പുൽപ്പള്ളി ഗതാഗത കുരുക്കിൽ

വയനാട് ജില്ലയിലെ പുൽപ്പള്ളി ഇപ്പോൾ വികസനത്തിന്റെ പാതയിലാണ്. എന്നാൽ അതിൽ ശ്രദ്ധേയമായ ഒരു കാര്യം ഉണ്ട്. ടൗണിൽ ബസ് സ്റ്റാൻഡ് പരിസരത്താണ് പോലീസിന്റെ സഹായത്തോടെ ട്രാഫിക് നിയന്ത്രിക്കുന്നത്. മറ്റു സ്ഥലങ്ങളിൽ പോലീസ് ഇല്ലാതിരുന്നിട്ടു കൂടി ഒരിടത്തും ഒരു അപകടവും ഇല്ല എന്നത് വളരെ ശ്രദ്ധേയമായ കാര്യം ആണ്. അപ്പോൾ ടൗണിൽ അപകട കാരണമായിരുന്നത് അശാസ്ത്രീയമായ പാർക്കിംഗ് മാത്രം ആണ്. വയനാട്ടിൽ തലങ്ങും വിലങ്ങും വണ്ടികൾ പാർക്ക് ചെയ്ത് ഗതാഗതക്കുരുക്കും അപകടങ്ങളും വരുത്തിവയ്ക്കുന്ന ഒരേയൊരു ടൗൺ പുൽപ്പള്ളി മാത്രമായിരിക്കും. ടൗണിൽ നിന്നും പ്രധാനമായുള്ള കാപ്പിസെറ്റ് റോഡ്, ആനപ്പാറ റോഡ്, മുള്ളൻ കൊല്ലി റോഡ്, താഴെയങ്ങാടിയിലേക്കുള്ള റോഡ് ഇവയിലെല്ലാം തന്നെ അധികൃതർക്ക് പാർക്കിംഗ് ഏരിയ കണ്ടെത്തി ജനങ്ങൾക്ക് ഫല പ്രദമായ രീതിയിൽ ഉപയോഗപ്പെടുത്തി റോഡിലെ പാർക്കിംഗ് പൂർണ്ണമായും ഒഴിവാക്കാവുന്നതാണ്. മാർക്കറ്റ് പരിസരത്തേക്ക് ശ്രദ്ധിച്ചാൽ ചിലപ്പോൾ അടിയന്തിര വാഹനങ്ങളെ പോലും കടത്തിവിടാത്ത അവസ്ഥ കാണാം. ടൗൺ വികസനത്തിൽ പാർക്കിംഗിന് ഒരു മുഖ്യ പങ്ക് അധികൃതർ നല്കേണ്ടതാണെന്ന് ജനങ്ങൾ അഭിപ്രായപ്പെടുന്നു.