ബിനാലെയിലെ 'സ്‌പെക്ടേഴ്‌സ് ആൻഡ് ദി സീ': ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ
കൊച്ചി: ബിനാലെയുടെ ഭാഗമായി ഒരുക്കിയ 'സ്‌പെക്ടേഴ്‌സ് ആൻഡ് ദി സീ' മുസിരിസ് പൈതൃക പുരാവസ്‌തു പ്രദർശനം കാണാനെത്തുന്നവരെ വരവേൽക്കുന്നത് ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ. വിശേഷാൽ പ്രദർശനം ചരിത്രത്തിലൂന്നിയ അവബോധവും കൗതുകവും പകരുമ്പോൾ തന്നെ വിസ്‌മയിപ്പിക്കുകയും ചെയ്യുന്നു. പ്രാചീന മുസിരിസ് തുറമുഖവും അതോടനുബന്ധിച്ച് നിലകൊണ്ട ചെറുതും വലുതുമായ വിവിധ തുറമുഖ നഗരങ്ങളും ഇന്ത്യാമഹാസമുദ്രത്തിനപ്പുറം വിവിധ രാജ്യങ്ങളുമായി നൂറ്റാണ്ടുകൾക്ക് മുമ്പേ വാണിജ്യബന്ധം പുലർത്തിയതിന്റെ ശാസ്ത്രീയ അടിത്തറയുള്ള തെളിവുകൾ ഇവിടെ നേരിട്ടറിയാം.
പുരാവസ്‌തു പ്രദർശനത്തിന് രണ്ടു തലങ്ങൾ ഉണ്ട്. മുസിരിസിന്റെ ഭാഗമായ പറവൂർ പട്ടണത്തുനിന്നു ഉൽഖനനത്തിൽ ലഭിച്ച വസ്‌തുക്കൾ എങ്ങനെയാണ് ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നത് അതിലൊന്ന്. ഉൽഖനനം ചെയ്‌ത സമയത്തെ ഡോക്യൂമെന്റേഷൻ രണ്ടാമത്തേത്. ദ്രവ - ഖര പദാർത്ഥങ്ങൾ സംഭരിക്കാനും കൊണ്ടുപോകാനും ഉപയോഗിച്ചിരുന്ന പുരാതന റോമൻ സാമ്രാജ്യത്തിന്റെ മുദ്രയായ വിവിധതരം ജാറകൾ, ഇടുങ്ങിയ കഴുത്തോടുകൂടിയ വൈൻ ജാറകൾ, കൂജകൾ, വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന പാത്രങ്ങളും ശേഷിപ്പുകളും, കൂജ, ജാർ, ഗ്ലെയ്‌സ്ഡ് ഉൾപ്പെടെ വിവിധതരം ടൈലുകൾ, നാണയങ്ങൾ, പീരങ്കിയുണ്ടകളും കൈത്തോക്ക് തിരകളും ഉൾപ്പെടെ ആയുധങ്ങൾ, ലോഹ സാമഗ്രികൾ, ചുടുകട്ടകൾ, ആഭരണ ഭാഗങ്ങൾ, മുത്തുമണികൾ ....... എന്നിവയെല്ലാം വിശദീകരണം സഹിതം പ്രദർശനത്തിലുണ്ട്. ഇവ പുരാവസ്‌തു വകുപ്പിന്റെയും കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെയും പ്രത്യേക അനുമതിയോടെയാണ് ബിനാലെയിൽ എത്തിച്ചത്.
ബിനാലെ ഫൗണ്ടേഷൻ, മുസിരിസ് പൈതൃക പദ്ധതിയുടെ സഹകരണത്തോടെ ഒരുക്കിയ പ്രദർശനത്തിന്റെ ക്യൂറേറ്റർ ബിനാലെ ക്യൂറേറ്ററായ ഷുബിഗി റാവു തന്നെയാണെന്ന് പദ്ധതി ഡയറക്‌ടർ ഡോ മനോജ് കുമാർ കിനി വ്യക്തമാക്കി. ബിനാലെയുടെ കേന്ദ്ര ആശയങ്ങളിൽ ഒന്ന് കൊച്ചിയുടെ ചരിത്രമാണ്. മുസിരിസിന്റെ സ്ഥാനം മാറിയതാണ് കൊച്ചി. ബിനാലെയുടെ മർമ്മ പ്രമേയങ്ങളിലൊന്നാണെങ്കിലും ആദ്യ പതിപ്പിൽ ഒഴിച്ച് പിന്നീട് പലതിലും പലകാരണങ്ങളാലും മുസിരിസിന് ക്രിയാത്‌മക പങ്കാളിത്തം ഉണ്ടായില്ല. ആ പോരായ്‌മപാടെ പരിഹരിക്കുകയാണ് ഇത്തവണ 'സ്‌പെക്ടേഴ്‌സ് ആൻഡ് ദി സീ' പ്രദർശനത്തിലൂടെയെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് എന്നാൽ 200 ചതുരശ്ര കിലോമീറ്റർ വരുന്ന വിശാല പ്രദേശമാണ്. അതിൽ ഉൾച്ചേർന്ന പ്രത്യക്ഷവും പരോക്ഷവുമായ ആസ്‌തിയും മുതലുമെല്ലാം ചരിത്രവുമായി ബന്ധപ്പെട്ടതാണ്. അതിൽ പൈതൃകമായ നിർമ്മിതികളും സംസ്‌കാരവും സംഗീതവും ചിത്രകലയും ഭക്ഷണവുമെല്ലാം ഉൾപ്പെടുന്നു. ഇതിനെയെല്ലാം നവീകരിക്കുകയെന്നതാണ് മുസിരിസ് പൈതൃക പദ്ധതിയുടെ ലഷ്യം. ഈ പദ്ധതിക്ക് അന്താരാഷ്ട്ര തലമാനവും സമ്മതിയും ശ്രദ്ധയും കൂടുതൽ ലഭ്യമാക്കാൻ ബിനാലെയിലെ മുസിരിസ് പൈതൃക പുരാവസ്‌തു പ്രദർശനത്തിലൂടെ കഴിയും. മതിയായ ഫണ്ടിന്റെ അപര്യാപ്‌തതയും സുരക്ഷാ കാരണങ്ങളും മൂലമാണ് പ്രദർശനം ദീർഘകാലാടിസ്ഥാനത്തിൽ നടത്താനാകാതിരുന്നതെന്നും മനോജ്കുമാർ കിനി വിശദീകരിച്ചു.
ഫോർട്ടുകൊച്ചി അസോറ ഹോട്ടൽ, കാശി ആർട്ട് കഫെ എന്നിവിടങ്ങളിലാണ് മുസിരിസ് പൈതൃക പദ്ധതി പ്രദർശന പവിലിയനുകൾ. ബിനാലെ അവസാനിക്കുന്ന ഏപ്രിൽ പത്തുവരെ രാവിലെ പത്തുമുതൽ വൈകിട്ട് ഏഴുവരെയാണ് പ്രദർശനം. കാശി ആർട്ട് കഫെയിൽ ഈ മാസം ആറുമുതൽ ആണ് പ്രവേശനം.