കേരള സ്‌കൂൾ കായികമേള തീം സോംഗ് പുറത്തിറക്കി.



സ്വന്തം ലേഖകൻ.


ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന കേരള സ്‌കൂൾ കായികമേളയിൽ ആദ്യമായി തീം സോംഗ് പുറത്തിറക്കി. സ്‌കൂൾ കായിക മേള ചരിത്രത്തിൽ ആദ്യമായി പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ  ഗാനരചനയും സംഗീത സംവിധാനവും ഗാനാലാപനവും നിർവ്വഹിച്ച്  തീം സോംഗ് പുറത്തിറക്കുന്നു എന്ന സവിശേഷതയും ഇത്തവണയുണ്ട്. തിരുവനന്തപുരത്ത് പിആർ ചേംബറിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവകുട്ടിയാണ് തീം സോങ് പുറത്തിറക്കിയത്. പടുത്തുയർത്താം കായിക ലഹരി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പാലക്കാട് പൊറ്റശ്ശേരി ഗവൺമെന്റ് ഹയർ  സെക്കൻഡറി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി പ്രഫുൽദാസ് വി ആണ്.

കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ശിവങ്കരി പി തങ്കച്ചി ആണ് സംഗീത സംവിധാനം നിർവഹിച്ചത്. കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളായ ശിവങ്കരി പി തങ്കച്ചി, നവമി ആർ വിഷ്ണു, അനഘ എസ് നായർ, ലയ വില്യം, കീർത്തന എ.പി, തൈക്കാട് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളായ നന്ദകിഷോർ കെ.ആർ, ഹരീഷ്.പി, അഥിത്ത്.ആർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്. കൈറ്റ് വിക്ടേഴ്‌സ് വീഡിയോ പ്രൊഡക്ഷൻ ചെയ്ത ഗാനത്തിന്റെ ഗിറ്റാർ സുരേഷ് പരമേശ്വറും കീബോർഡ് ആന്റ് മിക്സിംഗ് രാജീവ് ശിവയുമാണ് നിർവഹിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്‌.കെ ഉമേഷ്, ഐ.ബി സതീഷ് എംഎൽഎ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ ഗാനം ഒരുക്കിയ വിദ്യാർത്ഥികളെ മന്ത്രി പ്രത്യേകം അനുമോദിച്ചു.         

സംസ്ഥാന സ്‌കൂൾ കായികമേളയുടെ കൈപ്പുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്തു. വിവിധ മത്സര കാറ്റഗറികൾ, കേരള സ്‌കൂൾ കായികമേള അത്‌ലറ്റിക്‌സ് മീറ്റ് റെക്കോർഡുകൾ, നീന്തൽ മീറ്റ് റെക്കോർഡുകൾ, ഓഡർ ഓഫ് ഈവന്റ്‌സ് നീന്തൽ, വിവിധ സബ് കമ്മിറ്റികളും ചുമതലകളും, കേരള സ്‌കൂൾ കായികമേള കലണ്ടർ തുടങ്ങിയവയാണ് കൈപ്പുസ്തകത്തിൻറെ ഉള്ളടക്കം.

രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ച കഴിഞ്ഞ തവണത്തെ കൊച്ചി കായികമേളയുടെ ഡോക്യുമെന്റും ചടങ്ങിൽ പ്രകാശനം ചെയ്തു. മേളയുടെ സംഘാടനം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഈ സമഗ്രമായ ഡോക്യുമെന്റ് നാളെയുടെ പൊതുവിദ്യാഭ്യാസ മേഖലയുടെ കായിക മത്സരങ്ങളുടെ നടത്തിപ്പിന് മുതൽക്കൂട്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി അഭിപ്രായപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും വിദ്യാഭ്യാസ മന്ത്രാലയവും മേളയുടെ വിജയകരമായ നടത്തിപ്പിനെ പ്രശംസിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Author
Citizen Journalist

Goutham prakash

No description...

You May Also Like