കുഷ്ഠരോഗ നിർമാർജനം: ആരോഗ്യവകുപ്പിന്റെ ഭവന സന്ദർശനത്തിന് തുടക്കമായി

  • Posted on January 18, 2023
  • News
  • By Fazna
  • 78 Views

കോഴിക്കോട്: കുഷ്ടരോഗ നിർമാർജനത്തിനായി ആരോഗ്യവകുപ്പ് നടത്തുന്ന 'അശ്വമേധം' ഭവന സന്ദർശന പരിപാടിക്ക് ജില്ലയിൽ തുടക്കമായി. തുടർച്ചയായി 14 ദിവസം (ജനുവരി 18 മുതൽ 31 വരെ) ജില്ലയിലെ മുഴുവൻ വീടുകളിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം സർവെ നടത്തും. ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, അങ്കണവാടി വർക്കർമാർ, പഞ്ചായത്ത് പ്രതിനിധികൾ ഉൾപ്പെടെ പരിശീലനം ലഭിച്ച സ്ത്രീ-പുരുഷ വളണ്ടിയർമാരാണ് വീടുകളിൽ സന്ദർശനം നടത്തുക.

200 വീടുകൾ അല്ലെങ്കിൽ 1000 ആളുകളെ ഒരു സംഘം ഒരു ദിവസം സന്ദർശിക്കും. ഇവർ കുഷ്ഠരോഗത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും പ്രാഥമിക പരിശോധന നടത്തുകയും ചെയ്യും. രണ്ട് വയസിനു മുകളിൽ പ്രായമുള്ളവരിലാണ് പരിശോധന നടത്തുന്നത്.

രോഗബാധിതർക്ക് വിദഗ്ധ പരിശോധനയും ചികിത്സയും ലഭ്യമാക്കുമെന്ന് ജില്ലാ ലെപ്രസി ഓഫീസർ ഡോ. മോഹൻദാസ്.ടി പറഞ്ഞു. നേരത്തേ രോഗനിർണ്ണയം നടത്തുന്നതുവഴി കുഷ്ഠരോഗം മൂലമുണ്ടാകുന്ന അംഗവൈകല്യവും രോഗ സങ്കീർണ്ണതകളും ദീർഘ കാല ചികിത്സയും  ഒഴിവാക്കാൻ കഴിയും. ജില്ലയിൽ 2021-22 വർഷത്തിൽ 14 പുതിയ രോഗികളെ കണ്ടെത്തിയിരുന്നു. 

തൊലിപ്പുറത്ത് നിറം മങ്ങിയതും ചുവന്നതുമായ പാടുകൾ, സ്പർശം, ചൂട്, തണുപ്പ്, വേദന എന്നിവ അറിയാതിരിക്കൽ, പരിധീയ നാഡികളിൽ തൊട്ടാൽ വേദന, കൈകാൽ മരവിപ്പ് എന്നിവയാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ. സർക്കാർ ആശുപത്രികളിൽ  കുഷ്ഠരോഗ ചികിത്സ സൗജന്യമാണ്. കൂടാതെ ചികിത്സാ കാലയളവിൽ ബി പി എൽ വിഭാഗത്തിൽ പെട്ടവർക്കും ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്കും പ്രതിമാസം1000 രൂപ വീതം നൽകും.

ഡെപ്യൂട്ടി കലക്ടർ കെ.ഹിമ യുടെ അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ ചേർന്ന ജില്ലാതല കോഡിനേഷൻ കമ്മിറ്റി യോഗത്തിൽ കുഷ്ഠരോഗ നിർമാർജനവുമായി ബന്ധപ്പെട്ട് ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. ജില്ലാ ലെപ്രസി ഓഫീസർ ഡോ മോഹൻദാസ്, അസിസ്റ്റൻറ് ലെപ്രസി ഓഫീസർ സുരേഷ് ടി, ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് ശെൽവ രത്നം പി, ജില്ലാ സാമൂഹ്യനീതി ഓഫീസർ അഷ്റഫ് കാവിൽ, ജില്ലാ എജ്യുക്കേഷൻ ആൻറ് മീഡിയ ഓഫീസർ കെ മുഹമ്മദ് മുസ്‌തഫ, എൻ എച്ച് എം കൺസൾട്ടന്റ് ദിവ്യ സി, എൻ എച്ച് എം ആശാ കോഡിനേറ്റർ ഷൈനു പി സി,എൻ എം എസ് മോഹനൻ കെ.പി തുടങ്ങിയവർ പങ്കെടുത്തു.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like