വനിതാ അണ്ടർ 23 ഏകദിന ടൂർണ്ണമെൻ്റിൽ മേഘാലയയെ 179 റൺസിന് തകർത്ത് കേരളം.

പുതുച്ചേരി :  വനിതാ അണ്ടർ 23 ഏകദിന ടൂർണ്ണമെൻ്റിൽ മേഘാലയക്കെതിരെ തകർപ്പൻ വിജയവുമായി കേരളം. 179 റൺസിനാണ് കേരളം മേഘാലയയെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 263 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയ 84 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തുകയും 66 റൺസെടുക്കുകയും ചെയ്ത ക്യാപ്റ്റൻ നജ്ല സിഎംസിയുടെ പ്രകടനമാണ് കേരളത്തിന് ഉജ്ജ്വല വിജയമൊരുക്കിയത്.


ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ഓപ്പണർമാരായ ദിയ ഗിരീഷും മാളവിക സാബുവും ചേർന്ന് മികച്ച തുടക്കമാണ് നല്കിയത്. ഇരുവരും ചേർന്ന് ഓപ്പണിങ് കൂട്ടുകെട്ടിൽ 70 റൺസ് കൂട്ടിച്ചേർത്തു. 23 റൺസെടുത്ത മാളവിക റണ്ണൌട്ടായെങ്കിലും ദിയ ഗിരീഷ് 62 പന്തുകളിൽ 60 റൺസ് നേടി. തുടർന്നെത്തിയ വൈഷ്ണ 44 റൺസെടുത്തു. വൈഷ്ണ പുറത്തായതോടെ അടുപ്പിച്ച് മൂന്ന് വിക്കറ്റുകൾ നഷ്ടമായെങ്കിലും ക്യാപ്റ്റൻ്റെ ഇന്നിങ്സുമായി കളം നിറഞ്ഞ നജ്ലയുടെ പ്രകടനം കേരളത്തിന് തുണയായി. നജ്ലയ്ക്കൊപ്പം മികച്ച പ്രകടനവുമായി വാലറ്റക്കാരായ അജന്യയും സൂര്യ സുകുമാറും കൂടി ചേർന്നതോടെയാണ് കേരളം 263 റൺസെന്ന മികച്ച സ്കോറിലെത്തിയത്. 83 പന്തുകളിൽ 66 റൺസുമായി നജ്ല പുറത്താകാതെ നിന്നു. അജന്യ 32 പന്തുകളിൽ 29ഉം സൂര്യ സുകുമാർ  14 പന്തുകളിൽ 20 റൺസും നേടി.


മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയയുടെ ബാറ്റിങ് നിരയിൽ ആർക്കും മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല. 22 റൺസെടുത്ത അങ്കിതയും 18 റൺസെടുത്ത സുരിതിയും മാത്രമാണ് രണ്ടക്കം കടന്നത്. നാല് ബാറ്റർമാർ പൂജ്യത്തിന് പുറത്തായി. 38.4 ഓവറിൽ 84 റൺസിന് മേഘാലയ ഓൾ ഔട്ടായി.  അഞ്ച് വിക്കറ്റ് വീഴ്ത്തിയ നജ്ല സിഎംസിയാണ് മേഘാലയ ബാറ്റിങ് നിരയെ തകർത്തത്. മേഘാലയയുടെ രണ്ട് ബാറ്റർമാരെ റണ്ണൌട്ടിലൂടെ പുറത്താക്കിയതും നജ്ല തന്നെ. സൂര്യ സുകുമാർ, നിയ നസ്നീൻ, അലീന എംപി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Author
Citizen Journalist

Goutham Krishna

No description...

You May Also Like