ടിടിസി വിദ്യാർത്ഥികളുടെ സപ്ലിമെന്ററി പരീക്ഷാ വിജ്ഞാപനം പുറത്തിറങ്ങി
തിരുവനന്തപുരം : ടിടിസി സപ്ലിമെന്ററി (2023) പരീക്ഷയ്ക്കുള്ള വിജ്ഞാപനം പുറത്തിറങ്ങി. വിദ്യാർത്ഥികൾക്ക് ഇന്നുമുതൽ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ നൽകാം. നേരത്തെ വിജയകരമായി ടിടിസി പഠനം പൂർത്തീകരിക്കുവാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്കാണ് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സപ്ലിമെന്ററി പരീക്ഷ നടത്തുന്നത്. പരീക്ഷാ തീയതിയും ടൈം ടേബിളും പിന്നീട് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾ അടങ്ങിയ പരീക്ഷാ വിജ്ഞാപനം https://pareekshabhavan.kerala.gov.in ൽ ലഭ്യമാണ്.
പുതിയ സ്കീമിലെ പരീക്ഷാ വിവരങ്ങൾ.
16/11/2005 ലെ ജി.ഒ.(എം.എസ് 413/05.പൊ.വി. പ്രകാരം 2005-2006 അധ്യയന വർഷം മുതൽ പുതിയ പാഠ്യപദ്ധതി അനുസരിച്ചുള്ള ട്രെയിൻഡ് ടീച്ചേഴ്സ് സർട്ടിഫിക്കറ്റ് കോഴ്സിനെ ആധാരമാക്കിയാണ് പരീക്ഷ നടത്തുന്നത്. ഇതിൽ 3 പാർട്ടുകളായാണ് മൂല്യനിർണ്ണയം നടത്തപ്പെടുന്നത്. പാർട്ട് ഒന്നിൽ 2 പേപ്പറുകളും, പാർട്ട് രണ്ടിൽ 6 പേപ്പറുകളും ആണ് എഴുത്തു പരീക്ഷയ്ക്കുള്ളത്. ഓരോ പേപ്പറിനും ആകെ സ്കോർ 100 വീതം ആയിരിക്കും. പാർട്ട് ഒന്ന്, രണ്ട് എന്നിവയിലെ 8 പേപ്പറുകളിലും ഒന്നാം വർഷവും, രണ്ടാം വർഷവും തുടർ മൂല്യനിർണ്ണയമുണ്ട്. രണ്ടുവർഷത്തെയും സ്കോറിന്റെ ശരാശരിയുടെ ശതമാനം എടുത്താണ് ഓരോ പേപ്പറിനുമുള്ള തുടർ മൂല്യനിർണ്ണയത്തിന്റെ ഗ്രേഡ് നിശ്ചയിക്കുന്നത്. ഇത് അനുസരിച്ച് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് എല്ലാ പാർട്ടുകളിലെയും എല്ലാ പേപ്പറുകൾക്കും കുറഞ്ഞത് സി പ്ലസ് ഗ്രേഡ് എങ്കിലും ലഭിച്ചാൽ മാത്രമേ അദ്ധ്യാപന യോഗ്യത നേടിയതായി പ്രഖ്യാപിക്കപ്പെടുകയുള്ളൂ.
പ്രത്യേക ലേഖിക