത്തുകള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്കണം. മികച്ച നിലവാരമുള്ള മത്സ്യത്തീറ്റ ലഭ്യമാക്കണം. ബയോസെന്‍സര്‍, ബയോഇലക്ട്രോണിക്സ്, നിര്‍മ്മിത ബുദ്ധി, ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ് തുടങ്ങിയവ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തണം. കേരളത്തില്‍ പുതിയ സ്പീഷീസുകളുടെ വൈവിധ്യവല്ക്കരണം ധാരാളമായുണ്ട്.


യൂറോപ്യന്‍ യൂണിയന്‍റെ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി കടല്‍ പായല്‍ ഭാവിയില്‍ ജൈവഇന്ധനമായി മാറ്റാനാകും. ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക്കുകളും ഇതുപയോഗിച്ച് നിര്‍മ്മിക്കാനാകും. മൂല്യ വര്‍ധിത ഉത്പന്നങ്ങളുടേയും അലങ്കാര മത്സ്യങ്ങളുടേയും കയറ്റുമതിയിലും യൂറോപ്യന്‍ യൂണിയന്‍റെ വിപണി ഉപയോഗിക്കാനുമെന്നും അദ്ദേഹം പറഞ്ഞു.


സുസ്ഥിര മത്സ്യബന്ധനത്തിലും മത്സ്യകൃഷിയിലുമുള്ള കേരളത്തിന്‍റെ പ്രതിബദ്ധതയെക്കുറിച്ച് സംസ്ഥാന ഫിഷറീസ് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അബ്ദുള്‍ നാസര്‍ .ബി സംസാരിച്ചു. സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയില്‍ കേരളം യൂറോപ്പിലേക്കുള്ള വാതിലായി മാറുന്നതായി അദ്ദേഹം പറഞ്ഞു.


ഡാന്‍ഫോസ്-ഇന്ത്യ റീജിയണ്‍ ഇന്‍ഡസ്ട്രിസ് ആന്‍റ് പബ്ലിക് അഫയേഴ്സ്, കമ്മ്യൂണിക്കേഷന്‍ ആന്‍റ് സസ്റ്റെയ്നബിലിറ്റി ഡയറക്ടര്‍ അഞ്ചു മേരി കുരുവിളയും ചര്‍ച്ചയുടെ ഭാഗമായി.

Author
Citizen Journalist

Goutham prakash

No description...

You May Also Like