സ്കൂൾ വിദ്യാഭ്യാസം ആഗോള നിലവാരത്തിലേക്ക് – മന്ത്രി വി. ശിവൻകുട്ടി
- Posted on August 26, 2025
- News
- By Goutham prakash
- 51 Views

സി.ഡി. സുനീഷ്
ചാലക്കുടി മണ്ഡലത്തിലെ മൂന്ന് സ്കൂളുകളിലെ പുതിയ കെട്ടിടങ്ങൾ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സനീഷ് കുമാർ ജോസഫ് എംഎൽഎ അധ്യക്ഷനായി.
പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുക എന്നത് വെറുമൊരു സ്വപ്നമല്ല ലക്ഷ്യമാണെന്നും അത് കൈവരിക്കാൻ ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അതുകൊണ്ടാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്കൂളുകളുടെ മുഖച്ഛായ മാറ്റി എഴുതാൻ സർക്കാർ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ക്ലാസ് മുറികൾ ഹൈടെക് ആക്കി, ലൈബ്രറികൾ മെച്ചപ്പെടുത്തി, ലബോറട്ടറികൾ നവീകരിച്ചും സ്കൂൾ കെട്ടിടങ്ങൾ കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാക്കി. ഇത് കുട്ടികളുടെ മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാങ്കേതികവിദ്യയും പുതിയ അറിവും നമ്മുടെ സ്കൂളുകളിലേക്ക് എത്തിച്ചുകൊണ്ട് മാറുന്ന ലോകത്തിനനുസരിച്ച് കുട്ടികളെ പ്രാപ്തരാക്കുകയാണെന്നും ചാലക്കുടി മണ്ഡലത്തിൽ 50 കോടിയുടെ പ്രോജക്റ്റ് പൂർത്തീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പൊതു വിദ്യാഭ്യാസ വകുപ്പ് 2022-23 വർഷത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 150 ലക്ഷം രൂപ ചെലവഴിച്ചാണ് ഗവ. ട്രൈബൽ സ്കൂൾ രണ്ടുകൈ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. രണ്ടുനിലകളിലായി 568 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടമാണ് പണിതിരിക്കുന്നത്. താഴത്തെ നിലയിൽ മൂന്ന് ക്ലാസ് റൂം, സ്റ്റാഫ് ആൻഡ് ഹെഡ്മിസ്ട്രസ് റൂം, രണ്ട് ടോയ്ലറ്റ്, സ്റ്റേജ്, ഗ്രീൻ റൂം എന്നിവയും രണ്ടാം നിലയിൽ നാല് ക്ലാസ് റൂം, ലാബ്, ലൈബ്രറി റൂം, സ്റ്റെയർ റൂം, വരാന്ത, റാംപ് എന്നിവയും ഒരുക്കിയിട്ടുണ്ട്.
രണ്ടുകൈ ഗവ. ട്രൈബൽ സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിൻസ് മുഖ്യാതിഥിയായി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ നിമേഷ് പുഷ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു. കോടശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജയിംസ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, കോടശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനന്ദ നാരായണൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോഫിൻ ഫ്രാൻസിസ്, ക്ഷേമകാര്യ ശ്രേണി കമ്മിറ്റി ചെയർമാൻ കെ.കെ. സരസ്വതി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. ജോർജ്, തൃശ്ശൂർ ജില്ല ഉപവിദ്യാഭ്യാസ ഡയറക്ടർ പി.എം. ബാലകൃഷ്ണൻ, പ്രധാന അധ്യാപിക എൻ.ടി. നമിത, പഞ്ചായത്ത് മെമ്പർമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
പൊതു വിദ്യാഭ്യാസ വകുപ്പ് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 330 ലക്ഷം രൂപ ചെലവഴിച്ചാണ് ചാലക്കുടി ഗവ. വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. മൂന്നു നിലകളിലായി 1132.82 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. താഴത്തെ നിലയിൽ സ്റ്റാഫ് റൂം, രണ്ട് ക്ലാസ് റൂം, ഐടി ലാബ്, സിക്ക് റൂം, ബോയ്സ് ടോയ്ലറ്റുകൾ, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ്, റാംപ്, ലിഫ്റ്റ് വെൽ എന്നിവയും ഒന്നാം നിലയിൽ പ്രിൻസിപ്പാൾ റൂം, രണ്ട് ക്ലാസ് റൂം, രണ്ട് വൊക്കേഷൻ ലാബ്, കൗൺസലിംഗ് റൂം, ഗേൾസ് ടോയ്ലറ്റുകൾ, സ്റ്റെയർകെയ്സ് റൂം എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഗവ. വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പിഡബ്ല്യുഡി സൂപ്രണ്ട് എൻജിനീയർ അനിതകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. തൃശ്ശൂർ വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടർ പി. നവീന, നഗരസഭാ ചെയർപേഴ്സൺ ഷിബു വാലപ്പൻ, വൈസ് ചെയർപേഴ്സൺ സി. ശ്രീദേവി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എം. അനിൽകുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. പോൾ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രീതി ബാബു, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദീപു ദിനേശ്, പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആനി പോൾ, പ്രിൻസിപ്പാൾ ഇ.എം. ബിന്ദു എന്നിവർ പങ്കെടുത്തു.
പൊതു വിദ്യാഭ്യാസ വകുപ്പ് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 200 ലക്ഷം രൂപ ചെലവഴിച്ചാണ് വി.ആർ.പുരം ഗവ. ഹൈസ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. മൂന്നു നിലകളിലായി 823.76 ചതുരശ്ര മീറ്റർ വിസ്തീർണ്ണമാണ്. താഴത്തെ നിലയിൽ രണ്ട് ക്ലാസ് റൂം, സ്റ്റാഫ് റൂം, ഓഫീസ് റൂം, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ്, ഗേൾസ് ടോയ്ലറ്റുകൾ എന്നിവയും രണ്ടാം നിലയിൽ നാല് ക്ലാസ് റൂം, ബോയ്സ് ടോയ്ലറ്റുകൾ, സ്റ്റെയർ, വരാന്ത, റാംപ് എന്നിവയും ഒരുക്കിയിട്ടുണ്ട്.
പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ നിമേഷ് പുഷ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ ഷിബു വാലപ്പൻ, വൈസ് ചെയർപേഴ്സൺ സി. ശ്രീദേവി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എം. അനിൽകുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. പോൾ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രീതി ബാബു, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദീപു ദിനേശ്, പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആനി പോൾ, പ്രധാനധ്യാപിക എസ് ബിജി, എന്നിവർ പങ്കെടുത്തു.