ഏത് പ്രതിരോധവും തവിടുപൊടിയാക്കും 'പൊസെയ്ഡൺ'; ആണവശേഷിയുള്ള സമുദ്രാന്തർ ഡ്രോണുമായി റഷ്യ.
- Posted on October 31, 2025
- News
- By Goutham prakash
- 45 Views
ആണവായുധം വഹിക്കാൻ ശേഷിയുള്ള അന്തർവാഹിനി ഡ്രോൺ വികസിപ്പിച്ചെടുത്ത് റഷ്യ. പരീക്ഷണം വിജയകരമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളോഡിമിർ പുട്ടിൻ പ്രഖ്യാപിച്ചു. യുദ്ധത്തിന്റെ രൂപവും ഭാവവും മാറ്റാൻ 'പൊസെയ്ഡൺ' സൂപ്പർ ടോർപിഡോയ്ക്ക് കഴിയുമെന്നാണ് സൈനിക വിദഗ്‌ധരുടെ വിലയിരുത്തൽ. 'ലോകത്ത് ഇത്തരത്തിലൊരു ആയുധം തന്നെ ആദ്യമാണ്. ഇത് വികസിപ്പിച്ചെടുക്കാൻ മാത്രമല്ല, അന്തർവാഹിനിയിൽനിന്ന് തൊടുക്കാനും കഴിഞ്ഞു'വെന്നും പുട്ടിൻ അവകാശപ്പെട്ടു. വേഗതയിലും കൃത്യതയിലും പൊസെയ്ഡണിനെ മറികടക്കാൻ പോന്ന ഒന്നും ഇന്നേവരെ ലോകത്ത് ഉണ്ടായിട്ടില്ലെന്നും റഷ്യൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഗ്രീക്ക് കടൽ ദേവനായ
പൊസെയ്ഡണിന്റെ പേരാണ് ആളില്ലാ
സൂപ്പർടോർപിഡോയ്ക്ക് നൽകിയിട്ടുള്ളത്.
ആണവോർജത്തിലാണ് പൊസെയ്ഡൺ
പ്രവർത്തിക്കുന്നതും. 'ഇതുപോലെ
മറ്റൊന്നുമില്ല. പൊസെയ്ഡണിനെ
പ്രതിരോധിക്കാൻ ഒന്നിനും കഴിയില്ല'
എന്നും പുട്ടിൻ കൂട്ടിച്ചേർത്തു. 10,000
കിലോമീറ്ററാണ് പൊസെയ്‌ഡണിന്റെ
പരിധി. മണിക്കൂറിൽ 185 കിലോമീറ്റർ
വേഗതയിൽ കുതിക്കാനും റഷ്യയുടെ ഈ
സൂപ്പർ ടോർപിഡോയ്ക്ക് കഴിയും.
സമുദ്രാന്തർവാഹിനിയെന്നാണ് പറയുന്നതെങ്കിലും അന്തർവാഹനിയുടെയും ഡ്രോണിന്റെയും കൂടിച്ചേർന്നുള്ള രൂപമാണിതിനുള്ളത്. 20 മീറ്റർ നീളവും 1.8 മീറ്റർ വ്യാസവും 100 ടൺ ഭാരവുമാണ് അമേരിക്കയും സഖ്യകക്ഷികളും കാന്യൻ എന്ന് വിളിക്കുന്ന പൊസെയ്‌ഡണിനുള്ളത്. രണ്ട് മെഗാടൺ വരെ ആണവ പോർമുന വഹിക്കാൻ പൊസെയ്‌ഡണിന് ശേഷിയുണ്ട്.
ആണവോർജത്തിൽ പ്രവർത്തിക്കുന്ന ആണവ ശേഷിയുള്ള ബ്യൂറെവെസ്റ്റ്നിക് ക്രൂയിസ് മിസൈൽ കഴിഞ്ഞ ദിവസം റഷ്യ വിജയകരമായി പരീക്ഷിച്ചിരുന്നു. ആണവോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ മിസൈലിന് പരിധിയില്ലാതെ പറക്കാൻ കഴിയുമെന്നാണ് റഷ്യയുടെ അവകാശപ്പെടുന്നത്. യുക്രെയ്ൻ യുദ്ധത്തിൽ യുഎസ് പ്രസിഡൻ്റ് കടുത്ത സമ്മർദവും ഭീഷണിയും തുടരുന്നതിനിടെയാണ് ആണവശേഷിയും ആയുധക്കരുത്തും കാട്ടിയുള്ള പുട്ടിന്റെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.
