ഇംഗ്ലണ്ടിനെ തകർത്ത് ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തി ടീം ഇന്ത്യ
- Posted on June 28, 2024
- Sports
- By Arpana S Prasad
- 60 Views
സെമിയിൽ ഇംഗ്ലണ്ടിനെ 68 റൺസിന് തകർത്താണ് ഫൈനൽ പ്രവേശനം ഗംഭീരമാക്കിയത്
ഇംഗ്ലണ്ടിനെ തകർത്ത് ടീം ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തി. സെമിയിൽ ഇംഗ്ലണ്ടിനെ 68 റൺസിന് തകർത്താണ് ഫൈനൽ പ്രവേശനം ഗംഭീരമാക്കിയത്. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ, ദക്ഷിണാഫ്രിക്കയെ നേരിടും. ടൂർണമെന്റിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. സ്കോർ– ഇന്ത്യ 20 ഓവറിൽ ഏഴിന് 171. ഇംഗ്ലണ്ട് 16.4 ഓവറിൽ 103. മറുപടി ബാറ്റിങ്ങിൽ സ്പിന്നർമാരായ അക്ഷർ പട്ടേലും കുൽദീപ് യാദവും ചേർന്നാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ വീഴ്ത്തിയത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമയുടെയും സൂര്യകുമാർ യാദവിന്റെയും ഇന്നിങ്സ് മികവിൽ ഏഴിന് 171 റൺസെടുത്തു. വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിനെ 16.4 ഓവറിൽ 103 റൺസിന് ഓൾ ഔട്ട് ആക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കുൽദീപ് യാദവും അക്ഷർ പട്ടേലുമാണ് ഇംഗ്ലണ്ടിനെ തകർത്തത്. ബുംറ രണ്ടു വിക്കറ്റെടുത്തു. അക്ഷർ പട്ടേലാണു കളിയിലെ താരം. മറുപടി ബാറ്റിങ്ങിന്റെ ഒരു ഘട്ടത്തിലും ഇംഗ്ലണ്ടിന് തിരിച്ചുവരവിനു സാധ്യതകളില്ലാത്ത വിധം സ്പിന്നർമാർ വരിഞ്ഞു മുറുക്കുകയായിരുന്നു.
സ്പോർട്സ് ലേഖിക